തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് സൂചന. കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജര്‍മാര്‍ വ്യാപകമായി നിക്ഷേപകരുടെ പണം വകമാറ്റുന്നു, മാനേജര്‍മാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകള്‍ വ്യാപകമായി നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകള്‍ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതര ക്രമക്കേടാരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
നവംബര്‍ 10 നാണ് നിര്‍ണായക രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി വിജിലന്‍സ് ആസ്ഥാനത്തു നിന്നും എസ്പിമാര്ക്ക് നിര്‍ദ്ദേശം നല്‍കിയത്. നവംബര്‍ 27ന് 11 മണിയോടെ എല്ലാ യൂണിറ്റുകളും സ്പെഷ്യല്‍ യൂണിറ്റുകളും ഒരു ശാഖയില്‍ പരിശോധന നടത്താനായിരുന്നു നിര്‍ദേശം.
കെഎസ്എഫ്ഇയുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശമെത്തിയത്. കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തത്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ അവധിയിലായതിനാല്‍, പകരം ചുമതലയുണ്ടായിരുന്നത് ഐജി എച്ച് വെങ്കിടേഷിനാണ്. വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് പൊലീസ് ഉപദേശകന് രമണ്‍ ശ്രീവാസ്തവയ്ക്കും, വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളിനും അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, കെഎസ്എഫ്ഇ റെയ്ഡില്‍ തുടര്‍നടപടി ആവശ്യപ്പെടാതിരിക്കാന്‍ വിജിലന്‍സിനു മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. 20 ശാഖകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സര്‍ക്കാരിനു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിജിലന്‍സ് നീക്കം. എന്നാല്‍ കൂടിയാലോചനകള്‍ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നും റെയ്ഡ് വിവരങ്ങള്‍ പുറത്തുവിടരുതെന്നും വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
English summary
Indication that the vigilance raid in KSFE was based on the intelligence report