വിസ്മയ കേസിൽ കിരൺകുമാറിന് വിനയായത് അച്ഛന്റെ മൊഴി

0

കൊല്ലം: വിസ്മയ കേസിൽ കിരൺകുമാറിന് വിനയായത് അച്ഛന്റെ മൊഴി. വെറുമൊരു ആത്മഹത്യ എന്ന് എഴുതി തള്ളുമായിരുന്ന യുവതിയുടെ മരണത്തിൽ ക്രൂരമായ ഗാർഹിക പീഡനത്തിന്റെ ഇരയാണ് വിസ്മയ എന്ന് ഡിജിറ്റൽ തെളിവുകളും ശരിവച്ചതോടെ കിരൺ കുമാർ എന്ന അത്യാർത്തിക്കാരന് തടവറയിലേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. ആദ്യം ആത്മഹത്യാ കുറിപ്പിനെ കുറിച്ച് പറയാതിരിക്കുകയും മക്കളുണ്ടാകില്ലെന്ന മാനസിക വിഷമത്തിലാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് പറയുകയും ചെയ്തതാണ് കിരൺ കുമാറിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

വിസ്മയ ആത്മഹത്യ ചെയ്ത ദിവസം പൊലീസ് മുറിയാകെ തെരഞ്ഞെങ്കിലും ആത്മഹത്യാ കുറിപ്പ് കിട്ടിയിരുന്നില്ല. പക്ഷേ വിചാരണ വേളയിൽ കിരൺകുമാറിന്റെ പിതാവ് സദാശിവൻപിള്ള ‘തന്റെ മരണത്തിൽ ആർക്കും പങ്കില്ല’ എന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പറഞ്ഞു. ഈ കത്ത് അപ്പോൾ തന്നെ ശൂരനാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പക്ഷെ പൊലീസ് കത്ത് തെളിവായി സ്വീകരിച്ചില്ല. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് മാദ്ധ്യമ പ്രവർത്തകരോട് ആത്മഹത്യാ കുറിപ്പിനെക്കുറിച്ച് നേരത്തെ പറയാതിരുന്നതെന്നായിരുന്നു സദാശിവൻ പിള്ളയുടെ മൊഴി.
ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു പ്രതിഭാ​ഗം കോടതിയിൽ വാദിച്ചത്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാർ സ്ത്രീധനമല്ല, വിവാഹസമ്മാനമായിരുന്നു. വിസ്മയയുടെ ഫോൺ സംഭാഷണങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള അടവായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാത്രി വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചു. ഇതോടെ കുട്ടികളുണ്ടാകില്ലെന്ന വിഷമത്തിലായിരുന്നു ആത്മഹത്യയെന്നും പ്രതിഭാ​ഗം കോടതിയിൽ പറഞ്‍ഞിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ വിവാഹമാർക്കറ്റിൽ തനിക്ക് വൻ വിലയാണെന്ന ധാരണയിലായിരുന്നു എന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കിരൺകുമാറിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത നേരത്തെ റെക്കാഡ് ചെയ്തിരുന്ന ഫോൺ സംഭാഷണങ്ങൾ ഇതിന്റെ തെളിവാണ്. വിവാഹത്തിന് മുമ്പ് തന്നെ പ്രത്യേക കളറുള്ള വാഗണർ കാർ താൻ ആവശ്യപ്പെട്ടിരുന്നതായി കിരണിന്റെ തന്നെ ഫോൺ സംഭാഷണമുണ്ട്. കാർ സമ്മാനമായിരുന്നെങ്കിൽ അതിന്റെ കുറവുകളെക്കുറിച്ച് പറഞ്ഞ് വിസ്മയെയും ബന്ധുക്കളെയും അധിക്ഷേപിക്കുമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കോടതിയിൽ ഹാജരാക്കിയ വിസ്മയയുടെ ബാല്യകാലസുഹൃത്ത് വിദ്യയുടെയും വിസ്മയയുടെ മാതാവിന്റെ ഫോണുകളിൽ നിന്നും ലഭിച്ച സംഭാഷണങ്ങളിൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്റെ നിരന്തര പീഡനത്തെക്കുറിച്ചും ശാരീരിക ഉപദ്രവങ്ങളെക്കുറിച്ചും പറയുന്നു. ആത്മഹത്യ ചെയ്ത ദിവസം വിസ്മയയ്ക്ക് ആർത്തവം സംഭവിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലം. കുട്ടികളുണ്ടാകാത്തതാണ് ആത്മഹത്യയുടെ കാരണമെന്ന് കിരൺകുമാറിന്റെ ബന്ധുക്കൾ മരണത്തിന്റെ സമീപദിവസങ്ങളിൽ വിവരങ്ങളന്വേഷിച്ച മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞിട്ടില്ലെന്നതും കോടതിയിൽ കിരണിന് വിനയായി.
വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാർ പറയുന്നത്. വളരെ സാധാരണ സാഹചര്യത്തിൽ നിന്നും വളർന്ന് വന്ന കിരൺ അമ്മയുടെ നാടായ ശാസ്താംനടയിൽ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു. അച്ഛൻ സമീപ പഞ്ചായത്തിലെ ഒരു സാധാരണ റേഷൻകടയിലെ സെയിൽസ്മാൻ ആയിരുന്നു. എഞ്ചിനീയറിം​ഗ് പഠനശേഷമാണ് കിരൺ കുമാറിന് മോട്ടോർ വാഹന വകുപ്പിൽ ജോലി ലഭിക്കുന്നത്. കോഴിക്കോടായിരുന്നു നിയമനം. വിവാഹ ശേഷമായിരുന്നു സ്വന്തം പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഇത് ഭാര്യവീട്ടുകാരുടെ സ്വാധീനം ഉപയോ​ഗിച്ചാണ് എന്നാണ് നാട്ടുകാർ പറയുന്നത്.

