തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്പോൾ ചുമതല ഏതെങ്കിലും മന്ത്രിമാർക്കു കൈമാറുമോ എന്ന കാര്യം ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അറിയാം. ഈയാഴ്ച അവസാനത്തോടെയാണു ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നത്.
സിപിഎം ജില്ലാ സമ്മേളനവേദിയിൽനിന്നു രാവിലെ 11നാണ് ഇന്നത്തെ മന്ത്രിസഭയിലും മുഖ്യമന്ത്രി ഓണ്‍ലൈനായാണ് അധ്യക്ഷത വഹിക്കുന്നത്. നാളെ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി ഔദ്യോഗിക ചർച്ചകളും നടത്തും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയിലേക്കു ചികിത്സയ്ക്കായി പോയപ്പോൾ ഔദ്യോഗിക ചുമതല ആർക്കും നൽകിയിരുന്നില്ല. ഇ- ഫയലിംഗ് സംവിധാനം വഴിയാണ് അത്യാവശ്യ ഫയലുകൾ നോക്കിയിരുന്നത്.
അന്നു വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജനു ദുരിതാശ്വാസ ഫണ്ട് പിരിവിന്റെയും ഫണ്ട് സ്വീകരിക്കുന്നതിന്റെയും ചുമതല മാത്രമാണു കൈമാറിയിരുന്നത്. ഇപ്പോൾ മന്ത്രിസഭായോഗം ഓണ്‍ലൈനായാണു ചേരുന്നതെന്നതിനാൽ അമേരിക്കയിൽനിന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം ചേരാനാണു സാധ്യതയേറെ. കോവിഡ് അവലോകന യോഗത്തിൽ അടക്കം ഓണ്‍ലൈനായി പങ്കെടുത്തേക്കും.
തുടർചികിത്സയുടെ ഭാഗമായി 15നാണ് പിണറായി വിജയൻ അമേരിക്കയിലേക്കു പോകുന്നത്. ഈ മാസം അവസാനം മടങ്ങിയെത്തും.