പൊട്ടലും ചീറ്റലും നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങി നിശബ്‌ദമാക്കും; ഇന്നു മുതല്‍ ജില്ലാ സമ്മേളന നടപടികളിലേക്ക്‌

0

കണ്ണൂര്‍ സി.പി.എം. ഇന്നു മുതല്‍ ജില്ലാ സമ്മേളന നടപടികളിലേക്ക്‌ കീഴ്‌ഘടകങ്ങളില്‍ ചിലയിടങ്ങളില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനവും മത്സരവും അനാരോഗ്യ പ്രവണതകളും ഉണ്ടായിരുന്നെങ്കിലും ജില്ലാ സമ്മേളനങ്ങളില്‍ നേതൃത്വത്തിന്റെ കര്‍ശന നിരീക്ഷണം ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. 75 വയസ്സ്‌ പ്രായപരിധിയും പത്തുശതമാനം വനിതാ പ്രാതിനിധ്യവും ജില്ലാ സമ്മേളനങ്ങള്‍ മുതല്‍ കര്‍ശനമാക്കുന്നതിനാല്‍ അതുസംബന്ധിച്ച പൊട്ടലും ചീറ്റലും നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങി നിശബ്‌ദമാക്കും. ജില്ലാ സമ്മേളനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്‌ മാര്‍ക്കിടുമെന്നതിനാലുള്ള കര്‍ശന നീരക്ഷണവുമുണ്ടാകും. എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കണമെന്നാണ്‌ പാര്‍ട്ടി സെക്രട്ടേറിയേറ്റ്‌ തീരുമാനം.
ഒരു സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം മൂന്നു മുതല്‍ നാല്‌ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കും. വിഭാഗീയതയും മത്സരങ്ങളും നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ നേതാക്കളുടെ വലിയൊരു സംഘത്തിനെ സമ്മേളന നടപടികള്‍ നിയന്ത്രിക്കാന്‍ സി. പി.എം. വിന്യസിക്കുന്നത്‌. മിക്ക സമ്മേളനങ്ങളിലും സംസ്‌ഥാന സെക്രട്ടറി കോടിയേരിയും പങ്കെടുക്കും.
കഴിഞ്ഞ തവണ പകുതി വീതം ജില്ലകളില്‍ പിണറായിയും കോടിയേരി ബാലകൃഷ്‌ണനുമാണ്‌ സമ്മേളനങ്ങള്‍ നിയന്ത്രിച്ചത്‌.എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതോടെ സര്‍ക്കാരിനെതിരേ ഉയര്‍ന്നേക്കാവുന്ന വിമര്‍ശനങ്ങളുടെ തീവ്രത കുറയ്‌ക്കാമെന്നും സി.പി.എം കരുതുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കേണ്ട കണ്ണൂരിലാണ്‌ ആദ്യ ജില്ലാ സമ്മേളനത്തന്‌ ഇന്ന്‌ കൊടിയുയരുന്നത്‌. ബ്രാഞ്ച്‌, ലോക്കല്‍, എരിയാ സമ്മേളനങ്ങളില്‍ പുതിയ അധികാര കേന്ദ്രങ്ങളും ചേരിതിരിവുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്‌,കണ്ണൂര്‍ ജില്ലകളില്‍ ഏരിയാ തലത്തില്‍ പോലും ചേരിതിരിവുകളുണ്ടായത്‌ പാര്‍ട്ടിക്ക്‌ തലവേദന സൃഷ്‌ടിച്ചിരുന്നു. പാര്‍ട്ടിയുടെ ശക്‌തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരില്‍ പേരിപ്പോര്‌ തെരുവ്‌ യുദ്ധത്തിലേക്ക്‌ നീങ്ങുന്ന ഘട്ടത്തിലെത്തിയിരുന്നു. തളിപ്പറമ്പില്‍ ഉണ്ടായ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ നേരിട്ട്‌ ഇടപെടുകയായിരുന്നു. ലോക്കല്‍ സമ്മേളനത്തിന്‌ ശേഷം പാര്‍ട്ടിക്കെതിരെ പരസ്യമായി പോസ്‌റ്റര്‍ ഒട്ടിക്കുകയും ശക്‌തിപ്രകടനം നടത്തുകയും ചെയ്യുന്നിടത്ത്‌ കാര്യങ്ങള്‍ എത്തി. മന്ത്രി മുഹമ്മദ്‌ റിയാസിനെതിരായാണ്‌ കോഴിക്കോട്‌ ഒരു വിഭാഗം രംഗത്തെത്തിയത്‌. എന്നാലും നേതൃത്വത്തിന്‌ ഏരിയാ സമ്മേളനങ്ങളില്‍ മുഹമ്മദ്‌ റിയാസിനോട്‌ അനുഭാവം പ്രകടിപ്പിക്കുന്നവരെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു.
പാലക്കാട്‌ ജില്ലയില്‍ കുഴല്‍മന്ദം, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ്‌ മത്സരമുണ്ടായി. ആലപ്പുഴയില്‍ മുതിര്‍ന്ന നേതാവ്‌ ജി. സുധാകരന്റെ പേരിലാണ്‌ കീഴ്‌ഘടകങ്ങളില്‍ കൊമ്പുകോര്‍ക്കലുണ്ടായത്‌. ആലപ്പുഴയിലെ കുതിരപ്പന്തി ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം മത്സരിക്കാന്‍ രംഗത്തു വന്നതോടെ ജില്ലാ സെക്രട്ടറി ഇടപെട്ട്‌ സമ്മേളനം നിര്‍ത്തിവെച്ച സംഭവമുണ്ടായി. പത്തനംതിട്ട ഏരിയ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരായ വിമര്‍ശനം ചേരിപ്പോരിലേക്ക്‌ നീങ്ങി. തലസ്‌ഥാനത്ത്‌ നടന്ന ആദ്യ ഏരിയാ സമ്മേളനം തന്നെ സംഘഷത്തില്‍ കലാശിച്ചു. വര്‍ക്കലയില്‍ ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ പരുക്കേറ്റ്‌ ആശുപത്രിയിലായി. സി.പി.എം ആസ്‌ഥാനമായ എ.കെ.ജി സെന്റര്‍ സ്‌ഥിതി ചെയ്യുന്ന പാളയം ലോക്കല്‍ സമ്മേളനത്തില്‍ പീഡന പരാതിയുയര്‍ത്തി വനിതാ അംഗം ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന്‌ മറ്റൊരു നേതാവിന്‌ ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കേണ്ടിവന്നു.
പോലീസിനുമേല്‍ സര്‍ക്കാരിന്‌ ഒരു നിയന്ത്രണവുമില്ലെന്നതാണ്‌ ഏരിയാ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന പ്രധാന വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെ നിയന്ത്രിക്കണമെന്ന്‌ ശക്‌തമായി ആവശ്യപ്പെടുന്ന ഘട്ടത്തിലേക്ക്‌ കാര്യങ്ങളെത്തി.

Leave a Reply