വനത്തിനുള്ളിൽനിന്ന് കൂട്ടംതെറ്റി നാട്ടിലെത്തിയ കാട്ടാനക്കുട്ടിക്ക് കുഴിയിൽ വീണ് പരിക്ക്

0

വനത്തിനുള്ളിൽനിന്ന് കൂട്ടംതെറ്റി നാട്ടിലെത്തിയ കാട്ടാനക്കുട്ടിക്ക് കുഴിയിൽ വീണ് പരിക്ക്. ഒടുവിൽ നാട്ടുകാരും വനപാലകരും ചേർന്ന് രക്ഷിച്ചു. ആനക്കുട്ടിയിപ്പോൾ വനപാലകരുടെ സംരക്ഷണത്തിലാണ്. ആങ്ങമൂഴി-കൊച്ചാണ്ടിയിലാണ് വ്യാഴാഴ്ച പകൽ ഒരുമണിയോടെ ഒരു വയസ്സ് വരുന്ന കാട്ടാനക്കുട്ടിയെത്തിയത്. കക്കാട്ടാറിന്റെ തീരത്തുകൂടി കൊച്ചാണ്ടിയിൽ വന്നുപെട്ട ആനക്കുട്ടി ഇവിടെയുള്ള ഒരു വീടിന് സമീപത്തെ തോട്ടിൽ വീഴുകയായിരുന്നു.

തോട്ടിൽ വീണ ആന രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചിന്നംവിളി കേട്ട് നാട്ടുകാരും കൂട്ടമായി സ്ഥലത്ത് എത്തി. പ്ലാപ്പള്ളി സ്റ്റേഷനുകളിൽനിന്നുള്ള വനപാലകരും സ്ഥലത്ത് എത്തി. വനപാലകരും നാട്ടുകാരും ഏറെ ശ്രമിച്ചശേഷമാണ് ആനക്കുട്ടിയെ പുറത്തെടുക്കാനായത്. വീഴ്ചയിലും തുടർന്ന് രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടയിലും ആനയ്ക്ക് ചെറിയതോതിൽ പരിക്കേറ്റിട്ടുണ്ട്. കരയിലെത്തിച്ച ആനയെ വനപാലകർ കൊച്ചാണ്ടി ചെക്ക് പോസ്റ്റിലേക്ക് മാറ്റി വനപാലകരുടെ നിരീക്ഷണത്തിലാക്കി. ആനക്കുട്ടിയെ വിശദമായി പരിശോധിച്ചതിൽ കാര്യമായ പരിക്കില്ലെന്നാണ് വനപാലകരുടെ നിഗമനം. ആനക്കുട്ടി ആരോഗ്യവാനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ആനയ്‌ക്കൊപ്പമുള്ളതെന്ന് കരുതുന്ന കൂട്ടത്തെ വനപാലകർ പിന്നീട് നടത്തിയ തിരച്ചിലിൽ വനത്തിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപത്തായി താൽക്കാലിക കൂട് സ്ഥാപിച്ച് ആനയെ അവിടെ നിരീക്ഷിക്കാനാണ് തീരുമാനം. കൂട്ടത്തിലുള്ള ആനകൾ കൂട്‌ തകർത്ത് കുട്ടിയാനയെ ഒപ്പം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഡ്രിക്കൽ റെയിഞ്ച് ഓഫീസർ എസ്.മണി പറഞ്ഞു. വനം വകുപ്പ് പ്രത്യേക നിരീക്ഷണവും ഇതിനായി ഒരുക്കിയിട്ടുണ്ട്.

കക്കാട്ടാറിലൂടെയാണ് ആനക്കുട്ടി കൊച്ചാണ്ടിയിൽ വന്നുപെട്ടത്. ഉച്ചയ്ക്ക് നാട്ടുകാർ നോക്കിനിൽക്കുമ്പോഴാണ് കുട്ടിയാന കരയിലേക്ക് ഓടിക്കയറുന്നത്. കനത്ത മഴയെ തുടർന്ന് കക്കാട്ടാറിൽ ഒഴുക്ക് ശക്തമാണ്. മൂഴിയാർ വനമേഖലയിലെവിടെവച്ചെങ്കിലും ആനക്കുട്ടി ഒഴുക്കിൽപെട്ട് കൂട്ടംതെറ്റിയതാകാമെന്ന് കരുതപ്പെടുന്നു. വനമേഖല കഴിഞ്ഞുള്ള ജനവാസപ്രദേശമാണ് കൊച്ചാണ്ടി. ഇവിടെ ചിലയിടങ്ങളിൽ നദിയിൽ ആഴം കുറവാണ്. ഇതാവാം ആന ഇവിടെ എത്തിയപ്പോൾ കരകയറിയതെന്നു കരുതുന്നു.

Leave a Reply