Wednesday, October 27, 2021

സൺറൈസേഴ്സ് ഹൈദരാബാദിനെ ആറുവിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Must Read

സൺറൈസേഴ്സ് ഹൈദരാബാദിനെ ആറുവിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൺറൈസേഴ്സ് ഉയർത്തിയ 116 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ട് പന്തുകൾ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 115. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 19.4 ഓവറിൽ നാലിന് 119.

ഈ വിജയത്തോടെ കൊൽക്കത്ത പ്ലേ ഓഫിലേക്ക് ഒരുപടികൂടി അടുത്തു. 13 മത്സരങ്ങളിൽ നിന്ന് 12 പോയന്റാണ് കൊൽക്കത്തയ്ക്കുള്ളത്. ശുഭ്മാൻ ഗില്ലിന്റെ അർധശതകമാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. ചുരുങ്ങിയ സ്കോറിന് സൺറൈസേഴ്സിനെ തളച്ച കൊൽക്കത്ത ബൗളർമാരും ഈ വിജയത്തിൽ നിർണായകമായി. കൊൽക്കത്തയെ വിറപ്പിച്ച ശേഷമാണ് സൺറൈസേഴ്സ് കീഴടങ്ങിയത്.

116 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. സ്കോർ 23-ൽ നിൽക്കേ ഓപ്പണർ വെങ്കടേഷ് അയ്യരെ പുറത്താക്കി ജേസൺ ഹോൾഡർ കൊൽക്കത്തയുടെ ആദ്യ വിക്കറ്റെടുത്തു. അനാവശ്യ ഷോട്ടിന് ശ്രമിച്ച അയ്യരെ വില്യംസൺ ക്യാച്ചെടുത്ത് പുറത്താക്കി. വെറും എട്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ വന്ന രാഹുൽ ത്രിപാഠിയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും ഏഴുറൺസെടുത്ത താരത്തെ റാഷിദ് ഖാൻ അഭിഷേക് ശർമയുടെ കൈയ്യിലെത്തിച്ചു. ഇതോടെ കൊൽക്കത്ത അപകടം മണത്തു.

രാഹുലിന് പകരം ക്രീസിലെത്തിയ നിതീഷ് റാണ റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇതോടെ റൺറേറ്റ് കുത്തനെ കുറഞ്ഞു. ആദ്യ പത്തോവറിൽ കൊൽക്കത്തയ്ക്ക് വെറും 44 റൺസ് മാത്രമാണ് നേടാനായത്.

പിന്നാലെ സ്കോറിങ്ങിന്റെ വേഗം കൂട്ടിക്കൊണ്ട് ശുഭ്മാൻ ഗിൽ കൊൽക്കത്തയെ മുന്നിൽ നിന്ന് നയിച്ചു. പിന്നാലെ താരം ഐ.പി.എല്ലിലെ തന്റെ എട്ടാം അർധശതകവും കുറിച്ചു. 44 പന്തുകളിൽ നിന്നാണ് ഗിൽ അർധശതകം നേടിയത്. നിതീഷ് റാണയും പതിയേ ഫോമിലേക്കുയർന്നതോടെ കൊൽക്കത്ത വിജയപ്രതീക്ഷ തിരിച്ചുപിടിച്ചു. റാണയും ഗില്ലും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

എന്നാൽ ടീം സ്കോർ 93-ൽ നിൽക്കേ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമായി. 51 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറികളുടെ സഹായത്തോടെ 57 റൺസെടുത്ത താരത്തെ സിദ്ധാർഥ് കൗൾ ജേസൺ ഹോൾഡറുടെ കൈയ്യിലെത്തിച്ചു.

ഗില്ലിന് പകരം ദിനേശ് കാർത്തിക് ക്രീസിലെത്തി. അവസാന മൂന്നോവറിൽ 18 റൺസായിരുന്നു കൊൽക്കത്തയുടെ വിജയലക്ഷ്യം. ഹോൾഡർ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ കാർത്തിക് നേടിയ സിംഗിളിലൂടെ കൊൽക്കത്ത ടീം സ്കോർ 100 കടന്നു. ആ ഓവറിൽ കൊൽക്കത്ത ഏഴ് റൺസ് നേടിയെങ്കിലും നിതീഷ് റാണയുടെ വിക്കറ്റ് നഷ്ടമായി. 33 പന്തുകളിൽ നിന്ന് 25 റൺസെടുത്ത റാണയെ ഹോൾഡർ വിക്കറ്റ് കീപ്പർ സാഹയുടെ കൈയ്യിലെത്തിച്ചു.

അവസാന രണ്ടോവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം പത്തായി മാറി. റാണയ്ക്ക് പകരം നായകൻ മോർഗൻ ക്രീസിലെത്തി. ഭുവനേശ്വർ കുമാർ ചെയ്ത 19-ാം ഓവറിൽ ഏഴ് റൺസ് പിറന്നു. ഇതോടെ അവസാന ഓവറിൽ കൊൽക്കത്തയുടെ ലക്ഷ്യം വെറും മൂന്ന് റൺസായി ചുരുങ്ങി. സിദ്ധാർഥ് കൗൾ ചെയ്ത അവസാന ഓവറിൽ രണ്ട് പന്തുകൾ ശേഷിക്കേ മോർഗനും കാർത്തിക്കും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. കാർത്തിക് 18 റൺസും മോർഗൻ രണ്ട് റൺസും നേടി പുറത്താവാതെ നിന്നു. കാർത്തിക് ഈ മത്സരത്തിലെ പ്രകടനത്തോടെ ഐ.പി.എല്ലിൽ 4000 റൺസ് എന്ന നാഴികക്കല്ല് മറികടന്നു.

