“ഞാൻ ഒരു സാധാരണക്കാരിയാണ്, എനിക്ക് മാജിക് ഒന്നുമറിയില്ല; എന്നെ കൊണ്ട് കഴിഞ്ഞെങ്കിൽ എല്ലാവരെ കൊണ്ടും സാധിക്കും”; കപ്പിത്താന്മാരുടെ സാമ്രാജ്യത്തിലേക്ക് ആദ്യമായെത്തുന്ന വനിതാ ക്യാപ്റ്റൻ കെ കെ ഹരിത സംസാരിക്കുന്നു

0

ഇത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പണിയാണ്, നീയൊരു പെൺകുട്ടിയല്ലേ തുടങ്ങി പണ്ടാരൊക്കെയോ പറഞ്ഞു വെച്ച വാക്കുകളെ പൊളിച്ചെഴുതുകയാണ് ആലപ്പുഴ എഴുപുന്നയിലെ കൈതക്കുഴി കുഞ്ഞപ്പന്റെയും സുധർമയുടെയും മകൾ കെ കെ ഹരിത. രാജ്യത്തെ മൽസ്യബന്ധന കപ്പലുകളിൽ ഇന്ന് വരെ കാണാത്ത പെൺ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയാണ് ഈ 26 വയസ്സുകാരി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മറൈന്‍ ഫിഷറീസ് റിസര്‍ച്ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള ‘സ്‌കിപ്പര്‍’ (ക്യാപ്റ്റന്‍) പരീക്ഷയില്‍ വിജയംനേടിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത.

പെൺകുട്ടികൾ എന്തുകൊണ്ട് ഈ ഫീൽഡ് തെരഞ്ഞെടുക്കുന്നില്ല ? ഹരിത എന്തുകൊണ്ട് ഈ മേഖല തെരഞ്ഞെടുത്തത് ?

പ്രധാന പ്രശ്നം സൗകര്യ കുറവുകൾ ആണ്. ചെറിയ വെസ്സലുകളാണ്. ഇത്രയും ചെറിയ വെസ്സലുകളിൽ ഇത്രയധികം ആൺകുട്ടികളോടൊപ്പം ഇതുപോലൊരു ജോലിക്ക് പോകുക എന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ കുട്ടികൾക്ക് അറിയില്ല അവിടെ എന്താണ് സംഭവിക്കുന്നത് എന്ന്. അതുകൊണ്ടെല്ലാം ആണ് പെൺകുട്ടികൾ വരാത്തത്.

എന്റെ സ്കിപ്പർ (ക്യാപ്റ്റൻ) അരുൺ ക്ലാസ്സിനിടയിൽ ഒരിക്കൽ എന്നെ ‘ക്യാപ്റ്റൻ ഹരിത’ എന്ന് വിളിച്ചു. എനിക്കത് രസകരമായി തോന്നി. അതെന്നെ ഒരുപാട് ആകർഷിച്ചു. അദ്ദേഹം എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു.

ഒപ്പമുണ്ടായിരുന്നവർ ?

എഫ്എസ്ഐ (ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ) എന്ന സ്ഥലത്ത് സെയിൽ ആയിട്ടുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന സ്കിപ്പർ മധു എനിക്ക് ഒരുപാട് സപ്പോർട്ട് തന്നു. ഇത്രയും ആളുകളുടെ ഇടയിൽ ഒരു ഓഫീസർ ആയിരിക്കെ എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ഒരു പെൺകുട്ടിക്ക് എങ്ങനെ ഒരു ഗ്രൂപ്പിനെ ലീഡ് ചെയ്യാമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.

നേരിട്ട ബുദ്ധിമുട്ടുകൾ ?

പ്രധാന പ്രശ്നം ഛർദി ആയിരുന്നു. ചർദിച്ച് തല കറങ്ങി വീണ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം കൂടെയുള്ളവർ ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി പോലെ കൂടെ നിന്ന് പരിഗണിച്ചു.

കുടുംബം ?

