കൊല്ലം: കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ പത്തനാപുരത്തു നിന്നും ബേക്കൽ പോലീസാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.
പ്രദീപിൻറെ മുൻകൂർ ജാമ്യാപേക്ഷ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. പ്രോസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വിശദമായ വാദങ്ങൾ കേട്ടതിനുശേഷമാണ് കോടതി ജാമ്യഹർജി തള്ളിയത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിനെ കോടതിയിൽ മൊഴിമാറ്റിക്കുന്നതിനായി വീട്ടിലെത്തിയും ബന്ധുക്കൾ മുഖേനയും സ്വാധീനിക്കാൻ ശ്രമിക്കുകയും സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോൾ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്.
ഇതുമായി ബന്ധപ്പെട്ട് വിപിൻലാൽ ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പ്രദീപിൻറെ നാടായ കൊട്ടാരക്കരയിലും പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് പ്രദീപിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
English summary
KB Ganesh Kumar MLA’s office secretary Pradeep Kumar arrested Bekal police arrested Pradeep from Pathanapuram this morning in connection with the incident of threatening an apologist in the case of attacking the actress.