കേരളം കമ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പ്, വൈകാതെ അതും അസ്തമിക്കും’: കെ സുരേന്ദ്രൻ

0

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയൻ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അപകടരമായ പ്രത്യയശാസ്ത്രം ബിജെപിയുടേതല്ല സിപിഎമ്മിന്റേതാണ്.

അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ അവരെ പടിക്ക് പുറത്ത് നിർത്തിയത്. കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണ്. അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കും. സിഎജി, ലോകായുക്ത, ഗവർണർ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന പിണറായി വിജയനെ ഉപദേശിക്കാനുള്ള ധൈര്യം സീതാറാം യെച്ചൂരിക്കില്ല. കസ്റ്റഡി മരണങ്ങളുടേയും ഗുണ്ടാരാജിന്റെയും കേന്ദ്രമായി മാറിയ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റംപറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.

കൊവിഡ് നേരിടുന്നതിൽ ഇടത് സർക്കാരാണ് ദയനീയമായി പരാജയപ്പെട്ടത്. കൊവിഡ് മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും നമ്പർ വൺ കേരളമായിരുന്നു. പിപിഇ കിറ്റ് വാങ്ങിയതിൽ പോലും സംസ്ഥാന സർക്കാർ അഴിമതി നടത്തി. കൊവിഡ് മരണങ്ങൾ മറച്ച് വെച്ച് മരണനിരക്ക് കുറയ്ക്കാൻ ശ്രമിച്ച മനുഷ്യത്വവിരുദ്ധമായ സർക്കാരാണ് പിണറായി വിജയന്റേത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണത്തെ സ്വാഗതം ചെയ്യുന്ന സിപിഎം ജനറൽസെക്രട്ടറി കേന്ദ്രസർക്കാർ സ്വകാര്യവത്ക്കരണം നടത്തുകയാണെന്ന് പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്

Leave a Reply