Wednesday, July 28, 2021

കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്‌സ് എം ഡി സാബു ജേക്കബ്

Must Read

കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്‌സ് എം ഡി സാബു ജേക്കബ്. നിലവിലുള്ള വ്യവസായം ഇവിടെ തുടരണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാനയുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നും സാബു ജേക്കബ് പറഞ്ഞു. തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. കുന്നത്തുനാട് എംഎല്‍എ അടക്കമുള്ളവര്‍ക്ക് നന്ദിയെന്ന് പറഞ്ഞ് പരിഹസിച്ച സാബു ജേക്കബ് വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജകീയ സ്വീകരണമാണ് തെലങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കും. രണ്ടാഴ്ചക്കകം സംരംഭം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്‌സറ്റൈയില്‍സിന് വേണ്ടി വാറങ്കലും മറ്റേത് ജനറല്‍പാര്‍ക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചര്‍ച്ചക്ക് ശേഷമാണ് ഇന്ന് തെലങ്കാനയില്‍ നിന്ന് തിരിച്ചുവരുന്നത്.

താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എല്‍ എയോടാണ്. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എം എല്‍ എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂര്‍ എം എല്‍ എ, മൂവാറ്റുപുഴ എം എല്‍ എ, തൃക്കാക്കര എം എല്‍ എ, എറണാകുളം എം എല്‍ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്.

ഒരു ദിവസത്തെ ചര്‍ച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയിത്. എന്നാല്‍ ചര്‍ച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒട്ടനവധി സാധ്യതകള്‍ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറില്‍ ഇന്‍ഫ്രാസ്ട്രക്ടചര്‍ മനസിലാക്കാനും സാധിച്ചു. തെലങ്കാന നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. താന്‍ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ വേദിയില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News