കോൺഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്ന് കപിൽ സിബൽ

0

ന്യൂഡൽഹി: കോൺഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്ന് കപിൽ സിബൽ. സോണിയാ ഗാന്ധിയുമായി സംസാരിച്ചാണ് പാർട്ടി വിട്ടത്. കോൺഗ്രസിനെതിരെ പറഞ്ഞകാര്യങ്ങൾ ആവർത്തിക്കില്ലെന്നും കപിൽ സിബൽ പറഞ്ഞു. സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് വിട്ടതെന്ന് കപിൽ സിബൽ പറഞ്ഞു. പാർലമെൻറിലും പുറത്തും പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഇനി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് അദ്ദേഹം തള്ളി. പ്രാദേശിക പാർട്ടികൾക്കും ബിജെപിയെ നേരിടാനുള്ള ആശയ അടിത്തറയുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാവും തന്റെ ശ്രമം. ഫെഡറൽ മുന്നണി എന്ന ചർച്ച പ്രതിപക്ഷ ഐക്യത്തിന് എതിരാണ്. പ്രതിപക്ഷത്ത് ഒരു നേതാവുണ്ടാകും. അത് രാഹുൽ ഗാന്ധിയാവുമോ എന്ന് ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ല. ഗ്യാൻവാപി മസ്ജിദ് കേസ് പോലുള്ള വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് പറയും. ഒരു പാർട്ടിയുടെയും ചട്ടക്കൂട് തനിക്ക് ബാധകമല്ലെന്നും കപിൽ സിബൽ പറഞ്ഞു.

നേതൃസ്ഥാനത്ത് നിന്ന ്ഗാന്ധി കുടുംബം മാറണമെന്നാവശ്യപ്പെട്ട ഗ്രൂപ്പ് 23ലെ തീവ്രനിലപാടുകാരനായിരുന്നു സിബല്‍. വാര്‍ത്തസമ്മേളനം വിളിച്ച് പോലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിരത്തോടെ ഗ്രൂപ്പ് 23ലെ ഒരു വിഭാഗം നേതൃത്വത്തോടടുത്തെങ്കിലും ശിബരത്തില്‍ നിന്ന് വിട്ട് നിന്ന് സിബല്‍ പ്രതിഷേധിച്ചു.ഒടുവില്‍ രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിബല്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയത്.

മൂന്ന് പതിറ്റാണ്ടോളം കോണ്‍ഗ്രസിന്‍റെ മുഖമായിരുന്ന കപില്‍ സിബല്‍ യുപിഎ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന്‍റെ പാണ്ഡിത്യം കോണ്‍ഗ്രസിന്‍റെ നിയമ പോരാട്ടത്തിനും മുതല്‍ക്കൂട്ടായിരുന്നു.
മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ മെയ് 16ന് പാർട്ടിയിൽ നിന്ന് രാജിവെച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.ഇത് പെട്ടെന്നുണ്ടായ തീരുമാനമല്ല. അതൊരു തമാശയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ഇത് ചോർന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സിബൽ അഭിപ്രായപ്പെട്ടു. പാർലമെന്റിൽ സ്വതന്ത്ര ശബ്ദമാകാൻ സമയമായെന്ന് മനസിലാക്കി ഞാൻ അഖിലേഷ് യാദവിനെ കണ്ടു. ഒരു പാർട്ടിയുടെയും ഭാഗമാകാതെ, രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും സിബൽ വ്യക്തമാക്കി.

രണ്ട് വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ കോൺഗ്രസിൽ സംഘടനാപരമായും നേതൃത്വപരമായും വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്ന ജി-23 എന്ന 23 വിമതരുടെ ഗ്രൂപ്പിന് പിന്നിലെ പ്രേരകശക്തിയായിരുന്നു സിബൽ. സിബലിന്റെ രാജി ജി-23 യുടെ അവസാന​മാണോ എന്ന ചോദ്യത്തിന്, താൻ ഇനി അതിൽ ഇല്ലെന്നും മറ്റുള്ളവരെല്ലാം തന്റെ സുഹൃത്തുക്കളാണ്, അവർ പാർട്ടിയെ കൂട്ടുപിടിച്ചാലും ഇല്ലെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം കോൺഗ്രസ് വിടുന്ന അഞ്ചാമത്തെ ഉന്നത നേതാവാണ് കപിൽ സിബൽ.

Leave a Reply