കൊച്ചി മെട്രോ പാലത്തിന് ചെരിവുണ്ട്, കാരണമറിയാന്‍ പരിശോധന നടത്തണം: ഇ ശ്രീധരന്‍

0

കൊച്ചി: മെട്രോ പാലത്തിന്  ചെരിവുണ്ടെന്ന് ഡിഎംആര്‍സിയുടെ  മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്‍ . പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഈജിസ് പ്രസിനിധികള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പാലം സന്ദര്‍ശിച്ചത്. സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു ശ്രീധരന്റെ പ്രസ്താവന. ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ഫലം കാത്തുനില്‍ക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിലവിലെ പൈലിങ്ങിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം സംഭവിച്ചോ എന്നും പൈലിങ് ഉറച്ച് നില്‍ക്കുന്നുണ്ടോ എന്നറിയാനുമാണ് അള്‍ട്രോ സോണിക് പരിശോധന നടത്തുന്നത്. നിലവില്‍ പൈലിനും പൈല്‍ ക്യാപ്പിനും കേടില്ല. എന്നാല്‍ നേരിയ ചെരിവ് കാരണം പാളത്തിന്റെ അലൈന്‍മെന്റിലും നേരിയ വ്യതിയാനമുണ്ട്. നിലവിലെ സാഹചര്യം അപകടകരമല്ലെന്നും സര്‍വീസ് നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ കനത്ത മഴകാരണം മണ്ണിന്റെ ഘടനയില്‍ മാറ്റമോ അല്ലെങ്കില്‍ സോയില്‍പൈപ്പിങ് ഉണ്ടായോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നിര്‍മിച്ച ഡിഎംആര്‍സിയുടെ മുഖ്യ ഉപദേശകനായിരുന്നു ഇ ശ്രീധരന്‍. 

തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിനു സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിച്ചത്. കെഎംആര്‍എല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്റ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്. തകരാര്‍ ഗുരുതരമല്ലാത്തതിനാല്‍ മെട്രോ സര്‍വീസിന് നിലവില്‍ തടസമില്ല. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റര്‍ ദൂരത്തേക്ക് കൂടി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്. പുതിയ പാതയില്‍ സര്‍വീസ് തുടങ്ങുമ്പോള്‍ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും.

രണ്ട് വര്‍ഷവും മൂന്ന് മാസവുമെടുത്താണ് രാജനഗരിയിലേക്കുള്ള പുതിയ പാതയുടെ നിര്‍മ്മാണം കെ എം ആര്‍ എല്‍ പൂര്‍ത്തിയാക്കിയത്. പാത കമ്മീഷന്‍ ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടമാണ് നടത്തിയത്. പേട്ട, മുതല്‍ വടക്കേക്കോട്ടവരെയും വടക്കേകോട്ടയില്‍ നിന്ന് എസ് എന്‍ ജംഗ്ഷന്‍വരെയും 1.8 കിലോമീറ്റര്‍ നീളുന്നതാണ് പാത. കൊച്ചി മെട്രോയിലെ വൈഗ ട്രെയിന്‍ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പേട്ടയില്‍ നിന്ന് ടെയിന്‍ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫിസിക്കല്‍ പരിശോധന നടത്തി. തുടര്‍ന്നാണ് രണ്ട് ട്രാക്കുകളിലൂടെയും മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗതയില്‍ മെട്രോ ട്രെയിന്‍ ഓടിച്ചത്.

പുതിയ രണ്ട് സ്റ്റേഷനുകളിലും പത്ത് ശതമാനത്തിലേറെ ജോലി ഇനി പൂര്‍ത്തിയാകാനുണ്ട്. ഇത് കഴിയുന്നതോടെ പുതിയ പാത ഗതാഗതത്തിന് തുറക്കും. നിലവില്‍ 25.16 കിലോമീറ്ററില്‍ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. പുതിയപാത വരുമ്പോള്‍ സ്റ്റേഷനുകള്‍ 24 ആകും. ഇനി എസ്.എന്‍ ജംഗഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൂടി പാത നീട്ടും. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
 

Leave a Reply