ഹൈദരാബാദ് ∙ തെലങ്കാനയിലെ മഹ്ബൂബാബാദില്‍ പത്രപ്രവർത്തകൻ്റെ മകനെ തട്ടികൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മഹ്ബൂബാബാദില്‍ താമസിക്കുന്ന ടിവി ജേണലിസ്റ്റായ രഞ്ജിത് റെഡ്ഡിയുടെ മകനായ ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു ദീക്ഷിത് റെഡ്ഡി എന്ന ഒൻപതു വയസുകാരന്. അയല്‍വാസിയായ യുവ മെക്കാനിക്ക് ബൈക്കിലെത്തി അവനെ കൂട്ടിക്കൊണ്ടുപോയി. പിന്നെയാരും ദീക്ഷിത്തിനെ ജീവനോടെ കണ്ടിട്ടില്ല.
കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി. മന്ദ സാഗര്‍ എന്ന അയല്‍വാസി ദീക്ഷിത്തിനെ കഴുത്തുഞെരിച്ചു കൊന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. കുട്ടിയെ വിട്ടുകിട്ടാന്‍ പണം ആവശ്യപ്പെട്ട് മന്ദ സ്കൈപ്പില്‍ ചെയ്ത കോളാണ് കൊലയാളിയിലേക്കു പൊലീസിനെ എത്തിച്ചത്.
ഞായറാഴ്ച വൈകിട്ട് കളിക്കാന്‍ പോയ ദീക്ഷിത് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകലിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിഞ്ഞത്.
അടുത്തു പരിചയമുള്ളതു കൊണ്ടാണ് മന്ദ വിളിച്ചപ്പോള്‍ അയാള്‍ക്കൊപ്പം പോയത്. തുടര്‍ന്ന് കുട്ടിയെ നഗരത്തിനു പുറത്തേക്കു കൊണ്ടുപോയ മന്ദ ലഹരിമരുന്നു നല്കി മയക്കി ബന്ദിയാക്കി വയ്ക്കുകയായിരുന്നു. എന്നാല്‍ ഇടയ്ക്കെപ്പോഴോ ദീക്ഷിത്ത് തന്നെ തിരിച്ചറിയുമെന്ന് ഭയപ്പെട്ട മന്ദ കുട്ടിയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു.
നഗരത്തിലെ സിസിടിവികള്‍ ഒഴിവാക്കി തന്ത്രപൂര്‍വമാണ് മന്ദ, ദീക്ഷിത്തിനെ കടത്തിക്കൊണ്ടു പോയതെന്നു പൊലീസ് പറഞ്ഞു. ദീക്ഷിത്തിന്റെ അമ്മ വസന്തയെ 18 തവണ ബന്ധപ്പെട്ട മന്ദ 45 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കുട്ടിയെ കൊന്നു കഴിഞ്ഞും ഇയാള്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് മാതാപിതാക്കള്‍ കുറച്ചു പണവും ആഭരണങ്ങളുമായി ഇയാള്‍ ആവശ്യപ്പെട്ട സ്ഥലത്ത് എത്തിയെങ്കിലും മന്ദ അവിടെ ഉണ്ടായിരുന്നില്ല. പണം കാണാനായി സ്കൈപ്പില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതാണ് മന്ദയ്ക്കു കെണിയായത്. ഇതോടെ പൊലീസ് ഇയാളെ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു. പിന്നീട് മന്ദയാണ് ദീക്ഷിതിന്റെ മൃതദേഹം പൊലീസിനു കാട്ടിക്കൊടുത്തത്.
English summary
Journalist’s kidnapped, strangled to death in Mahbubabad, Telangana Dixit, the son of Ranjit Reddy, a TV journalist living in Mahbubabad, was killed.