Wednesday, October 27, 2021

രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ എട്ട്‌ വിക്കറ്റ്‌ ജയം

Must Read

ഷാര്‍ജ: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ എട്ട്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 90 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ റണ്‍റേറ്റ്‌ മെച്ചപ്പെടുത്താന്‍ ക്ഷണത്തില്‍ ജയിക്കാനുള്ള തിടുക്കത്തിലായിരുന്നു. ഒന്‍പതാം ഓവറില്‍ മുംബൈ വിജയ റണ്ണെടുത്തു. നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ (13 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 22), സൂര്യകുമാര്‍ യാദവ്‌ (എട്ട്‌ പന്തില്‍ മൂന്ന്‌ ഫോറുകളടക്കം 13) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായെങ്കിലും ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (25 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 50), ഹാര്‍ദിക്‌ പാണ്ഡ്യ (ആറ്‌ പന്തില്‍ അഞ്ച്‌) എന്നിവര്‍ പിന്മാറിയില്ല.
മുസ്‌താഫിസുര്‍ റഹ്‌മാനെ സിക്‌സറടിച്ചാണു കിഷന്‍ അര്‍ധ സെഞ്ചുറിയും മുംബൈയുടെ വിജയ റണ്ണും കുറിച്ചത്‌. രാജസ്‌ഥാനു വേണ്ടി ചേതന്‍ സകാരിയയും മുസ്‌താഫിസുര്‍ റഹ്‌മാനും ഒരു വിക്കറ്റ്‌ വീതമെടുത്തു.
തോല്‍വിയോടെ രാജസ്‌ഥാന്റെ 14-ാം സീസണിലെ പ്ലേ ഓഫ്‌ സാധ്യതകള്‍ അവസാനിച്ചു. 13 കളികളില്‍ അവര്‍ നേരിടുന്ന എട്ടാമത്തെ തോല്‍വിയാണിത്‌. 13 കളികളില്‍നിന്ന്‌ 12 പോയിന്റ്‌ നേടിയ നിലവിലെ ചാമ്പ്യന്‍ കൂടിയായ മുംബൈ അഞ്ചാം സ്‌ഥാനത്താണ്‌. ടോസ്‌ നേടിയ മുംബൈ രാജസ്‌ഥാനെ ബാറ്റിങ്ങിനു വിട്ടു. നാല്‌ ഓവറില്‍ 14 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത നഥാന്‍ കൗള്‍ട്ടര്‍ നീലിന്റെയും 12 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത ജെയിംസ്‌ നീഷാമിന്റെയും ബൗളിങ്ങിനു മുന്നില്‍ റോയല്‍സ്‌് നൂറ്‌ കടക്കാതെ തളര്‍ന്നു.
ഇന്ത്യയുടെ സ്‌റ്റാര്‍ ബൗളര്‍ ജസ്‌പ്രീത്‌ ബുംറയും തിളങ്ങി. നാല്‌ ഓവര്‍ എറിഞ്ഞ ബുംറ 14 റണ്‍ മാത്രം വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റെടുത്തു. 19 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 24 റണ്ണെടുത്ത എവിന്‍ ലൂയിസാണു രാജസ്‌ഥാന്റെ ടോപ്‌ സ്‌കോറര്‍. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (ഒന്‍പത്‌ പന്തില്‍ 12), ഡേവിഡ്‌ മില്ലര്‍ (23 പന്തില്‍ 15), രാഹുല്‍ തെവാതിയ (20 പന്തില്‍ 12) എന്നിവര്‍ മാത്രമാണു റോയല്‍സ്‌ നിരയില്‍ രണ്ടക്കം കടന്നത്‌.
ലൂയിസും ജയ്‌സ്വാളും ചേര്‍ന്നു റോയല്‍സിനു മിന്നല്‍ തുടക്കം നല്‍കി. ജയ്‌സ്വാളിനെ നീലിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഇഷാന്‍ കിഷന്‍ പിടിച്ചതോടെ തകര്‍ച്ച തുടങ്ങി. ലൂയിസിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ റോയല്‍സ്‌ ഞെട്ടി. മൂന്നാമനായി ഇറങ്ങിയ നായകനും വിക്കറ്റ്‌ കീപ്പറുമായ സഞ്‌ജു സാംസണ്‍ (മൂന്ന്‌) നിലയുറപ്പിക്കും മുമ്പ്‌ മടങ്ങി. ആറ്‌ പന്തുകള്‍ നേരിട്ട സഞ്‌ജുവിനെ നീഷാമിന്റെ പന്തില്‍ ജയന്ത്‌ യാദവ്‌ പിടിച്ചു. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടായ ശിവം ദുബെയും (എട്ട്‌ പന്തില്‍ മൂന്ന്‌) വൈകാതെ മടങ്ങി. ദുബെയെ നീഷാം ബൗള്‍ഡാക്കി. ദുബെ മടങ്ങുമ്പോള്‍ രാജസ്‌ഥാന്‍ നാലിന്‌ 48 റണ്ണെന്ന നിലയിലായി. മെല്ലെക്കളിച്ച ഗ്ലെന്‍ ഫിലിപ്‌സും (13 പന്തില്‍ നാല്‌) നീലിനു വിക്കറ്റ്‌ സമ്മാനിച്ചു. മില്ലറും തെവാതിയയും ഒന്നിച്ചപ്പോള്‍ പ്രതീക്ഷയുണ്ടായി. തെവാതിയയെ നീഷാമിന്റെ പന്തില്‍ ഇഷാന്‍ പിടിച്ചതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. ശ്രേയസ്‌ ഗോപാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ബുംറയ്‌ക്കായിരുന്നു വിക്കറ്റ്‌. മില്ലറിനു പിന്നാലെ ചേതന്‍ സകാരിയയും (ആറ്‌) മടങ്ങിയതോടെ പതനം പൂര്‍ണമായി. ട്രെന്റ്‌ ബോള്‍ട്ട്‌ എറിഞ്ഞ അവസാന ഓവറില്‍ ഏഴ്‌ റണ്‍ മാത്രമാണു പിറന്നത്‌. കുല്‍ദീപ്‌ യാദവ്‌ റണ്ണെടുക്കാതെയും മുസ്‌താഫിസുര്‍ റഹ്‌മാന്‍ ഏഴ്‌ പന്തില്‍ എട്ട്‌ റണ്ണുമായുംനിന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News