മലയാളികളായ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചു കൊലപ്പെടുത്തിയ കേസ് അവസാനിപ്പിച്ച് ഇറ്റലിയും; വിചാരണയ്ക്ക് മതിയായ തെളിവുകളില്ലെന്ന് റോമിലെ കോടതിയും

0

റോം: മലയാളികളായ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ച് കൊന്ന കേസ് അവസാനിപ്പിച്ച് ഇറ്റലിയും. എന്റിക ലെക്‌സി കപ്പലിലെ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ എന്നിവർ 2012 ഫെബ്രുവരി 15നാണ് ജെലിസ്റ്റിൻ (44), അജീഷ് പിങ്ക് (20) എന്നീ മലയാളികളെ വെടിവച്ച് കൊലപ്പെടുത്തിയത്.

ഏഴ് മാസം മുമ്പ് കേസിന്റെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയൻ കോടതിയുടെ ഇടപെടൽ. 2021 ജൂണിൽ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദ് ചെയ്ത് രണ്ട് നാവികർക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിചാരണയ്ക്ക് മതിയായ തെളിവുകളില്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചതിനെ തുടർന്ന് റോം ജഡ്ജി ഇരുവർക്കുമെതിരെയുള്ള കൊലപാതക അന്വേഷണം തള്ളിക്കളയുകയായിരുന്നു.

1982ലെ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദ സീ പ്രകാരം രൂപീകരിച്ച ആർബിട്രൽ ട്രൈബ്യൂണലിലെ ഒരംഗമാണ് ഇന്ത്യ. 2020 മെയ് 21ന് ഇന്ത്യക്ക് അവാർഡും ലഭിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. റിപ്പബ്ലിക് ഓഫ് ഇറ്റലി, ഇതിനകം നൽകിയ 2.17 കോടി രൂപ എക്സ് ഗ്രേഷ്യ തുകയ്ക്ക് മുകളിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്നും സമ്മതിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ക്രിമിനൽ അന്വേഷണം പുനരാരംഭിക്കുമെന്ന ഇറ്റലിയുടെ വാദം ട്രൈബ്യൂണൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഇറ്റലി 10 കോടി രൂപ ഇന്ത്യൻ യൂണിയനിൽ നിക്ഷേപിച്ചതായും കേരള സർക്കാരും മരിച്ച മത്സ്യത്തൊഴിലാളികളുടെ അവകാശികളും ബോട്ട് ഉടമയും ഈ തുക സ്വീകരിക്കാൻ സമ്മതിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

നിയമനടപടികളുടെ നാൾവഴികൾ

2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്ക് സെയ്ന്റ് ആന്റണി എന്നു പേരായ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു മത്സ്യബന്ധന ബോട്ടിനു നേരെ സമുദ്രാതിർത്തിക്ക് 20.5 നോട്ടിക്കൽ മൈൽ ദൂരത്തുനിന്നും എന്റിക്ക ലെക്‌സി എന്നു പേരായ, എണ്ണ ടാങ്കർ വഹിച്ചുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഇറ്റാലിയൻ കപ്പലിൽനിന്നും യാതൊരു മുന്നറിയിപ്പും കൂടാതെയുണ്ടായ 20 തവണ തുരുതുരാ വെടിയുതിർന്നതിനെ തുടർന്നതാണ് ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ജെലിസ്റ്റിൻ (44), അജീഷ് പിങ്ക് (20) എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം ബോട്ട് നീണ്ടകര തീരത്തേക്കെത്തുകയും ബോട്ടുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തി ചുമത്തി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, പോലീസും ഇന്ത്യൻ നാവികസേനയും നടത്തിയ തിരച്ചിലിലാണ് എന്റിക്ക ലെക്‌സി എന്നു പേരായ ഇറ്റാലിയൻ കപ്പലിൽനിന്നാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞത്. കേസന്വേഷണ ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായി ഇറ്റാലിയൻ കപ്പലിനെ കൊച്ചി തീരത്തെത്തിക്കുകയും പിന്നീടുണ്ടായ അന്വേഷണത്തിൽ സിംഗപ്പൂരിൽനിന്നും ഈജിപ്തിലേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു സംഭവമുണ്ടായതെന്നും മനസ്സിലായി.

