അപകടാവസ്‌ഥയില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ സഹായിച്ചില്ലെന്ന വിമര്‍ശനവുമായി യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി

0

കീവ്‌: അപകടാവസ്‌ഥയില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ സഹായിച്ചില്ലെന്ന വിമര്‍ശനവുമായി യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി. തലസ്‌ഥാനമായ കീവില്‍നിന്ന്‌ ഒരു ടാക്‌സിയില്‍ രക്ഷപ്പെടുന്നതിനിടെ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ഡല്‍ഹി സ്വദേശിയായ ഹര്‍ജോത്‌ സിങ്ങിനു വെടിയേറ്റത്‌. കാലിനു പരുക്കേറ്റ്‌ മണിക്കൂറുകളോം റോഡില്‍ കിടന്നശേഷമാണ്‌ ഹര്‍ജോതിനെ ഒരു ആംബുലന്‍സ്‌ എത്തി ആശുപത്രിയിലേക്കു മാറ്റിയത്‌. കണ്ണു തുറന്നപ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നെന്ന്‌ ഹര്‍ജോത്‌ ഒരു ടിവി ചാനലിനോടു പറഞ്ഞു.
കീവില്‍നിന്ന്‌ പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ ലിവിലേക്കു പോകാനായിരുന്നു ശ്രമമെന്നും ട്രെയിനില്‍ കയറാന്‍ അനുവദിക്കാതിരുന്നതിനാലാണു താനും സുഹൃത്തും ടാക്‌സി പിടിച്ചതെന്നും ഹര്‍ജോത്‌ പറഞ്ഞു.
“എങ്ങനെയെങ്കിലും യുക്രൈനില്‍നിന്നു പുറത്തുകടന്ന്‌ നാട്ടിലെത്തണമെന്നാണ്‌ ഇപ്പോഴത്തെ ആഗ്രഹം. ഇന്ത്യന്‍ എംബസി അധികൃതരെ വിളിച്ചിട്ടും പ്രയോജനമില്ല. അവര്‍ എന്നെ ചോദ്യംചെയ്യുകയാണ്‌. എന്റെ അവസ്‌ഥ പലതവണ വിവരിച്ചുകഴിഞ്ഞു. ല്വിവിലെത്താനുള്ള സൗകര്യം ഒരുക്കിത്തരണമെന്ന്‌ അപേക്ഷിച്ചിട്ടും പ്രതികരണമില്ല. എംബസി ഉദ്യോഗസ്‌ഥര്‍ നേരത്തെതന്നെ ല്വിവിലേക്കു പോയിക്കഴിഞ്ഞു. എന്നെപ്പോലെ നിരവധി വിദ്യാര്‍ഥികള്‍ പക്ഷേ, കീവില്‍ കുടുങ്ങിക്കിടക്കുകയാണ്‌”.-ഹര്‍ജോത്‌ പറഞ്ഞു.

Leave a Reply