ഫുട്ബോള്‍ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ ഡീഗോ മറഡോണയുടെ സ്മരണാര്‍ത്ഥം ഇറ്റാലിയൻ ക്ലബ് നാപോളി തങ്ങളുടെ ഹോം ഗ്രൌണ്ടിന്റെ പേര് പുനര്‍നാമകരണം ചെയ്തു. സാന്‍പോളോ എന്ന പേര് ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്നാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിന്റെ പേരുമാറ്റാന്‍ നേപ്പിൾസ് സിറ്റി കൗൺസിൽ ഐക്യകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.
‘എക്കാലത്തെയും മികച്ച ഫുട്ബോളറായിരുന്നു മറഡോണ, തൻെറ അപാരമായ കഴിവും മാന്ത്രികസ്പര്ശങ്ങളും ഉപയോഗിച്ച് ഏഴ് വർഷക്കാലം നേപ്പിൾസ് ജഴ്സിയെ അദ്ദേഹം അനശ്വരമാക്കി, രണ്ട് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും മറ്റ് അഭിമാനകരമായ മുഹൂര്‍ത്തങ്ങളും ടീമിന് നൽകി. പകരമായി ഈ നഗരത്തിൻെറ മുഴുവന്‍ സ്നേഹവും നിരുപാധികവുമായ ആദരവും അദ്ദേഹം നേടിയെടുത്തു’ -നഗരത്തിലെ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന്.
യൂറോപ്പ ലീഗിൽ റിയൽ സോസീഡാഡിനെതിരെ വ്യാഴാഴ്ചയാകും ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നാപോളിയുടെ ആദ്യ മത്സരം. കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളിലും മറഡോണക്ക് ആദരം അര്‍പ്പിച്ചാണ് നാപോളി കളിച്ചത്. Italian club Napoli have renamed their home ground in memory of football legend and former captain Diego Maradona.