ഹിജാബ്‌ ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുഛേദത്തിനു കീഴില്‍ വരില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0

ബംഗളുരു: ഹിജാബ്‌ ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുഛേദത്തിനു കീഴില്‍ വരില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ഹിജാബ്‌ നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണു സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. ഹിജാബ്‌ ധരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25-ാം അനുഛേദത്തിലില്ലെന്നും ആര്‍ട്ടിക്കിള്‍19(1)(എ)യുടെ കീഴിലാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ്‌ ജനറല്‍ പ്രഭുലിങ്‌ നവദ്‌ഗി ചൂണ്ടിക്കാട്ടി. സ്‌ഥാപനങ്ങളുടെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി നിയന്ത്രണങ്ങളോടെ ഹിജാബ്‌ ധരിക്കുന്നതിനു വിലക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 19(1)(എ) മുഖവിലയ്‌ക്കെടുത്ത്‌ ആരെങ്കിലും ഹിജാബ്‌ ധരിക്കാന്‍ ആഗ്രഹിക്കുന്നെന്നു കരുതുക. നിങ്ങള്‍ അത്‌ തടഞ്ഞാല്‍ അവരുടെ മൗലികാവകാശത്തെ പരിമിതപ്പെടുത്തില്ലേ എന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ റിതു രാജ്‌ അവസ്‌തി ചോദിച്ചു.
രാജ്യത്ത്‌ ഹിജാബിനു നിരോധനമില്ലെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ നവദ്‌ഗി മറുപടി നല്‍കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഒരു കാരണവശാലും മതചിഹ്നങ്ങള്‍ അനുവദിക്കില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ ഹിജാബ്‌ വരില്ല. ഇസ്ലാംമതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ്‌ എന്നും സര്‍ക്കാര്‍ വാദിച്ചു.

Leave a Reply