ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശിനി ഇന്ദു (സാറ-35) നാലുദിവസം പോലീസ് കസ്റ്റഡിയില്‍. ചേര്‍ത്തല കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇന്ദുവിനെ ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ചേര്‍ത്തലയിലെത്തിച്ചത്. ഇവരുമായി ഇന്നു പോലീസ് തെളിവെടുപ്പു നടത്തും.
കേസില്‍ അറസ്റ്റിലായ ചേര്‍ത്തല സ്വദേശി ശ്രീകുമാറിനു പുറമെ തട്ടിപ്പില്‍ ഇന്ദുവിനെ സഹായിച്ചവരെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവര്‍ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ആലപ്പുഴയിലും തിരുവനന്തപുരത്തും യുവതിയെ എത്തിച്ചു തെളിവെടുക്കും.
നെയ്യാറ്റിന്‍കരയിലും മ്യൂസിയം പോലീസ് പരിധിയിലും ചേര്‍ത്തല, ആലപ്പുഴ പരിധിയിലെ സ്ഥാപനങ്ങളിലും സ്കൂളുകളിലും തെളിവെടുപ്പിനു കൊണ്ടു പോകുന്നുണ്ട്. വെള്ളിയാഴ്ച കസ്റ്റഡി കാലാവധി തീരുംമുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാനാണു ശ്രമം. ഇന്ദുവിന്റെ ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും ബന്ധങ്ങള്‍ തേടിയാണ് പോലീസ് നീങ്ങുന്നത്. ഇന്ദുവിന്റെ ഭര്‍ത്താവ് കലവൂര്‍ സ്വദേശി ഷാരോണിനെയും ചോദ്യം ചെയ്തിരുന്നു. ഇയാളുടെ പണമിടപാടുകളും അന്വേഷണവിധേയമാക്കും.
കൊലക്കേസ് പ്രതിയായ ഇയാള്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഇടനിലക്കാരനായിരുന്ന ശ്രീകുമാറിനെതിരേയും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ പ്രവേശനകത്തുകള്‍ നല്‍കിയും 38 പേരില്‍നിന്നായി ഒരു കോടിയോളം രൂപ തട്ടിച്ചെന്നാണു കേസ്. ഇന്ദു, ശ്രീകുമാര്‍ എന്നിവരെ മൂന്നു ദിവസം മുമ്പാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.