Monday, January 17, 2022

മഴയുടെ കാര്യത്തിൽ അസാധാരണമായ ഒക്ടോബർ മാസത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്

Must Read

കേരളം ഒരേ സമയം രണ്ടു ന്യൂനമർദങ്ങളുടെ ചുഴിയിൽ അകപ്പെടുന്നതു പുതിയ കാര്യമല്ല. എന്നാൽ മഴയുടെ കാര്യത്തിൽ അസാധാരണമായ ഒക്ടോബർ മാസത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്. ഇരട്ടയന്ത്രം പോലെ കിഴക്കും പടിഞ്ഞാറും കടലുകളിൽ ന്യൂനമർദങ്ങൾ നീരാവിയെ ചുഴറ്റിയെടുത്ത് കരയിൽ മഴ എത്തിക്കാനുള്ള തീവ്രയത്നത്തിലായതിനാൽ വെള്ളിയും ശനിയും മധ്യകേരളത്തെ സംബന്ധിച്ച് അതീവജാഗ്രത പുലർത്തേണ്ട സമയം.

അറബിക്കടലിൽ കേരളത്തിനു തെക്കു ഭാഗത്തായി രൂപപ്പെടുന്ന (ഓഖി ഉൾപ്പെടെ) ന്യൂനമർദങ്ങൾ ചുഴലിക്കാറ്റായി മാറിയാലും ഇല്ലെങ്കിലും സംസ്ഥാനത്തെ തൊട്ട് കടന്നുപോകുമ്പോൾ കനത്ത മഴയും നാശവും വിതയ്ക്കുന്നതു പതിവാണ്. എന്നാൽ ലക്ഷദ്വീപിനോടു ചേർന്ന രൂപപ്പെട്ട് കേരളത്തിനു നേരെ വരുന്നത് പതിവില്ലാത്ത കാര്യമാണ്. ഇതാണ് ഈ ഒക്ടോബറിന്റെ അസാധാരണത്വങ്ങളിലൊന്ന്. 17–ാം തീയതിയോടെ മറ്റൊരു ന്യൂനമർദവും ബംഗാൾ ഉ‍ൾക്കടലിൽ രൂപപ്പെടുന്നുണ്ട്. ഇത് കേരളത്തിൽ തുലാമഴയ്ക്കു തുടക്കമിടും. എല്ലാ ദിവസവും മഴ ലഭിച്ച ഒക്ടോബർ എന്ന പ്രത്യേകതയും ഈ മാസത്തിന്റെ സവിശേഷതയായി മാറിയേക്കാം.

മധ്യകേരളത്തിലൂടെ കരപ്രവേശനം

ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ ശക്തിപ്രാപിക്കുന്ന ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും പരോക്ഷമായി മഴയുടെ ശക്തികൂട്ടാൻ പ്രേരകമാവും. രണ്ടാമത്തേത് അറബിക്കടലിൽ ലക്ഷദ്വീപിനോടു ചേർന്നാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളിൽ കേരള തീരത്തുകൂടെ കരയിലേക്കു പ്രവേശിച്ച് കേരളത്തെ നേരിട്ടു ബാധിക്കും. 16 ാം തീയതിയോടെ ഇവ രണ്ടും ഇരട്ട പിറന്ന സഹോദരന്മാരെപ്പോലെ ഒരേ (അക്ഷാംശ) നേർരേഖയിലെത്തുന്നതോടെ രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മഴ കളി മാറ്റിയേക്കും. അറബിക്കടലിലെ ന്യൂനമർദം മിക്കവാറും മധ്യകേരളത്തിനു മുകളിലൂടെയുള്ള പാതയാവും സ്വീകരിക്കുക.

ഒന്നു കിഴക്കോട്ട് ചലിക്കുമ്പോൾ മറ്റൊന്ന് പടിഞ്ഞാറേക്ക് ചലിക്കും. രണ്ടിൽ നിന്നുമുള്ള ഗതീകോർജം കേരളത്തിനു മുകളിലും കനത്ത മേഘപ്പാളികൾ എത്തിക്കും. 2018ലെ പ്രളയത്തിനു കാരണമായതും ഇത്തരമൊരു ന്യൂനമർദ സംഗമമായിരുന്നു. ഇപ്പോഴത്തെ നിഗമനമനുസരിച്ച് ന്യൂനമർദം മലപ്പുറം, പാലക്കാട് ജില്ലകളിൽ കനത്ത മഴയ്ക്കു വഴിതുറക്കും.

മത്സ്യബന്ധനം വിലക്കി; ഓറഞ്ച്, യെലോ അലർട്ടും

16 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി കർശന മുന്നറിയിപ്പു പുറപ്പെടുവിച്ചു. 15ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 16ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്ററിലധികംവരെ മഴ പെയ്തേക്കാവുന്ന അതീവ ഗുരുതര സാഹചര്യമാണിത്. പ്രത്യേകിച്ചും മഴ പെയ്ത് മണ്ണു കുതിർന്നു നിൽക്കുന്ന സാഹചര്യത്തിൽ. പേമാരി പ്രേരിതമായ ചെറു ചലനങ്ങൾക്കും ഇതു കാരണമാകുമോ എന്ന് ആശങ്കപ്പെടുന്ന അമച്വർ കാലാവസ്ഥാ നിരീക്ഷകരുമുണ്ട്.

15ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ ഇവയാണ്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്.

16നു യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട്.

11.5 സെമീ വരെ കനത്ത മഴയാണ് യെലോ അലർട്ടിന്റെ സാധ്യത.

കനത്ത കാറ്റിനും സാധ്യത

ഒക്ടോബർ 18 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന പൊതുജാഗ്രത നിർദേശങ്ങൾ ഇവയാണ്:

ജനങ്ങൾ സ്വീകരിക്കേണ്ട ‌നടപടികൾ

∙ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

∙ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

∙ വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

∙ ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതി പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

∙ ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

∙ കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

∙ ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

∙ തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

∙ കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

∙ പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

∙ കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.

∙ നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

∙ അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക

Leave a Reply

Latest News

നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടത്തിയത് ആർത്തവ രക്തത്തിന് വേണ്ടി; ആഭിചാര കർമ്മങ്ങൾക്കായി ഉപയോഗിച്ചിരുന്നത് കിഴക്കമ്പലത്തെ പതിനാലുകാരിയേയും; കറുത്ത കുർബാനയ്ക്ക് കന്യകമാരെ എത്തിക്കുന്നത് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും; സാത്താൻ സേവക്കാരെ പിടികൂടാനാകാതെ പൊലീസും

കൊച്ചി: കിഴക്കമ്പലത്ത് പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, തന്നെ സാത്താൻ സേവാ സംഘം പ്രാർത്ഥനക്ക് വിധേയമാക്കിയതായും പൊലീസിന് മൊഴി നൽകിയിരുന്നു. സൺഡേ സ്കൂളിലെ അധ്യാപികയായിരുന്ന അനീഷയാണ് കുട്ടിയെ...

More News