പാലക്കാട്: പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അദ്ദേഹം പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തുകയും അതുവഴി പൊതുസമൂഹത്തിലേക്ക് പാവക്കൂത്തിനെ എത്തിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിൻ്റെ നിർണായക സംഭാവന.
പാലക്കാട് കൂനന്തറയിൽ 1960 മെയ് 20-നാണ് അദ്ദേഹം ജനിച്ചത്. എട്ടാം വയസിൽ പിതാവ് കൃഷ്ണൻകുട്ടി പുലവരിൽനിന്നാണു പാവക്കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. ഗോമതി അമ്മാളാണു ഭാര്യ. പത്താം വയസിൽ കവളപ്പാറ ആര്യങ്കാവ് ഭഗവതിക്ഷേത്രത്തിൽ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചു.
1982 മുതൽ അഞ്ചുവർഷം മഹാരാഷ്ട്രയിലെ സാവാന്തവാടിയിൽ പാവക്കൂത്ത് പരിശീലിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കേരള സംസ്കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സാംസ്കാരിക വകുപ്പുമായി സഹകരിച്ച് തോൽപ്പാവകളെ ഉപയോഗിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയിൽ നാടൻകലകളും പാവകളിയും എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സനാണ് അദ്ദേഹം.
1968-ൽ ലോകമലയാളസമ്മേളനത്തിൽ പാവക്കൂത്ത് അവതരിപ്പിച്ചിരുന്നു. 1979-ൽ റഷ്യയിൽ പര്യടനം നടത്തി. മാലിന്യ മുക്ത കേരളം, ജലദൗർലഭ്യം, മതമൗത്രി, ഗാന്ധിചരിത്രം തുടങ്ങിയ തുടങ്ങിയ സംഭവങ്ങളെല്ലാം പാവക്കൂത്ത് രൂപത്തിൽ അവതരിപ്പിച്ചു. യേശുവിന്റെ കഥയെ ആസ്പദമാക്കി മിശിഹാ ചരിത്രം കൂത്ത് രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
1998-ൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ്, 2005-ൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ ദക്ഷിണചിത്രാ അവാർഡ്, കേരള ഫോക്ലോർ അക്കാദമി അവാർഡ്, ചുമ്മാർ ചൂണ്ടൽ ഫോക്ലോർ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുരസ്കാരലബ്ധിയിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്നും ഈ നിമിഷംഎല്ലാ ഭാരതീയരോടും മലയാളികളോടും നന്ദി പറയുന്നുവെന്നും പദ്മശ്രീ പുരസ്കാര വാർത്തയോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
English summary
used the potential of the puppetry, which was confined to the temple arts, in theatrical performances and awareness programs and thus brought the puppetry to the public. Ramachandra Pulavar