ലോകായുക്‌തയോട്‌ ജലീലിന്റെ യുദ്ധപ്രഖ്യാപനം , “തക്കപ്രതിഫലം കിട്ടിയാല്‍ എന്തുകടുംകൈയും ചെയ്യും ലോകായുക്‌ത”

0

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതിയില്‍ ഇടതു സര്‍ക്കാര്‍ വിവാദത്തിലായിരിക്കേ ലോകായുക്‌തയെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ കടന്നാക്രമിച്ച്‌ മുന്‍മന്ത്രി കെ.ടി. ജലില്‍. പ്രത്യക്ഷമായി പേരു പരാമര്‍ശിച്ചില്ലെങ്കിലും ലോകായുക്‌തയും സുപ്രീം കോടതി മുന്‍ ജഡ്‌ജിയുമായ സിറിയക്‌ ജോസഫിനെതിരേയാണു കെ.ടി. ജലീല്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്‌. കഴിഞ്ഞസര്‍ക്കാരിന്റെ അവസാനനാളുകളില്‍ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്‌ത വിധിയെത്തുടര്‍ന്ന്‌ കെ.ടി. ജലീലിനു മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു.
തക്ക പ്രതിഫലം കിട്ടിയാല്‍ ആര്‍ക്കുവേണ്ടിയും എന്തു കടുംകൈയും ചെയ്യുന്ന ആളാണു ലോകായുക്‌തയെന്നും പ്രമാദമായ കേസില്‍നിന്നു യു.ഡി.എഫ്‌. നേതാവിനെ രക്ഷപ്പെടുത്തിയതിനു പ്രതിഫലമായി സഹോദരഭാര്യക്ക്‌ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ പദവി വിലപേശി വാങ്ങിയിട്ടുണ്ടെന്നുമാണ്‌ ജലീല്‍ ഉന്നയിച്ച പ്രധാനആരോപണം. റിട്ട. ജസ്‌റ്റീസ്‌ സിറിയക്‌ ജോസഫിനെ ലക്ഷ്യമിട്ടു ജലീല്‍ ഇട്ട പോസ്‌റ്റ്‌ രാഷട്രീയ, നിയമ വൃത്തങ്ങളെ ഒരുപോലെ ഞെട്ടിച്ചു. മൂന്നു കേന്ദ്ര ഏജന്‍സികള്‍ അരിച്ചുപെറുക്കിയിട്ടും നയാപൈസയുടെ ക്രമക്കേട്‌ കണ്ടെത്താതെ പത്തിമടക്കി പിന്‍വാങ്ങിയപ്പോള്‍ പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്നു കുത്താന്‍ യു.ഡി.എഫ്‌ കണ്ടെത്തിയ പുതിയ കത്തിയാണു ലോകായുക്‌ത എന്നു കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ജലീലിന്റെ ആദ്യ പോസ്‌റ്റില്‍ പേര്‌ വ്യക്‌തമാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ കുറിപ്പില്‍ സിറിയക്‌ ജോസഫിന്റെ വിധിയും ഉന്നയിക്കപ്പെട്ടു. സര്‍ക്കാരിന്റെ ലോകായുക്‌ത ഭേദഗതി ഓര്‍ഡിനന്‍സ്‌ ന്യായീകരിച്ചുകൊണ്ടുള്ള ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ്‌ ഗുരുതര ആരോപണങ്ങള്‍.
ജലീല്‍ സൂചിപ്പിച്ച നേതാവ്‌ കുഞ്ഞാലിക്കുട്ടിയും കേസ്‌ ഐസ്‌ക്രീം കേസും വി.സി. ആയി നിയമിക്കപ്പെട്ടത്‌ ഡോ. ജാന്‍സി ജെയിംസുമാണ്‌. കുറിപ്പില്‍ പറയുന്ന 2005 ജനുവരി 25ന്‌ പുറത്ത്‌ വന്ന ഹൈക്കോടതി വിധി ഐസ്‌ക്രീം കേസിലേതാണ്‌.
അന്നത്തെ ഡിവിഷന്‍ ബെഞ്ചില്‍ സിറിയക്‌ ജോസഫുമുണ്ടായിരുന്നു. ജലീല്‍ കുറിപ്പില്‍ പറഞ്ഞ തീയതിയിലാണ്‌ സിറിയക്‌ ജോസഫിന്റെ സഹോദരഭാര്യ ജാന്‍സി ജെയിംസ്‌ എം.ജി വി.സി ആയത്‌. 2005 ജനുവരി 25ന്‌ പുറത്തുവന്ന വിധിയുടെ കോപ്പിയും 2004 നവംബര്‍ 14ന്‌ സഹോദരഭാര്യ വിസി പദവി ഏറ്റെടുത്തതിന്റേയും രേഖ നാട്ടിലെ മുറുക്കാന്‍ കടയില്‍ പോലും കിട്ടുമെന്നാണ്‌ ജലീലിന്റെ പരിഹാസം.
എന്നാല്‍ യു.ഡി.എഫിനെതിരേ ആക്ഷേപം ഉന്നയിക്കുമ്പോഴും സിറിയക്‌ ജോസഫിനെ ലോകായുക്‌തയായി നിയമിച്ചത്‌ ഒന്നാം പിണറായി സര്‍ക്കാര്‍ എന്ന കാര്യം ജലീല്‍ പറയുന്നില്ല. ജുഡീഷ്യറിയോടുള്ള സര്‍ക്കാരിന്റെ പരസ്യവെല്ലുവിളിയാണിതെന്നും ജലീല്‍ സര്‍ക്കാറിന്റെ ചാവേറാണെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ പറഞ്ഞു.
അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന്‌ രമേശ്‌ ചെന്നിത്തലയും കുറ്റപ്പെടുത്തി. പ്രതിപക്ഷ വിമര്‍ശനത്തിന്‌ പിന്നാലെ ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫിന്റെ പഴയ വിധി പകര്‍പ്പ്‌ പങ്കുവച്ചുകൊണ്ടുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുമായി ജലീല്‍ എത്തി.

Leave a Reply