ഞാൻ ഇന്നുണ്ടെങ്കിൽ അത് അവരുള്ളത് കൊണ്ട് മാത്രമാണ്. കുട്ടികൾക്ക് ഇത്തരം ആഗ്രഹം ഉണ്ടെങ്കിലും രക്ഷിതാക്കൾക്ക് അവരെ അയക്കാൻ പ്രയാസമാണ്. അവർക്ക് ആശങ്കയായിരിക്കും. എന്റെ കാര്യത്തിൽ ആണെങ്കിൽ പോലും പലപ്പോഴും റേഞ്ച് പോലുമില്ലാതെ വീട്ടിലേക്ക് വിളിക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കും. കരയിൽ ആണെങ്കിൽ ഓടി വരാൻ സാധിക്കും. പക്ഷെ കടലിൽ ആണെങ്കിൽ അത് സാധിക്കില്ല.

ഞാൻ ഛർദിച്ച് അവശയായി കിടക്കുമ്പോഴൊക്കെ ‘അമ്മ ചോദിച്ചിട്ടുണ്ട് ഇത് വേണോ എന്ന്. അപ്പോഴൊക്കെ അച്ഛൻ പറയുമായിരുന്നു കൊച്ചിന്റെ ആഗ്രഹമില്ലേ പൊക്കോട്ടെ എന്ന്. എല്ലാവര്ക്കും ഇഷ്ടമാണ് എന്നതുപോലെ താൽപര്യ കുറവും ഉണ്ടായിരുന്നു. കാരണം ഇത്ര കാലം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നു അതുപോലെ വയ്യാതായി കിടക്കുന്നു. എന്തൊക്കെ പറഞ്ഞാലും ഞാൻ എന്റെ ലക്‌ഷ്യം നേടിയേ അടങ്ങു എന്ന വാശിയിലും ആയിരുന്നു. അവരെന്നെ ഒരുപാട് പിന്തുണച്ചു.

ഭാവി പരിപാടികൾ ?

മറൈൻ ഫീൽഡ് തന്നെ തുടരും. കഴിഞ്ഞ ഫെബ്രുവരിയിൽ ഞാൻ മെർച്ചന്റ് നേവിയിൽ ജോയിൻ ചെയ്തിരുന്നു. അവിടെ ഞാൻ ട്രെയിനീ ഓഫീസർ ആയിട്ടാണ് ജോയിൻ ചെയ്തത്. കമ്പനി മുംബൈയിൽ ആണ്. ഞാൻ അവസാനം ജോയിൻ ചെയ്തത് ഓസ്‌ട്രേലിലയിൽ നിന്നാണ്. തിരിച്ചു വന്നത് പനാമയിൽ നിന്നും.

കോഴ്സിന്റെ വിശദാംശങ്ങൾ ?

2016-ൽ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് ആൻഡ്‌ നോട്ടിക്കൽ സയൻസിൽ (ബി.എഫ്.എസ്‌സി) ബിരുദം നേടി. കൊച്ചി സിഫ്‌നെറ്റിൽ (CIFNET) ആയിരുന്നു പഠിച്ചത്. ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടെന്ന് പോലും ഞാൻ അറിയുന്നത് അവിടെ പഠിക്കാൻ ചെന്നതിനു ശേഷം ആയിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനം ആണെങ്കിലും കേരളത്തിൽ ആർക്കും ഇത് സുപരിചിതമല്ല. ഇന്ത്യയിൽ ആകെ 3 സ്ഥാപനങ്ങൾ മാത്രമാണ് ഉള്ളത്. അതിൽ ബി.എഫ്.എസ്‌സി ഉള്ളത് കൊച്ചിയിൽ മാത്രമാണ്. പ്ലസ് ടു പഠനത്തിന് ശേഷം 4 വർഷത്തെ ഡിഗ്രി എടുത്തു. പ്ലസ് ടുവിൽ ഞാൻ സയൻസ് ആയിരുന്നു. ഇത് പഠിക്കാൻ സയൻസ് നിർബന്ധമാണ്. പരീക്ഷകൾ എഴുതിയത് ചെന്നൈയിൽ ആയിരുന്നു. കേന്ദ്രസർക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളിൽ 12 മാസത്തോളം ചീഫ് ഓഫ് ഓഫീസറായും സേവനമനുഷ്ഠിച്ചു.

