കാസര്‍കോട് ∙ കുബള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയ ക്ഷേത്ര നടയില്‍ എത്തിയതു ഭക്തര്‍ക്കു കൗതുകക്കാഴ്ചയായി. മേല്‍ശാന്തി രാത്രി നട അടച്ചു പോയാല്‍ ബബിയ ക്ഷേത്രസന്നിധിയില്‍ എത്താറുണ്ടെങ്കിലും പുലര്‍ച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാല്‍ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയില്‍ കിടക്കുന്ന ചിത്രങ്ങള്അപൂര്വമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
തടാകത്തിലെ ഗുഹയില്‍ കഴിയുന്ന മുതല ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തി. പുലര്‍ച്ചെ മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയില്‍ കിടക്കുന്നത് കണ്ടത്. ഭഗവാനായി സങ്കല്പ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നില്‍ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാര്‍ഥന നടത്തി.ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങി.
ബബിയ നടയില്‍ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും ഒട്ടേറെപ്പേര്‍ കണ്ടു. വിദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇന്നലെ ക്ഷേത്ര ഭാരവാഹികളുടെ ഫോണിലേക്ക് ഒട്ടേറെ വിളികളെത്തി. ബബിയയ്ക്ക് 75 വയസ്സുണ്ടെന്നാണ് കണക്കാക്കുന്നത്.പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേല്‍ശാന്തി നല്കുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.Kasargod ∙ Kubala Ananthapuram Anantha Padmanabha Swamy Temple Melshanthi closed the night walk