മലയാളി താരം ദേവ്ദത്തിന്റെ തുടർച്ചയായ 4–ാം സെഞ്ചുറിയുടെയും (101) ക്യാപ്റ്റൻ രവികുമാർ സാമന്തിന്റെ ഉജ്വല സെഞ്ചുറിയുടെയും (192) മികവിൽ കേരളത്തെ 80 റൺസിനു തോൽപിച്ച് കർണാടക വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് സെമിഫൈനലിൽ കടന്നു. സ്കോർ: കർണാടക–50 ഓവറിൽ 3ന് 338. കേരളം– 43.4 ഓവറിൽ 258നു പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലും ദേവ്ദത്ത് കേരളത്തിനെതിരെ സെഞ്ചുറി നേടിയിരുന്നു. ആന്ധ്രപ്രദേശിനെ 117 റൺസിനു തോൽപിച്ച് ഗുജറാത്തും സെമിയിലെത്തി.
ടോസ് നേടി കർണാടകയെ ബാറ്റിങ്ങിനു വിളിച്ച കേരളം പിന്നെ നിലം തൊട്ടില്ല. ഓപ്പണിങ് വിക്കറ്റിൽ തന്നെ സാമന്തും ദേവ്ദത്തും ചേർന്നു നേടിയത് 249 റൺസ്! വിജയ് ഹസാരെ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണ് സാമന്തിന്റെ 192 റൺസ്. വസീം ജാഫറിന്റെ 170 റൺസാണ് മറികടന്നത്. 158 പന്തിൽ 22 ഫോറുകളും 3 സിക്സുകളും സാമന്ത് നേടി. ദേവ്ദത്ത് 119 പന്തിൽ 10 ഫോറും 2 സിക്സുമടിച്ചു. പേസ് ബോളർ എൻ.പി ബേസിലാണ് (3–57) കർണാടകയുടെ 3 വിക്കറ്റുകളും വീഴ്ത്തിയത്.
∙ ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി 4 സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ ദേവ്ദത്ത് പടിക്കൽ. ഗ്രൂപ്പ് മത്സരങ്ങളിൽ ഒഡീഷയ്ക്കെതിരെയും (152) കേരളത്തിനെതിരെയും (126) റെയിൽവേസിനെതിരെയും (145) ദേവ്ദത്ത് സെഞ്ചുറി നേടിയിരുന്നു.
English summary
Karnataka’s Vijay Hazare advanced to the semi – finals of the ODI Cricket Team after defeating Kerala by 80 runs