ഇന്ത്യന്‍ വിദ്യാര്‍ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്‌ ഭക്ഷണം വാങ്ങാന്‍ നില്‍ക്കുമ്പോള്‍

0

ന്യൂഡല്‍ഹി: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്‌ ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വരിയില്‍ നില്‍ക്കുമ്പോള്‍. സാധനം വാങ്ങാനും പണം എടുക്കാനും പോകുന്നതിനു തൊട്ടുമുമ്പും നവീന്‍ ശേഖരപ്പ ഗ്യാനഗൗഡര്‍ പിതാവിനെ ഫോണില്‍ വിളിച്ചിരുന്നു.
ബങ്കറില്‍ ഭക്ഷണവും വെള്ളവും തീര്‍ന്നു. കര്‍ണാടകക്കാരായ മറ്റ്‌ ഏതാനും പേര്‍ക്കൊപ്പം ഒളിച്ചിരിക്കുകയാണ്‌.- ഖാര്‍ക്കീവിലെ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ നവീന്‍ പിതാവിനോടു പറഞ്ഞു.
കര്‍ണാടക ഹവേരി സ്വദേശിയായ നവീന്‍ യുക്രൈനില്‍ ഗവര്‍ണറുടെ വസതിക്കു സമീപത്താണ്‌ താമസിച്ചിരുന്നത്‌. ഈ വസതി റഷ്യന്‍ പട്ടാളത്തിന്റ ആക്രമണത്തില്‍ തകര്‍ന്നു.
നവീന്റെ മരണത്തില്‍ വിദേശകാര്യ മന്ത്രാലയം അതീവ ദുഃഖം രേഖപ്പെടുത്തി. ദിവസവും രണ്ടും മൂന്നും തവണ നവീന്‍ ഫോണില്‍ വിളിക്കാറുണ്ടായിരുന്നെന്ന്‌ തേങ്ങലടക്കി പിതാവ്‌ ശേഖര്‍ ഗൗഡ പറഞ്ഞതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.
നവീന്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോയതാണെന്ന്‌ ഖാര്‍ക്കീവിലെ സ്‌റ്റുഡന്റ്‌ കോ- ഓര്‍ഡിനേറ്റര്‍ പൂജ പ്രഹ്‌രാജ്‌ പറഞ്ഞു. ഹോസ്‌റ്റലിലെ മറ്റുള്ളവര്‍ക്കു ഞങ്ങള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്‌. പക്ഷേ, ഗവര്‍ണറുടെ വസതിക്കു തൊട്ടുപിന്നിലുള്ള ഫ്‌ളാറ്റിലാണ്‌ നവീന്‍ തങ്ങിയത്‌. കടയിലെത്തി ഒന്നോ രണ്ടോ മണിക്കൂറായി ക്യൂവിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഗവര്‍ണറുടെ വസതിക്കുനേരേ വ്യോമാക്രമണം നടന്നു. ഇതിലാണ്‌ നവീന്‍ കൊല്ലപ്പെട്ടതെന്നും പൂജയുടെ വാക്കുകള്‍.
യുക്രൈന്‍ യുവതി ഫോണ്‍ എടുത്തപ്പേഴാണ്‌ ദുരന്ത വാര്‍ത്ത അറിയുന്നത്‌. ഈ ഫോണിന്റെ ഉടമ മോര്‍ച്ചറിയിലേക്കു നീങ്ങുന്നെന്നായിരുന്നു അവരുടെ സന്ദേശം. ഇതേസമയം, നവീന്‍ വെടിയേറ്റു മരിച്ചെന്ന വിവരമാണ്‌ തനിക്കു കിട്ടിയതെന്ന്‌ ഹോസ്‌റ്റലില്‍ ഒപ്പം താമസിച്ചിരുന്ന ശ്രീധരന്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

Leave a Reply