ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ വിധി പ്രഖ്യാപനം 14ന്

0

ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ വിധി പ്രഖ്യാപനം 14ന്. ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണു വിധി പറയുന്നത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷംകൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാനായി 14ലേക്കു മാറ്റി.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. വൈക്കം മുൻ ഡിവൈ എസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി കെ.രാമൻപിള്ള, സി. എസ്.അജയൻ എന്നിവരുമാണു ഹാജരായത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.

ആരോപിച്ച കുറ്റങ്ങൾ

പീഡനം, ത‍ടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ 7 വകുപ്പുകളാണു ഡോ. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ 5 ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, 7 മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെ വിസ്തരിച്ചു. 2018 ജൂണിൽ ഫ്രാങ്കോയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം കന്യാസ്ത്രീ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പിന്റെ ചുമതലകളിൽനിന്നു സഭാ അധികൃതർ മാറ്റിനിർത്തിയിരിക്കുകയാണ്.

Leave a Reply