സംസ്‌ഥാനത്ത്‌ വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യത

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക്‌ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്‌ഥാവകുപ്പ്‌. കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്ന റെഡ്‌ അലെര്‍ട്ട്‌ പിന്‍വലിച്ചു.
ഇന്നു മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും നാളെ തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രളയസമാന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പരിശീലനം ലഭിച്ച ദുരന്തപ്രതികരണസേനയെയും ജില്ലകളിലേക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. കൂടുതല്‍ എന്‍.ഡി.ആര്‍.എഫ്‌ സംഘം സംസ്‌ഥാനത്ത്‌ എത്തി.
വ്യാഴാഴ്‌ച വരെ കേരള – ലക്ഷദ്വീപ്‌ – കര്‍ണാടക തീരങ്ങളിലും മാന്നാര്‍ കടലിടുക്ക്‌, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്‌നാട്‌ തീരം, തെക്ക്‌ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. കേരള-ലക്ഷദ്വീപ്‌ – കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റു സ്‌ഥലങ്ങളിലും ഒരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം വിലക്കി.
ഇടിമിന്നല്‍ സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
ഇടിമിന്നലുള്ള സമയത്ത്‌ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത്‌ നില്‍ക്കരുത്‌.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത്‌ ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെലിഫോണ്‍ ഉപയോഗിക്കരുത്‌
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, കുട്ടികള്‍ തുറസായ സ്‌ഥലത്തും ടെറസ്സിലും കളിക്കുന്നത്‌ ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത്‌ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക്‌ ചെയ്യുകയുമരുത്‌

LEAVE A REPLY

Please enter your comment!
Please enter your name here