Friday, July 30, 2021

കെ. സുരേന്ദ്രനും സി.കെ. ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മണിമല ഹോം സ്റ്റേയിൽ തെളിവെടുത്തു

Must Read

സുൽത്താൻബത്തേരി: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സി.കെ. ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബത്തേരി ടൗണിന് സമീപത്തുള്ള കോട്ടക്കുന്നിലെ മണിമല ഹോം സ്റ്റേയിൽ തെളിവെടുത്തു. ജാനുവിന് പണം കൈമാറിയെന്ന് പറയപ്പെടുന്ന ഹോം സ്റ്റേയിൽ, കേസിലെ പ്രധാന സാക്ഷിയായ ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിനെ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്.

ഈ ഹോം സ്റ്റേയിൽവെച്ചാണ് സി.കെ. ജാനുവിന് ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പ്രസീത അഴിക്കോട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും പിന്നീട് അന്വേഷണ സംഘത്തിന് മൊഴി നൽകിയതും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബത്തേരിയിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത പ്രസീത ഉൾപ്പെടെയുള്ള ജെ.ആർ.പി. നേതാക്കളും സ്ഥാനാർഥിയായിരുന്ന സി.കെ. ജാനുവും താമസിച്ചിരുന്നത് ഇവിടെയാണ്. മാർച്ച് 26-ന് രാവിലെ പ്രശാന്ത് മലയവൽ പൂജാദ്രവ്യങ്ങളടങ്ങിയ തുണിസഞ്ചിയിൽ 25 ലക്ഷം രൂപ കൊണ്ടുവന്ന് ജാനുവിന് കൈമാറിയെന്നാണ് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുള്ളത്. ജെ.ആർ.പി. സംസ്ഥാന കോ-ഓർഡിനേറ്റർ ബിജു അയ്യപ്പനൊപ്പമാണ് പ്രസീത തെളിവെടുപ്പിനായി ഹോം സ്റ്റേയിലെത്തിയത്. ഏതു മുറിയിൽവെച്ചാണ്, എങ്ങനെയാണ് പണം കൈമാറിയത് തുടങ്ങിയ വിവരങ്ങൾ പ്രസീത അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. ഹോം സ്റ്റേയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ റെക്കോഡ്‌ ചെയ്തിരുന്ന ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ അന്വേഷണസംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാൽ റെക്കോഡ്‌ ചെയ്യുന്ന ദൃശ്യങ്ങൾ 30 ദിവസംമാത്രം സൂക്ഷിക്കാൻ ശേഷിയുള്ളതിനാൽ പണം കൈമാറിയ ദിവസത്തെ ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ല. ശാസ്ത്രീയ പരിശോധനയിലൂടെ ഇതു വീണ്ടെടുക്കാനാണ് ശ്രമം. ക്രൈംബ്രാഞ്ച് വയനാട് ഡിവൈ.എസ്.പി. ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

‘ബത്തേരിയിൽ വൻ പണമിടപാട് ’

സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന വലിയ തോതിലുള്ള പണമിടപാടുകളെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പിന്റെ ചുമതലപോലുമില്ലാത്ത, കെ. സുരേന്ദ്രൻ പക്ഷക്കാരായ ചില നേതാക്കളാണ് ഈ പണമിടപാടെല്ലം നടത്തിയത്.

മൂന്നരക്കോടിയോളം രൂപയാണ് ബത്തേരിയിലെ പ്രചാരണത്തിനായി എത്തിച്ചത്. ഇത്രയും പണം ഇവിടെ ചെലവഴിച്ചിട്ടില്ല. എ ക്ലാസ് മണ്ഡലമായ ബത്തേരിയിൽ ആ രീതിയിലുള്ള പ്രവർത്തനമൊന്നും ബി.ജെ.പി. കാഴ്ചവെച്ചിട്ടില്ല. വലിയ രീതിയിലുള്ള തിരിമറി നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. സി.കെ. ജാനുവിന്റെ കൈയിലേക്കും ഈ പണം എത്തിയോ എന്നും അന്വേഷിക്കണം.

ഏപ്രിൽ 15-ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ഒരു സ്ഥലത്തിനുവേണ്ടി അഞ്ചു ലക്ഷം രൂപ അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ഈ പണമുപയോഗിച്ചായിരിക്കാം ഇടപാട് നടത്തിയതെന്നാണ് കരുതുന്നതെന്നും പ്രസീത പറഞ്ഞു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News