നാടുമായോ നാട്ടിലെ സാധാരണ ജനങ്ങളുമായോ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും അത് നിലനിർത്താനും കിരണിന് താത്പര്യം ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി പോയാൽ ഉച്ചയോടെ തിരിച്ചെത്തും. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പ്രദേശത്ത് കിരണിന്റെ വാഹന പരിശോധനയും പതിവായിരുന്നു. പണത്തോട് മാത്രമായിരുന്നു കിരണിന് സ്നേഹവും കടപ്പാടുമെന്നാണ് നാട്ടുകർ ചൂണ്ടിക്കാട്ടുന്നത്.
വളരെ കഷ്ടതകൾ നിറഞ്ഞ ബാല്യത്തിൽ നിന്നും പണം സമ്പാദിക്കാനുള്ള ആർത്തി മൂത്ത കിരൺ കണ്ടതിനെല്ലാം കാശുവാങ്ങി. ഒടുവിൽ വിവാഹ മാർക്കറ്റിലും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയിട്ടു. 120 പവൻ സ്വർണവും ഒന്നര ഏക്കർ സ്ഥലവും ആഢംബര കാറുമായിരുന്നു കിരൺ വിവാഹ കമ്പോളത്തിൽ തനിക്കിട്ട വില. വിസ്മയയുടെ മാതാപിതാക്കൾ 100 പവനും പത്തുലക്ഷത്തിന്റെ കാറും ഒന്നേകാൽ ഏക്കർ ഭൂമിയും നൽകാമെന്നേറ്റു. എന്നാൽ, എൺപത് പവൻ മാത്രമേ വിസ്മയക്ക് നൽകിയുള്ളൂ എന്നും കാറ് ചെറുതായി പോയി എന്നുമായിരുന്നു കിരണിന്റെ പരാതി. ഇതിനെ തുടർന്ന് ഒരിക്കൽ പിണങ്ങിപ്പോയ വിസ്മയയെ വീണ്ടും അനുനയിപ്പിച്ച് വീട്ടിലെത്തിക്കാനും കിരണിന് സാമർത്ഥ്യമുണ്ടായിരുന്നു. ഇതോടെയാണ് വിസ്മയ അച്ഛനുമായും സഹോദരനുമായുമുള്ള ഫോൺകോൺടാക്ട് അവസാനിപ്പിക്കുന്നത്. വിസ്മയക്ക് വീട്ടുകാർ നൽകിയ സ്വർണമെല്ലാം സൂക്ഷിച്ചിരുന്നതും കിരണായിരുന്നു.

വിവാഹത്തിന് മുമ്പ് കിരൺ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്ന് വിസ്മയയുടെ അമ്മ പറയുന്നു. ഇക്കാര്യം അടുത്ത സമയത്ത് മാത്രമാണ് മകൾ പറഞ്ഞത്. വിസ്മയ കോളേജിൽ പഠിക്കുന്ന സമയത്ത് കിരൺ കാണാനെത്തിയിരുന്നെന്നും അമ്മ പറയുന്നു. സഹപാഠികൾക്ക് ഫോണിൽ സന്ദേശം അയയ്ക്കുന്നതിനും സഹപാഠികളുടെ ആൺകുട്ടികളോട് സംസാരിക്കുന്നതിനമാണ് കിരൺ മർദ്ദിച്ചത്. സ്ത്രീധനമായി നൽകിയ കാറിന് മൈലേജ് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മറ്റൊരു ദിവസം വഴക്കുണ്ടായത്.
ഒരിക്കൽ വിസ്മയയുടെ വീട്ടിലെത്തിയും കിരൺ തല്ലുണ്ടാക്കിയിരുന്നു. ഇനി കിരണിന്റെ വീട്ടിലേക്ക് പോകേണ്ടെന്നും വിവാഹമോചനം നേടാമെന്നും അന്ന് വിസ്മയ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളെ വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഇത് അറിഞ്ഞ കിരൺ വിസ്മയയെ ഫോൺ ചെയ്തുകൊണ്ടേയിരുന്നു. തന്റെ ജന്മ ദിനത്തിന് മുമ്പിൽ വീട്ടിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ ഒരിക്കലും വരേണ്ടെന്ന് പറഞ്ഞു. ഇതോടെ പരീക്ഷക്ക് കോളജിലേക്ക് പോയ വിസ്മയ കിരണിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
കേസിൽ കിരൺ കുറ്റക്കാരാണെന്ന് കോടതി ശരിവെയ്ക്കുന്നതിന് മുൻപ് തന്നെ നിരവധി ശബ്ദരേഖകളാണ് പുറത്ത് വന്നത്. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള കിരണിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. കിരൺ : സ്‌കോഡ റാപ്പിഡ് കണ്ടപ്പോൾ വിളിച്ചോ ? വെന്റോ കണ്ടപ്പോ വിളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വിലക്കൂടതലാ, നോക്കണ്ടെന്ന് ഞാൻ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്. നിങ്ങടെ എച്ചിത്തരം കണ്ടപ്പോൾ എനിക്ക് മനസിലായി. അവസാനം കറക്ട് വെന്റോ എടുത്ത് തരാൻ ഫിക്‌സ് ചെയ്തതല്ലേ ? പിന്നെന്താ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ ഇട്ട്, രാത്രി ഞാൻ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പൊഴേ എന്റെ കിളി പറന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here