ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് കോടിയുടെ തട്ടിപ്പു നടത്തിയ കേസില്‍ പ്രധാനിയായ ഇന്ദു(സാറ)വിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നീക്കം തുടങ്ങി. ഇതിനായുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. ഇന്ന് ഇവരെ കസ്റ്റഡിയില്‍ കുട്ടുമെന്നാണ് സൂചന.
പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവര്‍ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്താന്‍ പോലീസിനായിരുന്നില്ല. കേസിലെ പ്രധാന തെളിവുകളായ കമ്പ്യൂട്ടറും ഫോണും കണ്ടെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇവര്‍ക്കെതിരെ സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇന്ദുവിനെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ രണ്ടു സാമ്പത്തിക വഞ്ചനാകേസുകള്‍ നിലവിലുണ്ട്. വയനാട് അമ്പലവയല്‍ സ്റ്റേഷന് പരിധിയില്‍ ഒമ്പതു പേരില്‍ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും എത്തിയിട്ടുണ്ട്. ഇതിലും കേസ് രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലും സമാനരീതിയില്‍ തട്ടിപ്പു നടത്തിയാതായ വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയുടെ മകളാണ് ഇന്ദു എന്നാണ് പോലീസ് നല്കുന്ന വിവരം. ഉന്നത ബന്ധങ്ങള്‍ തട്ടിപ്പിനുപയോഗിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ കൂടുതല്‍ തെളിവുകള്‍ ലഭിക്കുവെന്ന നിഗമനത്തിലാണ് പോലീസ്. സര്‍ക്കാര്‍ മുദ്രകള്‍ ഉള്പെടുത്തിയ വ്യാജ പ്രവേശന ലെറ്ററുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റര്‍ പാഡുകളും ഒരുക്കിയായിരുന്നു ഇന്ദു ഇരകളെ വീഴ്ത്തിയിരുന്നത്.
സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ പ്രവേശന കത്തുകള്‍ നല്‍കിയും ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ തിരുവനന്തപുരം ജെ.എം.അപ്പാര്‍ട്ടുമെന്റില്‍ രണ്ട് ഡി ഫ്ളാറ്റില്‍ ഇന്ദു(സാറ35),ചേര്‍ത്തല നഗരസഭ 34ാം വാര്‍ഡ് മന്നനാട്ട് ശ്രീകുമാര്‍(53) എന്നിവരെയാണ് കഴിഞ്ഞ ദിവസം ചേര്‍ത്തല പോലീസ് അറസ്റ്റുചെയ്തത്. ഇന്ദുവിനെ കോടതി റിമാന്‍ഡു ചെയ്തിരുന്നു. ഇവര്‍ തിരുവനന്തപുരം വനിതാജയിലിലാണ്. ശ്രീകുമാറിനു കോടതി ജാമ്യം അനുവദിച്ചിരുന്നു.
38 പേരില്‍ നിന്നും മൂന്നു മുതല്‍ എട്ടരലക്ഷംവരെ വാങ്ങിയായിരുന്നു തട്ടിപ്പ്. തട്ടിപ്പില്‍ മുഖ്യ സൂത്രധാരിയായ ഇന്ദുവിന്റെ ഇടനിലക്കാരനായിരുന്നു ശ്രീകുമാറെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെയും കൂടുതല്‍ സാമ്പത്തിക വഞ്ചനാ പരാതികള്‍ ഉയരുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ചേര്‍ത്തല എസ്.ഐ എം.എം.വിന്‍സെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
രണ്ടാം പ്രതിയായ ശ്രീകുമാര്‍ നല്കിയ പരാതിയിലാണ് ഇന്ദുവിനെ അറസ്റ്റുചെയ്തത്. ശ്രീകുമാര്‍ വഴിയാണ് പരാതിക്കാരില്‍ വലിയൊരു പങ്കും പണം നല്‍കിയത്.
പണം കൈമാറിയതും ശ്രീകുമാര്‍ വഴിയാണ്. ചേര്‍ത്തല താലൂക്കിലെ മുന്‍കാല ആര്.എസ്.എസ് പ്രവര്‍ത്തകനായ ശ്രീകുമാര്‍ ആ രാഷ്ട്രീയ ബന്ധത്തിലാണ് മറ്റുള്ളവരെ ഇതിലേക്കടുപ്പിച്ചത്. തിരുവനന്തപുരം സ്വദേശിനി ഇന്ദു(സാറ) നെയ്യാറ്റിന്‍കരയിലും ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായി വിവരം. ഇതില്‍ പണം നഷ്ടപെട്ടയാള്‍ ആത്മഹത്യചെയ്തതായുള്ള സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.