എണ്ണ ടാങ്കറിനു സുരക്ഷാഭടന്മാരായി ജോലി ചെയ്തിരുന്ന മാസിമിലിയാനോ ലെത്തോറെ എന്നും സൽവത്തോർ ഗിറോണി എന്നും പേരുള്ള രണ്ട് ഇറ്റാലിയൻ മിലിട്ടറി നാവികരാണ് വെടിവെച്ചതെന്നും തിരിച്ചറിഞ്ഞു. കേരള പൊലീസ് പിന്നീട് രണ്ട് നാവികരേയും കേസിൽ പ്രതിചേർത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി രണ്ടുപേരേയും റിമാന്റ് ചെയ്യുകയും ചെയ്തു. പ്രതികൾ വെടിവെച്ചത് സമുദ്രാതിർത്തിയായ 12 നോട്ടിക്കൽ മൈലിനപ്പുറത്തുള്ള 20.5 നോട്ടിക്കൽ മൈൽ ദൂരത്തുള്ള കോണ്ടിനന്റൽ ഷെൽഫിനുള്ളിലായതിനാൽ ഇന്ത്യൻ പൊലീസിന് കേസന്വേഷിക്കാനോ പ്രതികളെ ഇന്ത്യൻ നിയമം ചുമത്തി കുറ്റവിചാരണ ചെയ്യാനോ അവകാശമില്ലെന്നും ഇന്ത്യ ഒപ്പിട്ട ഐക്യരാഷ്ട്ര സമുദ്ര നിയമ ഉടമ്പടി(യുൻക്ലോസ്)ലെ അനുഛേദം 58, 92, 97 അനുസരിച്ച് പ്രതികൾക്കെതിരെയുള്ള നിയമ നടപടി ഇറ്റലിയിൽ മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും ആയതിനാൽ സംഭവത്തെ തുടർന്ന് റോമിലെ ഇറ്റലി മിലിറ്ററി പ്രോസിക്യൂഷൻ ആഫിസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വാദിച്ച് ഹർജി സമർപ്പിക്കപ്പെട്ടു.

ആ കാരണത്താൽ ഇന്ത്യൻ കോടതിയിൽ പ്രതികൾക്കെതിരെ സംഭവത്തോടനുബന്ധിച്ച് ഒരു നിയമ നടപടിയും നിലനിൽക്കില്ലെന്ന് കാണിച്ച് പ്രതികളും ഇറ്റാലിയൻ സർക്കാരും ചേർന്ന് കേരള ഹൈക്കോടതിയിൽ പ്രതികൾക്കെതിരെയുള്ള പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കാൻ ഹർജി നൽകി. പ്രതികൾ രണ്ടുപേരും ഇറ്റലി മിലിട്ടറി സർവ്വീസിൽ ജോലി ചെയ്യുന്നവരാണെന്നും ആയതിനാൽ പ്രതികൾക്ക് മിലിട്ടറി നാവികരെന്ന നിലയിൽ ക്രിമിനൽ പ്രോസിക്യൂഷനിൽനിന്നും പരമാധികാര പരിരക്ഷ ലഭിക്കണമെന്നുമാണ് ഹൈക്കോടതി മുൻപാകെയുണ്ടായ പ്രതികളുടെ മറ്റൊരു വാദം, മത്സ്യത്തൊഴിലാളികളെ വെടിവെച്ചത് കടൽക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണെന്നും വാദമുണ്ടായി. ഇതെല്ലാം ഉന്നയിച്ചെങ്കിലും പ്രതികളുടെ മുഴുവൻ വാദങ്ങളും നിരാകരിച്ചുകൊണ്ടും കേരള പൊലീസിന്റെ നടപടി ശരിവെച്ചുകൊണ്ടുമാണ് ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്. പ്രതികളും ഇറ്റാലിയൻ സർക്കാരും ഹൈക്കോടതിയിൽ ബോധിപ്പിച്ച ഹർജിയിൽ വിധി വരുന്നതിനു മുൻപേത്തന്നെ പ്രതികളും ഇറ്റാലിയൻ സർക്കാരും ചേർന്ന് സമാനമായ വാദങ്ങൾ ഉന്നയിച്ച് പ്രതികൾക്കെതിരെയുള്ള പ്രഥമ വിവര റിപ്പോർട്ട് റദ്ദ് ചെയ്യാൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ബോധിപ്പിച്ച അപ്പീലും സുപ്രീംകോടതിയിൽ ബോധിപ്പിച്ച റിട്ട് ഹർജിയും ഒരുമിച്ച് വാദം കേട്ട സുപ്രീംകോടതി പ്രതികളുടേയും ഇറ്റാലിയൻ സർക്കാരിന്റേയും വാദങ്ങൾ പാടെ നിരാകരിച്ചുകൊണ്ട് പിന്നീട് തള്ളുകയുണ്ടായി. സംഭവം സമുദ്രാതിർത്തിയായ 12 നോട്ടിക്കൽ മൈലിനപ്പുറത്തുള്ള കൊണ്ടിനന്റൽ ഷെൽഫിനകത്തായതുകൊണ്ടും, കേരളം രാജ്യത്തെ ഒരു ഫെഡറൽ യൂണിറ്റ് മാത്രമായതുകൊണ്ടും കേസ് ഡൽഹിയിൽ എൻ.ഐ.എ കേസ് അന്വേഷിക്കാനും പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു. പ്രതികളെ കൊച്ചിയിൽനിന്നും ഡൽഹിയിലേക്കെത്തിക്കാനും പ്രതികൾ സുപ്രീംകോടതിയുടെ അനുമതി കൂടാതെ ഡൽഹി വിടാൻ പാടില്ലെന്നും, അവർ ചാണക്യപുരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻപാകെ ആഴ്ചയിലൊരിക്കൽ ഒപ്പിടണമെന്നും ഇറ്റാലിയൻ അംബാസഡറുടെ മേൽനോട്ട ചുമതലയിൽ കഴിയണമെന്നും സുപ്രീംകോടതി വിധിയിൽ പറഞ്ഞു. പ്രതികളുടെ പാസ്പോർട്ട് കൊല്ലത്തെ കേസ് പരിഗണിക്കുന്ന വിചാരണ കോടതിയിൽനിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശത്തിൽ സൂക്ഷിക്കാനും കോടതി വിധിയുണ്ടായി.

