തിരുവനന്തപുരം: ലോകായുക്തയെ വിമര്‍ശിച്ച കെ ടി ജലീലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കെ ടി ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തിമാത്രമാണ്. ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്. അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നായിരിക്കും അത് പറഞ്ഞതെന്നും കാനംരാജേന്ദ്രന് പറഞ്ഞു.
അതേസമയം, ജസ്റ്റിസ് സിറിയക് തോമസിന് എതിരായ വിമര്‍ശനം കടുപ്പിചച്ച് ജലീല്‍ ഇന്നും രംഗത്തെത്തി. സുപ്രീം കോടതിയില്‍ ജഡ്ജിയായിരിക്കെ മൂന്നര കൊല്ലത്തിനിടയില്‍ ആറു വിധികള്‍ മാത്രം പറഞ്ഞ ‘മഹാന്’ തനിക്കെതിരായ കേസില്‍ പന്ത്രണ്ടു ദിവസം കൊണ്ടു വെളിച്ചത്തേക്കാള്‍ വേഗത്തില്‍ വിധി പറഞ്ഞതെന്ന് ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളെന്നും പേരു പരാമര്‍ശിക്കാത്ത കുറിപ്പില്‍ ആരോപണമുണ്ട്.
യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയെന്നു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് കുറിപ്പില്‍ ജലീല്‍ ആരോപിച്ചിരുന്നു.
നിലവിലെ ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ജലീല്‍ ഉന്നയിച്ചത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ചെയ്യുമെന്ന് ജലീല്‍ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ കുറിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജലീലിനു ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്.
ലോകായുക്തക്കെതിരെ ആരോപണങ്ങളുമായി ഇന്നും ജലീല്‍ രംഗത്ത് എത്തിയിരുന്നു. മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞു. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നുമായിരുന്നു ജലീലിന്റെ ആരോപണം.
തക്കതായ പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്തും ചെയ്യും. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യുഡിഎഫാണെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ ആരോപിച്ചിരുന്നു.
ജലീലിന്റെ പുതിയ കുറിപ്പില്‍നിന്ന്:
‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’
2021 മാര്‍ച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്പ് ‘ബോംബ്’ പൊട്ടിച്ച് ഇടതുപക്ഷത്തിന്റെ രണ്ടാം വരവ് തടയലായിരുന്നു ഡഉഎ ന്റെ ലക്ഷ്യം. മൈനോരിറ്റി കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജ് സുപ്രീം കോടതിയിലുള്ള തന്റെ കേസുകളുടെ വിവരം വെച്ച് ചെയ്ത ഇ മെയ്ല് ഇല്ലായിരുന്നെങ്കില്‍ ഒരു ഹിയറിംഗിന് കൂടി സമയം അനുവദിക്കുമായിരുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാംകൂടി ചുരുട്ടിക്കൂട്ടി കിണറ്റിലിടുമായിരുന്നു വിനീത ദാസന്.
സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തിനിടയില്‍ കേവലം 6 വിധികള്‍ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത ‘മഹാനാണ്’ (അരുണ്‍ ജെയ്റ്റ്ലിയോടും സുഷമ സ്വരാജിനോടും കടപ്പാട്) പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച് വാദം കേട്ട് എതിര് കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞ് ചരിത്രം കുറിച്ചത്.
‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുന്‍കൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല’.