Sunday, November 28, 2021

വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ മാത്രമേ ആനകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി

Must Read

വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ മാത്രമേ ആനകളെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളുവെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കേരള നിയമസഭയിൽ എംഎൽഎ ഇ. ടി. ടൈസൺ മാസ്റ്റർക്ക് മറുപടി നൽകി നൽകുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.

ആനയെ കയറ്റികൊണ്ടു പോകുന്ന വാഹനത്തിന്‌ 420 സെന്റീമീറ്റര്‍ നീളവും ടയറിന്‌ 90-20 സൈസും ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്കാവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്തി, മോട്ടോര്‍ വാഹന വകുപ്പിൽ നിന്നും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി ഓരോ ജില്ലയിലെയും നാട്ടാന പരിപാലനത്തിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ള ഓഫീസറില്‍ നിന്നും അനുമതി പത്രവും വാങ്ങണം. ആനയെ കയറ്റുന്നതിനും ഇറക്കുന്നതിനും ലോറിയുടെ വീതിക്കനുസൃതമായ നീളമുള്ളതും കുറഞ്ഞത്‌ 100 സെന്റീമീറ്റര്‍ വീതിയുള്ളതുമായ ചവിട്ടുപടി ഉണ്ടായിരിക്കണം. സൈഡ്‌ ബോഡി ഉള്ള വാഹനത്തിലായിരിക്കണം ആനയെ കൊണ്ടുപോകേണ്ടത്. സഞ്ചാര വേഗത 25 കിലോമീറ്ററില്‍ കൂടാൻ പാടില്ല. തുടര്‍ച്ചയായി 6 മണിക്കൂറില്‍ കൂടുതൽ യാത്ര ചെയ്യിക്കാനും പാടില്ല. ആനയെ അയല്‍ സംസ്ഥാനത്തേയ്ക്ക്‌ കൊണ്ടു പോകുന്നതിന്‌ മുന്‍പായി ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസറുടെ അനുമതി ആവശ്യമാണ്‌. യാത്രയിലുടനീളം ആനയുടെ കൂടെ ഒരു പാപ്പാന്‍ ഉണ്ടായിരിക്കേണ്ടതും ആവശ്യമായ തീറ്റ വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്‌. ഈ നിയമം പാലിക്കപ്പെടുന്നു എന്ന്‌ ഉറപ്പാക്കേണ്ട ചുമതല വനം വകുപ്പിനും പോലീസിനുമാണ്.

2008 ലെ സര്‍ക്കുലര്‍ പ്രകാരം കുറഞ്ഞത് 12 അടി നീളമുള്ള ലോറിയില്‍ മാത്രമേ ആനകളെ കൊണ്ടുപോകാന്‍ പാടുള്ളൂ. ഒരു ദിവസം തുടര്‍ച്ചയായി 150 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്ത്‌ ആനകളെ കൊണ്ടു പോകാന്‍ പാടുള്ളതുമല്ല. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1978-ലെ മൃഗക്കടത്ത് നിയമം പാലിച്ചുകൊണ്ട് മാത്രമേ സംസ്ഥാനത്ത്‌ കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകാൻ പാടുള്ളൂ. ഈ നിയമ പ്രകാരം മൃഗങ്ങള്‍ക്ക്‌ യാത്രയ്ക്ക് മുന്‍പ്‌ ആരോഗ്യ പരിശോധന നടത്തി അവ രോഗവിമുക്തമാണെന്നും, അവയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പ്‌ നല്‍കിയിട്ടുണ്ടെന്നും, അവയെ യാത്രചെയ്യിക്കാമെന്നുമുള്ള വെറ്ററിനറി സര്‍ജന്റെ സർട്ടിഫിക്കറ്റും അനിവാര്യമാണ്‌. ഓരോ മൃഗത്തിനും ആവശ്യമായ സ്ഥലം വാഹനത്തിൽ ഉണ്ടായിരിക്കണം. ആയത്‌ പ്രകാരം വലിപ്പത്തിനനുസരിച്ച്‌ വിവിധ വാഹനങ്ങളില്‍ കയറ്റാവുന്ന ഉരുക്കളുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്‌.

വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ക്രൂരത സംബന്ധിച്ച് നിലവില്‍ പോലീസാണ്‌ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്ത്‌ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ 18 ചെക്ക്‌ പോസ്റ്റുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സംസ്ഥാനത്ത്‌ കൊണ്ടു വരുന്ന പക്ഷി മൃഗാദികളുടെ ആരോഗ്യ, പരിശോധനയും, മൃഗക്കടത്ത്‌ നിയമം പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പു വരുത്തുന്നതും ഈ ചെക്ക്പോസ്റ്റുകളിലാണ്‌. കേരള മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ചട്ടം 197 ലാണ്‌ ചരക്കു വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടു പോകുന്ന വിഷയം പ്രതിപാദിച്ചിരിക്കുന്നത്. പ്രസ്തുത ചട്ടമനുസരിച്ച് വന്യവും അപകടകാരികളുമായ മൃഗങ്ങളെ കൊണ്ടു പോകുന്നതിന്‌ അനുയോജ്യമായ വിധത്തിലുള്ളതും ആവശ്യാനുസരണം സ്ഥലസൗകര്യമുള്ളതുമായ കൂട്‌ വേണമെന്നും വാഹനത്തില്‍ ഓരോതരം മൃഗത്തിന്റെയും പ്രത്യേകതയനുസരിച്ച്‌ സ്ഥലം ഉറപ്പുവരുത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തിനിറച്ചുകൊണ്ടു പോകാന്‍ പാടില്ലായെന്നും ഓരോ മൃഗത്തിന്റെയും തരം അനുസരിച്ച്‌ ആവശ്യമായ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം കേരള മോട്ടോര്‍ വാഹന ചട്ടം 197(1) ലും കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 125 (E) യിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 93-ല്‍ പ്രതിപാദിക്കുന്ന അളവുകളുടെ അടിസ്ഥാനത്തിലാണ്‌ വാഹനങ്ങളെല്ലാം രൂപകല്പന ചെയ്ത്‌ നിര്‍മ്മിക്കുന്നത്‌.

മൃഗങ്ങളെ കയറ്റികൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക്‌ മാത്രമായി അളവുകളില്‍ വൃത്യാസം വരുത്തുവാന്‍ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ പ്രകാരം സാധിക്കുകയില്ല. എന്നാല്‍ വാഹനത്തിന്റെ ഉയരത്തിനനുസൃതമായി മൃഗങ്ങള്‍ക്ക്‌ സുഗമമായി കയറുവാനും ഇറങ്ങുവാനും സാധ്യമാകുന്ന തരത്തില്‍ എടുത്തുമാറ്റാവുന്ന പ്ലാറ്റ്‌ ഫോമുകള്‍ ഉപയോഗിക്കാവുന്നതാണ്‌. സംസ്ഥാനത്തെ ചെക്ക്‌ പോസ്റ്റുകള്‍ വഴി മൃഗങ്ങളെ കയറ്റിക്കൊണ്ടു പോകുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കേണ്ടതാണെന്നും മേല്‍പ്പറഞ്ഞ ഉത്തരവുകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി മൃഗങ്ങളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും സംസ്ഥാനത്തിനകത്ത്‌ വാഹനങ്ങളില്‍ മൃഗങ്ങളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ടി വാഹനം സംസ്ഥാനത്തിനുള്ളിലേക്ക്‌ കടത്തിവിട്ട ചെക്ക്‌ പോസ്റ്റ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News