സുപ്രീംകോടതി വിധിയെത്തുടർന്ന് എൻ.ഐ.എ കേസന്വേഷണം ഏറ്റെടുക്കുകയും ഏഴ് മാസങ്ങൾകൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികൾക്കുനേരെ നാവികർ തങ്ങളുടെ കൈവശമുണ്ടായിരുന്ന 5.56 എം.എം. ഓട്ടോമാറ്റിക്ക് ബെറിറ്റ റൈഫിളിൽനിന്നും 20 തവണ വെടിവെച്ചുവെന്നും വൈകിട്ട് നാലര മണിക്കു തെളിഞ്ഞ ചക്രവാളമായിരുന്നുവെന്നും എൻ.ഐ.എ കണ്ടെത്തി. കപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചുവെന്നും മത്സ്യബന്ധന തൊഴിലാളികൾ കടൽക്കൊള്ളക്കാരാണെന്ന് കരുതി വെടിവെച്ചുവെന്നുമൊക്കെയുള്ള പ്രതികളുടേയും ഇറ്റാലിയൻ സർക്കാരിന്റേയും മുടന്തൻ വാദങ്ങളുടെ മുന ഇതോടെ ഒടിഞ്ഞു.

ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് അന്നത്തെ യു.ഡി.എഫ് ഗവൺമെന്റും കേന്ദ്രത്തിലെ യു.പി.എ ഗവൺമെന്റും ഏറെ കർക്കശമായ രീതിയിലായിരുന്നു കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നത്. ജയിലിൽ കഴിയുന്ന പ്രതികൾക്ക് ഒരു സാഹചര്യത്തിലും വിചാരണ പൂർത്തിയാവുന്നതിന് മുൻപ് ജാമ്യം ലഭിക്കരുതെന്ന നിർബ്ബന്ധമുള്ളതുകൊണ്ടു തന്നെ കേരള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങൾക്കുള്ളിൽത്തന്നെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു.

പിന്നീട് സുപ്രീംകോടതി വിധിയോടെ തുടരന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ അന്വേഷണം പൂർത്തിയാക്കി വിചാരണക്കായി കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി 2013 നവംബർ മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കുറ്റപത്രം അയക്കുകയും ചെയ്തു. എൻ.ഐ.എയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതികൾ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികളോടൊത്ത് ചരക്കു കപ്പലിലുണ്ടായിരുന്ന മറ്റ് നാവികർക്ക് നിരന്തരം സമൻസയച്ചിട്ടും എൻ.ഐ.എ മുൻപാകെ ഹാജരാകാതെ കേസന്വേഷണവുമായി നിസ്സഹകരിച്ച് അന്വേഷണം സ്തംഭിപ്പിക്കാനും നീക്കമുണ്ടായിരുന്നു.

പിന്നീട് എൻ.ഐ.എയുടെ കേസന്വേഷണത്തെ ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയിൽ ഹർജി ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ സുപ്രീംകോടതിയുടെ അനുമതിയോടെ വോട്ട് ചെയ്യാൻ ഇറ്റലിയിൽ പോയ പ്രതികൾ ഇനി ഇന്ത്യയിലേക്ക് തിരികെ വരില്ലെന്ന് ഇറ്റലിയിലെ വിദേശ മന്ത്രാലയം 2013 മാർച്ച് 10 പരസ്യ പ്രഖ്യാപനം നടത്തി. തുടർന്നു പ്രതികളും ഇറ്റാലിയൻ സർക്കാരും സുപ്രീംകോടതിയുടെ ശാസന ഏറ്റുവാങ്ങി. പ്രതികൾ ഇന്ത്യയിലേക്ക് തിരികെ വരുന്നതുവരെ ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ രാജ്യം വിടരുതെന്നുവരെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് മക്കളോടൊപ്പം പാർട്ടി വിട്ട് മുതിർന്ന കോൺഗ്രസ് നേതാവ്; മുൻ മന്ത്രി ജഗ്മോഹന്‍ കാംഗും മക്കളും ആം ആദ്മിയിൽ ചേർന്നു
യൂട്യൂബിലും താരമായി നരേന്ദ്രമോദി; ലോക നേതാക്കളിൽ ഏറ്റവുമധികം സബ്സ്ക്രൈബേഴ്സ് ഇന്ത്യൻ പ്രധാനമന്ത്രിക്ക്

Leave a Reply