സൺറൈസേഴ്സിന് വേണ്ടി ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ സിദ്ധാർഥ് കൗൾ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 115 റൺസ് മാത്രമാണ് നേടാനായത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത കൊൽക്കത്ത ബൗളിങ് നിര സൺറൈസേഴ്സ് ബാറ്റർമാരെ വട്ടം കറക്കി.

26 റൺസെടുത്ത കെയ്ൻ വില്യംസണും 25 റൺസ് നേടിയ അബ്ദുൾ സമദും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പിടിച്ചുനിന്നത്. അഞ്ച് ബാറ്റർമാർ രണ്ടക്കം പോലും കണ്ടില്ല.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച സൺറൈസേഴ്സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം പന്തിൽ തന്നെ ഓപ്പണറായ വൃദ്ധിമാൻ സാഹയെ വിക്കറ്റിനുമുന്നിൽ കുടുക്കി ടിം സൗത്തി കൊൽക്കത്തയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. ഗോൾഡൻ ഡക്കായാണ് സാഹ മടങ്ങിയത്.

പിന്നാലെ മറ്റൊരു ഓപ്പണറായ ജേസൺ റോയിയെ മടക്കി ശിവം മാവി സൺറൈസേഴ്സിന്റെ രണ്ടാം വിക്കറ്റ് പിഴുതെടുത്തു. 13 പന്തുകളിൽ നിന്ന് 10 റൺസെടുത്ത റോയിയെ മാവി സൗത്തിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സൺറൈസേഴ്സ് 16 റൺസിന് രണ്ട് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. പിന്നാലെ വന്ന വില്യംസൺ നന്നായി കളിച്ചതോടെ വലിയ തകർച്ചയിൽ നിന്ന് സൺറൈസേഴ്സ് കരകയറി. ബാറ്റിങ് പവർപ്ലേയിൽ സൺറൈസേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തു.

എന്നാൽ ഏഴാം ഓവറിൽ വില്യംസൺ റൺ ഔട്ടായത് സൺറൈസേഴ്സിന് തിരിച്ചടി സമ്മാനിച്ചു. 21 പന്തുകളിൽ നിന്ന് 26 റൺസെടുത്ത വില്യംസണെ ഷാക്കിബ് അൽ ഹസ്സനാണ് മടക്കിയത്. ഇതോടെ സൺറൈസേഴ്സ് 38 റൺസിന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.

പിന്നാലെ വന്ന യുവതാരം അഭിഷേക് ശർമയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഷാക്കിബിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച താരത്തെ ദിനേശ് കാർത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. വെറും ആറുറൺസ് മാത്രമാണ് താരത്തിന് നേടാനായത്.

പിന്നീട് ക്രീസിലൊന്നിച്ച പ്രിയം ഗാർഗും അബ്ദുൾ സമദും ചേർന്ന് ടീം സ്കോർ 70 കടത്തി. സൺറൈസേഴ്സ് കരകയറുമെന്ന് തോന്നിച്ചെങ്കിലും കൃത്യസമയത്ത് പ്രിയം ഗാർഗിനെ വീഴ്ത്തി വരുൺ ചക്രവർത്തി കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. 21 റൺസെടുത്ത ഗാർഗ് സിക്സടിക്കാൻ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിൽ നിന്ന് പന്ത് രാഹുൽ ത്രിപാഠി കൈയ്യിലൊതുക്കി.

ഗാർഗിന് പകരം ക്രീസിലെത്തിയ ഓൾറൗണ്ടർ ജേസൺ ഹോൾഡർക്കും പിടിച്ചുനിൽക്കാനായില്ല. രണ്ട് റൺസ് മാത്രമെടുത്ത താരത്തെ വരുൺ ചക്രവർത്തി പുറത്താക്കി. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും തളരാതെ പിടിച്ചുനിന്ന സമദ് സ്കോർ ഉയർത്താൻ ശ്രമിച്ചു.

എന്നാൽ 18 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെ അകമ്പടിയോടെ 25 റൺസെടുത്ത സമദിനെ പുറത്താക്കി സൗത്തി സൺറൈസേഴ്സിനെ തകർത്തു. സമദിന് പുറകേവന്ന റാഷിദ് ഖാനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വെറും എട്ട് റൺസ് മാത്രമെടുത്ത താരത്തെ ശിവം മാവി പുറത്താക്കി. ഏഴ് റൺസ് വീതമെടുത്ത ഭുവനേശ്വർ കുമാറും സിദ്ധാർഥ് കൗളും പുറത്താവാതെ നിന്നു.

കൊൽക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷാക്കിബ് അൽ ഹസ്സൻ ഒരു വിക്കറ്റ് സ്വന്തമാക്കി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News