കെ.ആര്‍. ജ്യോതിലാലിനു പൊതുഭരണവകുപ്പിന്റെ ചുമതല തിരികെ നല്‍കിയതുള്‍പ്പെടെ ഐ.എ.എസ്‌. തലപ്പത്ത്‌ അഴിച്ചുപണി

0

തിരുവനന്തപുരം: ഗവര്‍ണറുടെ എതിര്‍പ്പിനേത്തുടര്‍ന്നു മാറ്റിയ കെ.ആര്‍. ജ്യോതിലാലിനു പൊതുഭരണവകുപ്പിന്റെ ചുമതല തിരികെ നല്‍കിയതുള്‍പ്പെടെ ഐ.എ.എസ്‌. തലപ്പത്ത്‌ അഴിച്ചുപണി. ദേവസ്വത്തിന്റെ അധികച്ചുമതലയും ജ്യോതിലാല്‍ വഹിക്കും.
സ്വര്‍ണക്കടത്ത്‌ കേസില്‍ നടപടി നേരിട്ടശേഷം സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കറിനു കായികവകുപ്പ്‌ കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനവകുപ്പുകളുടെ ചുമതലകൂടി നല്‍കി. ഐ.ടി. സെക്രട്ടറി ബിശ്വനാഥ്‌ സിന്‍ഹയ്‌ക്ക്‌ ആസൂത്രണവകുപ്പിന്റെ അധികച്ചുമതല. ഭക്ഷ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ട്വിങ്കു ബിസ്വാളിനെയും വനിതാ ശിശുക്ഷേമ ഡയറക്‌ടറായി ജി. പ്രിയങ്കയേയും നിയമിച്ചു.
രാജ്‌ഭവന്റെ അപ്രീതിക്കു പാത്രമായ ജ്യോതിലാലിനെ 54 ദിവസമാണു പൊതുഭരണവകുപ്പിനു പുറത്തുനിര്‍ത്തിയത്‌. ഗവര്‍ണറുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ്‌. കര്‍ത്തായെ നിയമിച്ചതിനോടു സര്‍ക്കാരിന്റെ വിയോജിപ്പറിയിച്ച്‌ ജ്യോതിലാല്‍ രാജ്‌ഭവനിലേക്കു കത്തയച്ചത്‌ വിവാദമായിരുന്നു. ഗവര്‍ണര്‍ ഇതില്‍ പ്രതിഷേധിച്ചതോടെയാണ്‌ അദ്ദേഹത്തെ പൊതുഭരണവകുപ്പില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌. ഗവര്‍ണറുടെ അതൃപ്‌തി വീണ്ടും ക്ഷണിച്ചുവരുത്താതിരിക്കാനായി രാജ്‌ഭവനെ മുന്‍കൂട്ടി അിയിച്ചശേഷമാണു ജേ്യാതിലാലിനു പഴയലാവണം മടക്കിനല്‍കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here