Friday, July 30, 2021

പോലീസ് ജീപ്പിന് സമീപം മുൻകാലുകൾ ഉയർത്തി ജീപ്പിലേക്ക് നോക്കി നിൽക്കുന്ന നായയുടെ ചിത്രത്തിന് ലഭിച്ച രസകരമായ അടികുറിപ്പുകൾ

Must Read

കൊച്ചി : കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൗതുകം നിറഞ്ഞ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പോലീസ് ജീപ്പിന് സമീപം മുൻകാലുകൾ ഉയർത്തി ജീപ്പിലേക്ക് നോക്കി നിൽക്കുന്ന നായയുടെ ചിത്രമായിരുന്നു ഇത്. അടിക്കുറിപ്പ് തയ്യാറാക്കൂ സമ്മാനം നേടു എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. മണിക്കൂറുകൾക്കകം ചിത്രം വൈറലായി. രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

‘പോലീസിനെ കണ്ടതും ഞാൻ ഒരു പ്രത്യേക ഏക്ഷൻ അങ്ങ് എടുത്തു’ എന്ന കമന്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബ്രണ്ണൻ കോളജിൽ കെ. സുധാകരനുമായുളള സംഘർഷത്തെക്കുറിച്ച് പറയവേ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച വാക്കുകളാണിത്. പെറ്റി എഴുതല്ലേ സാറെ ഞങ്ങൾക്ക് മാസ്‌ക് വെയ്ക്കാൻ വകുപ്പില്ലെന്നും ഇറച്ചി വാങ്ങാനല്ല ബിവറേജസിൽ കുപ്പി വാങ്ങാനാണ് പോകുന്നത് എന്നുമുൾപ്പെടെയുളള രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളെ പരിഹസിക്കുന്ന കമന്റുകളാണ് കൂടുതലും. പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിപ്പെട്ട മേയറുടെ അനുഭവം ഓർമ്മിപ്പിക്കുന്ന .’സല്യൂട്ട് അടിക്കെടെ ഞാൻ ഇവിടുത്തെ മേയറാ’ എന്നുള്ള പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.

പറഞ്ഞു വരുമ്പോൾ നമ്മൾ രണ്ടു പേരും ഒരേ വകുപ്പാണ് കൈകാര്യം ചെയ്യുന്നത് എന്ന പ്രതികരണം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ‘സാറും നാടിനു കാവല് നിൽക്കുന്നു ഞാനും നാടിനു കാവൽ നിൽക്കുന്നു, സാറേ കണ്ടാലും കള്ളൻ ഓടും എന്നെ കണ്ടാലും കള്ളൻ ഓടും, സാറ് കഞ്ചാവിന്റെയും, വാറ്റിന്റേയും മണം കിട്ടി വേട്ടക്കിറങ്ങുന്നു ഞാൻ മീൻ കറിടേം, ചിക്കൻ കറീടേം മണം കിട്ടി വേട്ടിക്കിറങ്ങുന്നു..ന്റെ കൂട്ടത്തിൽ ഒരുത്തൻ കടിച്ച എനിക്ക് മുഴുവൻ ചീത്തപ്പേരായി. സാറേ കൂട്ടത്തിൽ ഒരുത്തൻ ഉരുട്ടി കൊന്ന സാറിനു മൊത്തം ചീത്തപേരായി’… എന്നുള്ള രസകാരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിർമ്മൽ പാലാഴി ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും ചിത്രത്തിന് അടിക്കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ആലുവ-പറവൂർ റോഡിൽ യുസി കോളേജിന് സമീപത്തുനിന്ന് ആലുവ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വിജി ദീപേഷാണ് ചിത്രം പകർത്തിയത്. റോഡിന് നടുവിൽ തെരുവ് നായയെ കണ്ടപ്പോൾ പോലീസ് ജീപ്പ് നിർത്തുകയായിരുന്നു. ഇതോടെ നായ രണ്ട് കാലിൽ നിന്ന് പോലീസ് ഡ്രൈവറെ എത്തി നോക്കി. ഇതിൽ കൗതുകം തോന്നിയ ദീപേഷ് ജീപ്പിൽ നിന്നും പുറത്തിറങ്ങി ചിത്രം ഫോണിൽ പകർത്തി. പോലീസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഈ ചിത്രം ആദ്യം പ്രചരിച്ചത്.

ഇത് ഏറ്റെടുത്ത സംസ്ഥാന പോലീസ് കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ചിത്രം പോസ്റ്റ് ചെയ്തു. അടിക്കുറിപ്പ് തയ്യാറാക്കൂ സമ്മാനം നേടു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. 34000 ത്തിൽ അധികം കമന്റുകളും 2400 ഓളം ഷെയറുമാണ് ചിത്രത്തിന് ലഭിച്ചത്.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News