Wednesday, July 28, 2021

വാണിജ്യ മേഖലയ്ക്കും ഏകജാലകം പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി

Must Read

കൊച്ചി: വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി വ്യവസായങ്ങൾക്കായി നടപ്പാക്കുന്ന ഏകജാലക സംവിധാനം വാണിജ്യ മേഖലയിലും പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളത്തിൽ കൂടുതൽ നിക്ഷേപവും പരമാവധി തൊഴിലവസരങ്ങളും എന്ന ലക്ഷ്യത്തിലൂടെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ആശയസംവാദത്തിൽ സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. കുപ്രചാരണങ്ങളെക്കാൾ ഏറെ അകലെയാണ് യാഥാർഥ്യമെന്നും തടസങ്ങളോ പ്രശ്നങ്ങളോ ചൂണ്ടിക്കാണിച്ചാൽ അത് പരിഹരിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സംരംഭകർക്കായി പരാതിപരിഹാര ഫോറം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

എൽ എസ് ജി, തൊഴിൽ, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറി ആൻഡ് ബോയിലേഴ്‌സ് തുടങ്ങിയ അഞ്ച് വകുപ്പുകളെ കുറിച്ചാണ് വ്യവസായ മേഖലയിൽ നിന്ന് കാര്യമായ പരാതി ഉയരുന്നത്. എന്നാൽ ഈ അഞ്ച് വകുപ്പുകളും വ്യവസായ വകുപ്പിന് കീഴിലല്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ദ്വിമുഖ സംവിധാനം ഏർപ്പെടുത്തും. വ്യവസായ വകുപ്പിന് കീഴിലുള്ള മുതിർന്ന ഐ എ എസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി മേഖലകളുടെ ചുമതല നൽകി പരാതികൾ പരിഹരിക്കാനുള്ള മേല്നപൊട്ട ചുമതല നൽകും. കൃത്യ സമയത്ത് പരാതികൾക്ക് തീർപ്പ് കൽപ്പിക്കാൻ ഇവർക്ക് നിർദേശം നൽകും. കേന്ദ്രീകൃത പരിശോധന സംവിധാനം ഉടൻ നിലവിൽ വരും. പരാതി ലഭിച്ചാൽ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പരിശോധനകൾ നടത്തൂ. നാൽപ്പത്തിയഞ്ചിൽ ഇരുപത്തിരണ്ട് പൊതുമേഖലാ സ്‌ഥാപനങ്ങളും മെച്ചപ്പെടുത്താനുള്ള മാസ്റ്റർപ്ലാൻ തയാറായി കഴിഞ്ഞുവെന്നും വ്യവസായ മന്ത്രി അറിയിച്ചു.

എഴുപത് കോടി രൂപ ചെലവിട്ട് രണ്ട് വർഷത്തിനുള്ളിൽ കാക്കനാട് കിൻഫ്രയുടെ സ്‌ഥലത്ത്‌ പ്രദർശന, വിപണന കേന്ദ്രം സ്‌ഥാപിക്കും. യൂണിഫൈഡ് ലാൻഡ് പോളിസി കരട് ഉടൻ തയാറാക്കുമെന്നും വ്യവസായ വാണിജ്യ മേഖലയുമായി ചർച്ച ചെയ്ത ശേഷം എത്രയുംവേഗം ഇത് നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സ്‌ഥലമേറ്റെടുക്കൽ ഡിസംബറിന് മുൻപ് പൂർത്തിയാക്കും. ഏറ്റവും കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക്‌ അവാർഡ് നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

വ്യവസായ സൗഹൃദ നയം താഴെത്തട്ടിലും ഫലപ്രദമായി നടപ്പാക്കണമെന്ന് വ്യവസായ, വാണിജ്യ പ്രതിനിധികൾ ആവശ്യപ്പെട്ടു. സേവന മേഖലയുടെ അൻപത്തിയഞ്ച് ശതമാനവും ഉപയോഗിക്കപ്പെടുന്നില്ല. അക്വാ കൾച്ചർ വ്യവസായം കേരളത്തിൽ തുടങ്ങിയാൽ മാത്രമേ സമുദ്രോത്പന്ന കയറ്റുമതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ. അനാഥമായി കിടക്കുന്ന തോട്ടങ്ങൾ ഏറ്റെടുത്ത് വ്യവസായ പാർക്കുകൾ സ്‌ഥാപിക്കണം. ചെറുകിട വ്യവസായികളെ ബുദ്ധിമുട്ടിക്കുന്ന ചില ബാങ്കുകളുടെ നടപടിയിൽ സർക്കാർ ഫലപ്രദമായി ഇടപെടണം. അവ്യക്തതയുള്ള സർക്കാർ ഉത്തരവുകൾ തിരുത്തണം. ഓൺലൈൻ സംവിധാനങ്ങൾ ഫയൽ മാനേജ്‌മെന്റ് സംവിധാനങ്ങൾ മാത്രമായി മാറരുതെന്നും വാണിജ്യ, വ്യവസായ പ്രതിനിധികൾ നിർദേശിച്ചു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവനും ആശയസംവാദത്തിൽ പങ്കെടുത്തു. ഫിക്കി സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ഡോ. എം.ഐ.സഹദുള്ള സ്വാഗതം പറഞ്ഞു. ദീപക് അസ്വാനി ആമുഖ പ്രഭാഷണം നടത്തി. ഫിക്കി സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു സമാപന പ്രഭാഷണം നടത്തി. വാണിജ്യ, വ്യവസായ പ്രതിനിധികളായ ഡോ.സിദ്ദിഖ് അഹമ്മദ്, എസ്.എൻ. രഘുചന്ദ്രൻ നായർ, ടി.കെ. പട്ടാഭിരാമൻ, സി.വി. ദീപക്, അലക്സ് കെ നൈനാൻ, കെ. സുബൈർ, ആന്റണി തോമസ് കൊട്ടാരം, സാബു തോമസ്, ജി. കാർത്തികേയൻ, വർക്കി പീറ്റർ, കെ.വി.അൻവർ, കെ.വി. ഹസീബ് അഹമ്മദ്, ജോണി പട്ടാനി, ടോമി പുലിക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Latest News

ആലത്തൂരിൽ കാറിൽ കടത്തിയ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തിയ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വയനാട് സ്വദേശികളായ അബ്ദുൾ കയീമും മുഹമ്മദ് ഷിനാസുമാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച...

More News