ഗുരുവായൂരിലെ കൊമ്പന്മാർക്ക് ജൂലൈ സുഖചികിത്സാകാലം;
നാല്പത്തിനാലുപേർക്കും ഒരു മാസത്തെ ചികിത്സയും സമ്പൂർണ്ണ വിശ്രമവും

0

കൂവപ്പടി ജി. ഹരികുമാർ

ഗുരുവായൂർ: ആനപ്പാപ്പാന്മാരുടെയും മൃഗചികിത്സകരുടെയും സ്നേഹവും കരുതലും കൊണ്ട് ഗുരുവായൂരിലെ 44 കൊമ്പന്മാർക്ക് ഓജസ്സും തേജസ്സും വീണ്ടെടുക്കാനുള്ള കാലമായി. എല്ലാവർഷവും ജൂലൈ ഒന്നുമുതൽ ഒരുമാസം നീണ്ടുനിൽക്കുന്ന സർവ്വാംഗ ആരോഗ്യ പരിരക്ഷയിലാണ് ആനത്തറവാട്ടിലെ ഓരോരുത്തരും കൂടുതൽ കരുത്തരാകുന്നത്. 1986-മുതലാണ് ഗുരുവായൂരിലെ ആനകൾക്ക് ആയൂർവ്വേദവും അലോപ്പതിയും സംയോജിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ സുഖചികിത്സ ദേവസ്വം നൽകിത്തുടങ്ങിയത്.

ഗുരുവായൂരിലെ കൊമ്പന്മാർക്ക് ജൂലൈ സുഖചികിത്സാകാലം;<br>നാല്പത്തിനാലുപേർക്കും ഒരു മാസത്തെ ചികിത്സയും സമ്പൂർണ്ണ വിശ്രമവും 1
ഗുരുവായൂരിലെ കൊമ്പന്മാർക്ക് ജൂലൈ സുഖചികിത്സാകാലം;<br>നാല്പത്തിനാലുപേർക്കും ഒരു മാസത്തെ ചികിത്സയും സമ്പൂർണ്ണ വിശ്രമവും 2

ഉള്ളും പുറവും തണുക്കും വരെ എല്ലാവരെയും നന്നായി കുളിപ്പിക്കലാണ് പാപ്പാന്മാരുടെ ആദ്യ പണി. പതിവിൽ നിന്നും വ്യത്യസ്തമായി സമീകൃതമായ ആഹാരങ്ങളാണ് ഇക്കാലയളവിൽ ആനകൾക്കു നൽകുക. പനമ്പട്ടയും പുല്ലും ആണ് മെനുവിലെ ആദ്യ ഇനങ്ങൾ. കുളി കഴിഞ്ഞാൽ ഔഷധക്കൂട്ടുകളടങ്ങിയ ഭക്ഷണക്രമവും വിശേഷ വിധിയോടെയുള്ള കഴുകിത്തുടയ്ക്കലുമെല്ലാം സുഖചികിത്സയുടെ ഭാഗമാണ്. ആനകളുടെ ശരീരഭാരമനുസരിച്ചാണ് ഭക്ഷണത്തിന്റെ തോതു നിശ്ചയിച്ചിട്ടുള്ളത്. 3 കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയ്ക്കൊപ്പം വൈറ്റമിൻ ടോണിക്കുകളും ഗുളികളും നൽകും. ആന ചികിത്സ വിദഗ്ധരായ ഡോ. കെ.സി. പണിക്കർ, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ. ചികിത്സക്കായി ഈ വർഷം 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. ഗജപരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ആന സുഖചികിത്സാ പരിപാടിയുടെ ഉദ്ഘാടനം ജൂലായ് 1ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പുന്നത്തൂർ ആനക്കോട്ടയിൽ ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ നിർവ്വഹിക്കും. എൻ.കെ. അക്ബർ എംഎൽഎ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവധനം വിദദ്ധസമിതി അംഗങ്ങൾ പുന്നത്തൂർ കോട്ടയിലെ പുതിയ വനിതാ മാനേജർ ലെജുമോൾ തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here