മലയാളികളായ സി.പി. മൊയ്‌തീന്‍, സോമന്‍, ജിഷ… മാവോയിസ്‌റ്റ്‌ നേതാക്കളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ച്‌ പോലീസ്‌

0

കല്‍പ്പറ്റ സി.പി.ഐ. മാവോയിസ്‌റ്റ്‌ പശ്‌ചിമഘട്ടം സോണല്‍ സെക്രട്ടറി ബി.ജി. കൃഷ്‌ണമൂര്‍ത്തി, കബനീദളം കമാന്‍ഡര്‍ സാവിത്രി എന്നിവരെ ജീവനോടെ പിടികൂടാനായതിനു പിന്നാലെ ബാക്കിയുള്ള മാവോയിസ്‌റ്റ്‌ നേതാക്കളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ച്‌ പോലീസ്‌. കാട്ടിനുള്ളില്‍ ഒളിപ്പോര്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മലയാളികളായ സി.പി. മൊയ്‌തീന്‍, സോമന്‍, ജിഷ അടക്കമുള്ളവരെ കീഴടങ്ങലിനു പ്രേരിപ്പിച്ചാണിത്‌.
അടുത്തിടെ പുല്‍പ്പള്ളി സ്വദേശിയായ ലിജേഷ്‌ എന്ന രാമു വയനാട്‌ പോലീസ്‌ മുമ്പാകെ കീഴടങ്ങിയിരുന്നു. രാമു, ബി.ജി. കൃഷ്‌ണമൂര്‍ത്തി, സാവിത്രി എന്നിവരില്‍ നിന്നും ചോര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ സൂചനകളുടെ അടിസ്‌ഥാനത്തില്‍ കൂടിയാണ്‌ പോലീസിന്റെ നീക്കം. സോമനും ജിഷയും വയനാട്‌ സ്വദേശികളാണ്‌. സി.പി. മൊയ്‌തീന്‍ മലപ്പുറം സ്വദേശിയും. കല്‍പ്പറ്റ ചുഴലി സ്വദേശിയായ സോമന്‌ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കീഴടങ്ങാന്‍ സന്നദ്ധനായേക്കുമെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍. വീട്‌, സ്വയംതൊഴില്‍ മാര്‍ഗം, വിവാഹ ധനസഹായം, കേസ്‌ പിന്‍വലിക്കല്‍ തുടങ്ങിയ വാഗ്‌ദാനങ്ങള്‍ അടങ്ങുന്ന സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജാണ്‌ പോലീസ്‌ വാഗ്‌ദാനം ചെയ്ുയന്നത്‌.
പാക്കേജിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ മാവോയിസ്‌റ്റുകള്‍ കീഴടങ്ങിയ ശേഷം മാധ്യമങ്ങള്‍ക്കു മുമ്പില്‍ അക്കാര്യം പരസ്യമായി പറയണം.
കുറേ നേതാക്കള്‍ വെടിയേറ്റു മരിക്കുകയും പ്രധാന നേതാക്കളില്‍ ഏറെയും പിടിയിലാവുകയും ചെയ്‌തതോടെ മാവോയിസ്‌റ്റ്‌ പ്രസ്‌ഥാനത്തിനു കീഴില്‍ വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലുള്ള ഏകോപനം നഷ്‌ടമായെന്നാണ്‌ പോലീസിന്റെ കണക്കുകൂട്ടല്‍. കേരളത്തിലെ മാവോയിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ തലച്ചോര്‍ എന്നറിയപ്പെടുന്ന രൂപേഷ്‌ ഏറെക്കാലമായി ജയിലിലാണ്‌. മുതിര്‍ന്ന മാവോയിസ്‌റ്റ്‌ നേതാക്കളായ കുപ്പുദേവരാജന്‍, അജിത, സി.പി. ജലീല്‍, വേല്‍മുരുകന്‍ തുടങ്ങിയവരടക്കം പത്തോളം പ്രവര്‍ത്തകര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബി.ജി. കൃഷ്‌ണമൂര്‍ത്തി, സാവിത്രി, ഗൗതം എന്നറിയപ്പെടുന്ന രാഘവേന്ദ്രന്‍ തുടങ്ങിയവരെ ജീവനോടെ പിടികൂടാനും പോലീസിനായി.
കാട്ടില്‍ തമ്പടിച്ചിട്ടുള്ള സായുധ ഗറില്ലാ സ്‌ക്വാഡുമായും സാമൂഹ മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ കേഡര്‍ സംഘടനാ സംവിധാനങ്ങളുമായും ബന്ധപ്പെട്ട്‌ വിവരങ്ങള്‍ കൈമാറിയിരുന്ന ഇടനിലക്കാരനായിരുന്നു രാഘവേന്ദ്രന്‍.
കുറിയര്‍ എന്നറിയപ്പെട്ടിരുന്ന രാഘവേന്ദ്രന്‍ പിടിയിലായതോടെ മാവോയിസ്‌റ്റ്‌ സംഘടനാതലത്തിലുള്ള ആശയവിനിമയം താറുമാറായെന്നാണ്‌ പോലീസിന്റെ നിഗമനം. രാഘവേന്ദ്രനില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ബി.ജി. കൃഷ്‌ണമൂര്‍ത്തിയെയും സാവിത്രിയെയും പിടികൂടിയത്‌.

Leave a Reply