ഈഴവന്മാർ സിപിഎമ്മിന്റെ ചാവേറുകളെന്ന് കെ എം ഷാജി; സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചു പോവുകയാണ് ചെയ്തത്; കമ്മ്യൂണിസവും മാർക്‌സിസവും ഇസ്ലാം വിരുദ്ധമാണെന്നും മുന്നറിയിപ്പ്; പച്ചക്ക് വര്‍ഗീയത പറഞ്ഞ് മുസ്ലീം ലീഗ് നേതാവ്

0

കോഴിക്കോട്: ഈഴവന്മാർ സിപിഎമ്മിന്റെ ചാവേറുകളാണെന്ന് മുസ്ലിം ലീഗ് സംസഥാന സെക്രട്ടറി കെ എം ഷാജി. ആളെ കൊല്ലാനായി ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചുപോവുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെക്കിലെ ഈഴവന്മാർ സിപിഎമ്മിന്റെ കൈയിലല്ല. അവർക്ക് വിദ്യാഭ്യാസ സഥാപനങ്ങളുണ്ട്. അവിടുത്തെ ഈഴവന്മാർ നട്ടെല്ല് നിവർത്തി ജീവിക്കുന്നവരാണ്. വടകര താലൂക്കിൽ, കണ്ണൂരിലുള്ള ഈഴവന്മാർ സിപിഎമ്മിന്റെ ചാവേറുകളാണ്.. തല്ലുതൊഴിലാളികളാണ്, ആളെ കൊള്ളാൻ നടക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കാൻ വേണ്ടി ഇവരെ ഉപയോഗിക്കുകയാണെന്നും കെ എം ഷാജി പറഞ്ഞു.

മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്നും അകലുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രശ്‌നങ്ങളുടെ പേരിൽ മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവർ മതത്തിൽ നിന്ന് അകലുകയാണ്. തലശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം. ഈ സ്ഥലങ്ങളിലൊക്കെ മുസ്ലീം ലീഗിൽ നിന്ന് പോയ കുട്ടികൾ യഥാർത്ഥത്തിൽ മതത്തിൽ നിന്ന് കൂടിയാണ് വിട്ടുപോയത്. സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചു പോവുകയാണ് ചെയ്തിരിക്കുന്നതെന്നും കെ.എം.ഷാജി പറഞ്ഞു.

അധികാരത്തിലെത്തുമ്പോൾ ഇടതുപക്ഷത്തിന് മുസ്ലീം സമുദായത്തോട് ചൊറിച്ചിലാണ്. വഖഫ് പ്രശ്‌നം സമുദായത്തിന്റെ മൊത്തം പ്രശ്‌നമാണ്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമം. ലീഗിന്റെ പതാകയ്‌ക്ക് കീഴിൽ നിന്ന് മുജാഹിദിനേയും സുന്നിയേയും വേർതിരിക്കാനാകില്ല. പക്ഷേ വഖഫ് വിവാദം സമുദായത്തിന് ഗുണം ചെയ്തു. കമ്മ്യൂണിസവും മാർക്‌സിസവും ഇസ്ലാം വിരുദ്ധമാണെന്ന് മനസിലാക്കാനായെന്നും കെ.എം.ഷാജി പറഞ്ഞു.

Leave a Reply