Tuesday, June 22, 2021

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡിൽ മാറ്റം;
വി.ജെ കുര്യൻ പടിയിറങ്ങുന്നു; സിയാൽ എംഡിയായി എറണാകുളം ജില്ല കലക്ടർ എസ്.സുഹാസിനെ തെരഞ്ഞെടുത്തു

Must Read

കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) കമ്പനി ഡയറക്ടർ ബോർഡിൽ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സിയാൽ ചെയർമാൻ. വ്യവസായ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ.രാജൻ, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവരെയാണ് പുതിയ സിയാൽ ഡയറക്ടർ ബോർഡിൽ തെരഞ്ഞെടുത്തു.സിയാൽ എംഡിയായി എറണാകുളം ജില്ല കലക്ടർ എസ്.സുഹാസിനെ തെരഞ്ഞെടുത്തു. മുൻ എംഡിയായിരുന്ന വി.ജെ കുര്യൻ വിരമിക്കുന്നതിനെ തുടർന്നാണ് ഈ സ്ഥാനത്തേക്ക് കലക്ടർ എസ്.സുഹാസിനെ നിയമിച്ചത്.

നിയോഗം പൂർത്തിയാക്കി വട്ടവയലിൽ ജോസഫ് കുര്യൻ എന്ന വി.ജെ.കുര്യൻ ഐഎഎസ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) മാനേജിങ് ഡയറക്ടർ പദവയിൽനിന്നു പടിയിറങ്ങുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് 2016-ൽ വിരമിച്ചെങ്കിലും അഞ്ചുവർഷം സിയാൽ മാനേജിങ് ഡയറക്ടറായി തുടരാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ജൂൺ 9ന് അവസാനിക്കുന്ന സാഹചര്യത്തിലാണു പടിയിറക്കം. എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസിനു സിയാൽ മാനേജിങ് ഡയറക്ടറുടെ താൽക്കാലിക അധികച്ചുമതല നൽകി.


സിയാലിന്റെ കാൽ നൂറ്റാണ്ടിലേറെ വരുന്ന ചരിത്രത്തിൽ മൂന്ന് ഘട്ടങ്ങളിലായി 19 വർഷം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റെക്കോർഡുമായാണ് 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കുര്യന്റെ പടിയിറക്കം. പൊതുജന പങ്കാളിത്തത്തോടെ കൊച്ചിയിൽ വിമാനത്താവളം നിർമിക്കുക എന്ന ആശയം മുന്നോട്ടു വയ്ക്കുകയും അതു പ്രായോഗികമാക്കാൻ അതിതീവ്ര പ്രയത്നം നടത്തുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. അടിസ്ഥാന സൗകര്യവികസനത്തിൽ പൊതുജനപങ്കാളിത്തം, സൗരോർജ പദ്ധതി, വീടു നഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീ മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ സിയാൽ മുന്നോട്ടുവച്ച മാതൃകകളാണ് കുര്യനെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാക്കിയത്.

കൊച്ചി വ്യോമയാന മേഖലയിൽനിന്നു പുറത്താകുമെന്ന സാഹചര്യത്തിൽ 1991ൽ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിൽ കേരളത്തിന്റെ പ്രതിനിധിയായി എറണാകുളം ജില്ലാ കലക്ടറായിരുന്ന വി.ജെ.കുര്യൻ പങ്കെടുത്തതാണ് ചരിത്രമായത്. നിലവിലുള്ള വെല്ലിങ്ടൻ ദ്വീപിലെ നാവിക വിമാനത്താവളം നവീകരിക്കാനുള്ള പദ്ധതി പാളിയപ്പോൾ പുതിയൊരു വിമാനത്താവളത്തെക്കുറിച്ചു ചർച്ച ഉയർന്നു. പക്ഷെ ഇതിനുള്ള നിർമാണ ചെലവ് ആരു മുടക്കുമെന്ന ചോദ്യമാണ് പൊതുജന പങ്കാളിത്തത്തിൽ വിമാനത്താവളം നിർമിക്കാം എന്ന ആശയം അദ്ദേഹം മുന്നോട്ടു വയ്ക്കാൻ ഇടയാക്കിയത്. മുതിർന്ന ഐഎഎസുകാർ പോലും ആശയത്തെ തള്ളിപ്പറഞ്ഞപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ നൽകിയ ‘ഓക്കെ’യാണ് സിയാൽ എന്ന പേരിലുള്ള വിമാനത്താവളമായി മാറിയതെന്ന് അദ്ദേഹം ഓർമിക്കുന്നു.

1994-ലാണ് വിമാനത്താവള നിർമാണത്തിനായി സിയാൽ എന്ന കമ്പനി രൂപീകരിച്ചത്. തുടർന്നുള്ള എൽഡിഎഫ് സർക്കാരും കുര്യന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. 1999-ൽ രാജ്യത്തെ ആദ്യത്തെ പിപിപി വിമാനത്താവളമായ കൊച്ചി രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങി. പിന്നീട്, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിൽ കേന്ദ്രസർക്കാർ ഇൗ മാതൃകയിൽ വികസന പ്രവർത്തനങ്ങൾ നടത്തി. കൊച്ചി വിമാനത്താവളം ഇന്ന്, നേരിട്ട് 12,000-ൽ അധികം പേർക്കും, പരോക്ഷമായി കാൽലക്ഷം പേർക്കും തൊഴിൽ നൽകുന്നു. 19,000 ഓഹരിയുടമകളുണ്ട് സിയാലിന്. 2002-03 മുതൽ സിയാൽ ലാഭവിഹിതം നൽകുന്നുണ്ട്. നാളിതുവരെ 282 ശതമാനം ലാഭവിഹിതം മടക്കി നൽകിക്കഴിഞ്ഞതും അഭിമാനമാണ്. 2019-20 ൽ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു. വിമാനത്താവളത്തിന്റെ ആസ്തി 382 കോടിയിൽനിന്ന് 2455 കോടി രൂപയായി വർധിച്ചു. പ്രതിവർഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്.
മുവാറ്റുപുഴ സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യൻ, ആലപ്പുഴ, എറണാകുളം ജില്ലാകലക്ടർ, അഡീഷനൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഔഷധി എംഡി ആയിരിക്കെ പ്ലാന്റുകളിൽ ആധുനികവൽക്കരണം നടപ്പിലാക്കി. റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്‌മെന്റ് കോർപറേഷൻ (ആർബിഡിസികെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയിൽ ഓവർബ്രിജുകളുടെയും 23 മേൽപ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീപോർട്ട്- എയർപോർട്ട് റോഡ് നിർമിച്ചു. സ്‌പൈസസ് ബോർഡ് ചെയർമാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്‌പൈസസ് പാർക്ക് എന്നിവ ആരംഭിച്ചു. ഏറ്റെടുത്ത പദ്ധതികളിലെല്ലാം പ്രഫഷണൽ മികവും സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കുര്യൻ വിലയിരുത്തപ്പെടുന്നത്. തൃശൂർ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണു ഭാര്യ. ഡോ. ജോസഫ് കുര്യൻ, ഡോ. എലിസബത്ത് കുര്യൻ എന്നിവർ മക്കളാണ്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News