മറ്റു സ്ഥാപനങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇവിടെ ചെലവ് കുറവാണ്. കാരണം ഇത് കേന്ദ്ര സർക്കാർ സ്ഥാപനമാണ്. നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരും.

പോസിറ്റീവ് അനുഭവങ്ങൾ ?

ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കാരണം നമ്മൾ ഇന്ന് കാണുന്ന കടൽ അല്ല നാളെ കാണുന്നത്. ഓരോ ദിവസത്തെയും അനുഭവങ്ങൾ പുതിയ അനുഭവങ്ങൾ ആയിരുന്നു. ഒരുപാട് ആളുകൾ ഒരു ചെറിയ സ്ഥലത്ത് ഇരുന്നാൽ അത് എങ്ങനെ ആയിരിക്കും എന്നും മനസിലായി.

അതിജീവനം എന്ന് വിളിക്കാമോ ആ സമയത്തെ ?

ഒരു തരത്തിൽ അങ്ങനെയും പറയാം. പക്ഷെ ആസ്വദിച്ച് ചെയ്തത് കൊണ്ട് അത്രയ്ക്കും ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. ചെയ്യുന്ന ജോലിയോട് അത്രയും ഇഷ്ടം ഉണ്ടായിരുന്നത് കൊണ്ട് ബുദ്ധിമുട്ടായി തോന്നിയില്ല. ഇഷ്ടപ്പെട്ട് ചെയ്താൽ എല്ലാ കാര്യവും നമ്മുക്ക് വെല്ലുവിളിയായി തോന്നില്ല.

സെലിബ്രിറ്റി സ്റ്റാറ്റസ് ?

അത്രക്ക് ഒന്നുമില്ല. എങ്കിലും ആളുകൾ ഇങ്ങനെ അറിഞ്ഞു വരുന്നു. ചോദിക്കുന്നു . വീട്ടിൽ വരുന്നു. കാണുന്നു.

പരിചയക്കാരുടെ പ്രതികരണം ?

എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആണ്. ഒരുപാട് പേര് വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. മുമ്പ് പഠിപ്പിച്ച അധ്യാപകരും വിളിച്ച് സന്തോഷം അറിയിക്കുന്നുണ്ട്. എല്ലാവരും ഓർക്കുന്നുണ്ടല്ലോ. വലിയ കാര്യം , സന്തോഷം.

മോട്ടിവേഷൻ ?

ക്യാപ്റ്റൻ രാധിക മേനോൻ ആയിരുന്നു എന്റെ പ്രചോദനം. ഇന്ത്യയിലെ ആദ്യ വനിതാ ക്യാപ്റ്റൻ ആയിരുന്നു അവർ. യൂണിഫോമിൽ ക്യാപ്റ്റൻ രാധികയെ കാണുമ്പോൾ എനിക്കത് അന്നും ഇന്നും മോട്ടിവേഷൻ ആണ്.

പെൺകുട്ടികളോട് എന്താണ് പറയാൻ ഉള്ളത് ?

ഞാൻ ഒരു സാധാരണക്കാരിയാണ്. എനിക്ക് മാജിക് ഒന്നും അറിയില്ല. എന്നെകൊണ്ട് കഴിഞ്ഞെങ്കിൽ എല്ലാവരെ കൊണ്ടും പറ്റും. ശ്രമിച്ചു കൊണ്ടിരിക്കുക. എന്റെ എല്ലാ കാര്യങ്ങളും ഞാൻ എന്റെ വീട്ടിൽ പറയും. ദിവസവും വൈകുന്നേരങ്ങളിൽ അന്ന് സംഭവിച്ച ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഞാൻ വീട്ടിൽ അവതരിപ്പിക്കും. അതുകൊണ്ട് തന്നെ എന്നെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

Leave a Reply