Thursday, January 27, 2022

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കാനുള്ള ലിഡാര്‍ സര്‍വേ മഴ മാറിയാൽ ഉടൻ നടത്തുമെന്നു കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍

Must Read

അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കാനുള്ള ലിഡാര്‍ സര്‍വേ മഴ മാറിയാൽ ഉടൻ നടത്തുമെന്നു കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍). സർവേയ്ക്കുള്ള ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്ന പണികളാണു നടക്കുന്നത്. രാമപുരം മുതൽ എരുമേലി വരെയുള്ള 44 കി.മീ. ദൂരത്തിലാണു ഇനി സർവേ ചെയ്യാനുള്ളത്. ജന ജീവിതത്തിനു തടസ്സമുണ്ടാകാത്ത രീതിയിലാണു ചെറുവിമാനം ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്‌ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സിസ്റ്റം ഉപയോഗിച്ചു സര്‍വേ നടത്തുന്നത്.
ലേസർ യൂണിറ്റ്, സ്കാനർ, ജിപിഎസ് റിസീവർ, ക്യാമറ എന്നിവയാണു വിമാനത്തിലുള്ളത്. ലേസർ യൂണിറ്റിൽ നിന്നുള്ള രശ്മികൾ ഭൂമിയുടെ ഉപരിതലത്തിലെത്തി തിരിച്ചെത്തുന്നതു സെർവറിൽ സ്വീകരിച്ചാണു രൂപരേഖ തയാറാക്കുന്നത്. ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. കാലാവസ്ഥ അനുകൂലമെങ്കിൽ സർവേയ്ക്ക് ഒരു ദിവസം മതിയാകും. മരങ്ങൾ, തണ്ണീർതടങ്ങൾ, നദികൾ, റോഡുകൾ, െകട്ടിടങ്ങൾ എന്നിവ ലിഡാർ സർവേ വഴി കൃത്യമായി നിർണയിക്കാൻ കഴിയും. തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിക്കും മുൻപു ലി‍ഡാർ സർവേ ഉപയോഗിച്ചിരുന്നു.

സര്‍വേ നടത്തുന്ന വിമാനത്തിനുള്ള റഫറന്‍സ് പോയിന്റുകള്‍ (സൂചകങ്ങള്‍) എന്ന നിലയിലാണ് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതെന്നു കെ-റെയില്‍ അധികൃതര്‍ അറിയിച്ചു. പാതയുടെ അലൈന്‍മെന്റില്‍ അല്ല ഈ പോയിന്റുകള്‍. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ട. ശബരി പാതയ്ക്കു ദക്ഷിണ റെയില്‍വേയും കോട്ടയം ജില്ലാ കലക്ടറും സംയുക്തമായി അംഗീകരിച്ച അലൈന്‍മെന്റിലാണു ലിഡാര്‍ സര്‍വേ നടത്തുക. അലൈന്‍െന്റുമായി ബന്ധപ്പെട്ടു പൊതുതാല്‍പര്യ ഹർജിയില്‍ ഹൈക്കോടതി നേരത്തെ തീര്‍പ്പു കല്‍പിച്ചതാണ്.

ഇതേത്തുടര്‍ന്നാണു പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ-റെയിലിനെ റെയില്‍വേ ബോര്‍ഡ് ചുമതലപ്പെടുത്തിയത്. സർവേ പൂർത്തിയാക്കിയാൽ 2 ആഴ്ചയ്ക്കുള്ളിൽ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനു കൈമാറും. പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കാമെന്നു റെയിൽവേ ബോർഡിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ 2017ൽ തയാറാക്കിയ എസ്റ്റിമേറ്റുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും എസ്റ്റിമേറ്റ് പുതുക്കിയ ശേഷം ചെലവു പങ്കിടുന്നതു അംഗീകരിക്കാമെന്നുമാണു റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News