ആലപ്പുഴ ∙ ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്. തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് എൽഎൽബിയും കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽഎൽഎമ്മും ജയിച്ചു. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി.
ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗൺസിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു. ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുൻ മാനേജർ). മക്കൾ: അഡ്വ. വി.പി.ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി.പി.ഉവൈസ് കുഞ്ഞ്് (ബഹറൈൻ). മരുമക്കൾ: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹറൈൻ)
English summary
Jamaat Council state president A. Pookunju (74) has passed away