Tuesday, October 26, 2021

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനകളില്‍ നിന്ന്‌ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ്‌ അവലോകനയോഗത്തില്‍ തീരുമാനിച്ചു

Must Read

തിരുവനന്തപുരം : കോളജുകള്‍ തുറക്കാനിരിക്കെ, 18 വയസ്‌ തികയാത്തതിനാല്‍ വാക്‌സിനെടുക്കാന്‍ കഴിയാത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനകളില്‍ നിന്ന്‌ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ്‌ അവലോകനയോഗത്തില്‍ തീരുമാനിച്ചു.
രണ്ടു ഡോസ്‌ വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണു കോളജിലെത്താന്‍ അനുമതി നല്‍കിയിരുന്നത്‌. രണ്ടാം ഡോസ്‌ വാക്‌സിനെടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ കൗണ്‍സിലിങ്‌ ഉറപ്പാക്കാന്‍ ആവശ്യമായ നടപടിക്കും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ്‌ കാലത്ത്‌ കുട്ടികള്‍ക്ക്‌ ക്ലാസുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. ചിലര്‍ പ്രത്യേക മാനസികാവസ്‌ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക്‌ കൃത്യമായ കൗണ്‍സിലിങ്‌ ആവശ്യമാണ്‌. അതിനാല്‍ സ്‌കൂളുകളിലും കോളജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാകണം.
തുറക്കുന്നതിന്‌ മുമ്പ്‌ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്‌ ഉറപ്പാക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസും ഉറപ്പാക്കും.
സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്താകെ ബസ്‌ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും നടപടിയെടുക്കണം.പൊതുപരിപാടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ്‌ ലഭിക്കേണ്ട പരിപാടികള്‍ക്ക്‌ പ്രത്യേക അനുമതി വാങ്ങണം.
സംസ്‌ഥാന സര്‍ക്കാരിന്റെ പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്‌മാരകങ്ങളും അനുബന്ധ സ്‌ഥാപനങ്ങളും 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സംസ്‌ഥാനതലത്തില്‍ നെഹ്‌റു ഹോക്കി സെലക്‌ഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ അനുമതി നല്‍കാനും യോഗത്തില്‍ ധാരണയായി.
കര്‍ണാടകയില്‍ ചികിത്സയിലിരിക്കെ മരിച്ച കാസര്‍ഗോട്ടുകാര്‍ക്ക്‌ മരണ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്ത പ്രശ്‌നം കര്‍ണാടക ചീഫ്‌ സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News