അല്‍പ്പം വൈകിയെങ്കിലും നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ ആധികാരിക വിജയം സ്വന്തമാക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്‌സി ഐ ലീഗ് കിരീടം നിലനിര്‍ത്തി

0

 
കൊല്‍ക്കത്ത: അല്‍പ്പം വൈകിയെങ്കിലും നിര്‍ണായകമായ അവസാന പോരാട്ടത്തില്‍ ആധികാരിക വിജയം സ്വന്തമാക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്‌സി ഐ ലീഗ് കിരീടം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള കിരീട സാധ്യതയുണ്ടായിരുന്ന മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലത്തിന്റെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടം. കഴിഞ്ഞ സീസണിലും അവസാന മത്സരത്തില്‍ ആയിരുന്നു ഗോകുലം കിരീടം ഉറപ്പിച്ചത്.

കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ മുത്തമിട്ട് കേരളത്തില്‍ നിന്ന് ഐ ലീഗ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഗോകുലം ഈ സീസണിലെ കിരീട നേട്ടത്തിലൂടെ മറ്റൊരു അപൂര്‍വ നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായും ഗോകുലം കേരള ഇതോടെ മാറി.

പതിയെ തുടങ്ങിയ ഗോകുലം പരാജയം ഒഴിവാക്കാന്‍ ആണ് തുടക്കം മുതല്‍ ശ്രമിച്ചത്. പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചത്. ഗോകുലത്തിന് ആദ്യ നല്ല അവസരം വരുന്നത് 42ാം മിനുട്ടിലാണ്. ഗോള്‍ ലൈനില്‍ നിന്ന് ഏറെ കയറി വന്ന മൊഹമ്മദന്‍സ് കീപ്പറിനു മുകളിലൂടെ റൊണാള്‍ഡോ ഫ്‌ളച്ചര്‍ പന്ത് ഗോള്‍ ലക്ഷ്യമാക്കി തൊടുത്തെങ്കിലും പന്ത് പുറത്തേക്കു പോയി.
പിന്നാലെ ആദ്യ പകുതിയുടെ അവസാനം പരിക്ക് കാരണം  ഫ്‌ളചറിനെ ഗോകുലത്തിന് നഷ്ടമായത് വലിയ തിരിച്ചടി ആയി. ആദ്യ പകുതി ഗോള്‍ രഹിതമായി.
രണ്ടാം പകുതിയില്‍ ഗോകുലം കൂടുതല്‍ ആക്രമിച്ചു കളിച്ചു. 50ാം മിനുട്ടില്‍ ഈ ആക്രമണം ഗോളായി മാറി. ഒരു കൗണ്ടറില്‍ പന്തുമായി കുതിച്ച റിഷാദ് ഗ്രൗണ്ടറിലൂടെ മൊഹമ്മദന്‍സിന്റെ വലയില്‍ പന്ത് എത്തിച്ചു. 

ലീഡെടുത്തെങ്കിലും ആ സന്തോഷം അധികം നീണ്ടില്ല. മുന്‍ ഗോകുലം താരം മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്റെ വില്ലനായി. 56ാം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെ മൊഹമ്മദന്‍സിന് താരം സമനില സമ്മാനിച്ചു. മികച്ച ഡിഫ്‌ളക്ഷനോടെ ആയിരുന്നു ആ ഫ്രീ കിക്ക് വലയില്‍ എത്തിയത്. സ്‌കോര്‍ 1-1.
60ാം മിനുട്ടില്‍ മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ ഗോകുലം ജയവും കിരീടവും ഉറപ്പിച്ച ഗോള്‍ നേടി. ലൂകയുടെ പാസില്‍ നിന്ന് എമില്‍ ബെന്നിയിലേക്ക് പന്ത്. എമിലിന്റെ സ്ട്രൈക്ക് ഗോള്‍ വലയിലേക്ക്. ഈ ഗോളോടെ മൊഹമ്മദന്‍സിന്റെ പോരാട്ട വീര്യം ചോര്‍ന്നു. പിന്നെ മികച്ച രീതിയില്‍ പ്രതിരോധം തീര്‍ത്ത് ഗോകുലം കേരള കിരീടം ഉറപ്പിച്ചു.
ലീഗില്‍ 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 43 പോയിന്റുമായാണ് ഗോകുലം കിരീടം ഉറപ്പിച്ചത്. സീസണില്‍ ആകെ ഒരു മത്സരം മാത്രമേ ഗോകുലം പരാജയപ്പെട്ടിരുന്നുള്ളൂ. മൊഹമ്മദന്‍സ് 18 മത്സരങ്ങളില്‍ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here