കന്നിക്കാരുടെ കുതിപ്പ്‌, വന്‍മരങ്ങളുടെ വീഴ്‌ച, താരോദയങ്ങള്‍… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ 2022 സീസണ്‍ സംഭവ ബഹുലം
രണ്ടിലെത്താന്‍ , ഗുജറാത്ത്‌, രാജസ്‌ഥാന്‍, ലഖ്‌നൗ, ബാംഗ്ലൂര്‍ ഐ.പി.എല്‍. പ്ലേ ഓഫില്‍

0

മുംബൈ: കന്നിക്കാരുടെ കുതിപ്പ്‌, വന്‍മരങ്ങളുടെ വീഴ്‌ച, താരോദയങ്ങള്‍… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ 2022 സീസണ്‍ സംഭവ ബഹുലം. പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ രണ്ടെണ്ണം അരങ്ങേറ്റത്തില്‍ തന്നെ വരവറിയിച്ചവര്‍. പ്രാഥമിക റൗണ്ടില്‍ വമ്പന്മാരെ അരിഞ്ഞുതള്ളി പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തിയ ഗുജറാത്ത്‌ ടൈറ്റന്‍സിന്റെ പ്രകടനം ആവേശഭരിതം. 14 കളിയില്‍ 20 പോയിന്റ്‌ സമ്പാദ്യവുമായാണ്‌ ടൈറ്റന്‍സിന്റെ വരവ്‌. ഇത്രയും കളിയില്‍ ടൈറ്റന്‍സിനേക്കാള്‍ രണ്ടു പോയിന്റ്‌ മാത്രം കുറവുള്ള മലയാളിതാരം സഞ്‌ജു സാംസണ്‍ നായകനായ രാജസ്‌ഥാന്‍ റോയന്‍സിന്റെ പ്രകടനവും ഗംഭീരം.
മൂന്നാം സ്‌ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കടന്നുവരവും അമ്പരപ്പിക്കുന്നതായിരുന്നു. വമ്പന്‍ ടൂര്‍ണമെന്റിലെ കന്നിക്കാരുടെ സഭാകമ്പം തരിമ്പുമില്ലാതെയാണു പുതിയ ഫ്രാഞ്ചൈസി ആദ്യ സീസണില്‍ത്തന്നെ അവസാന നാലിലെത്തിയത്‌. 2008 മുതല്‍ ടൂര്‍ണമെന്റില്‍ സാന്നിധ്യമറിയിച്ചിട്ടും കിരീടം തുടര്‍ച്ചായി വഴുതിപ്പോയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്‌ നാലാം സ്‌ഥാനക്കാരായി പ്ലേ ഓഫില്‍ ഇടംപിടിച്ചത്‌. അവസാന രണ്ടിലെത്താന്‍ ഇനി പോരാട്ടം കൂടുതല്‍ കടുക്കും. രാജസ്‌ഥാന്‍ ഒഴികെ മറ്റു മൂന്നു ടീമുകളിലൊന്ന്‌ കിരീടമുയര്‍ത്തിയാലും അത്‌ അവര്‍ക്കു കന്നിക്കിരീടമാകും.
ഗുജറാത്തും രാജസ്‌ഥാനും തമ്മിലാണ്‌ ഒന്നാം ക്വാളിഫയര്‍. ഇതിലെ ജേതാക്കള്‍ ഫൈനലിലേക്കു നേരിട്ടുയോഗ്യത നേടും. ലഖ്‌നൗ- ബാംഗ്ലൂര്‍ ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളുമായി ആദ്യ ക്വാളിഫയറിലെ പരാജിതര്‍ ഏറ്റുമുട്ടും. ഈ രണ്ടാം ക്വാളിഫയറിലെ ജേതാക്കളാകും കലാശപ്പോരിനു യോഗ്യത നേടുന്ന രണ്ടാമത്തെ ടീം.

ഹാര്‍ദിക്കിന്റെ കരുത്തില്‍ ടൈറ്റന്‍സ്‌

ടൂര്‍ണമെന്റ്‌ തുടങ്ങുമ്പോള്‍ കടുത്ത ആരാധകര്‍ പോലും അത്രയൊന്നും പ്രതീക്ഷ പുലര്‍ത്താത്ത ഗുജറാത്ത്‌ ടൈറ്റന്‍സാണ്‌ ആദ്യമായി പ്ലേ ഓഫ്‌ ഉറപ്പിച്ചതെന്നതാണു ശ്രദ്ധേയം. അവസാന മത്സരങ്ങള്‍ക്കിറങ്ങുംമുമ്പേ ഹാര്‍ദിക്‌ പാണ്ഡ്യയും സംഘവും. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ എട്ടുവിക്കറ്റിന്റെ തോല്‍വി വഴങ്ങിയായിരുന്നു ടീമിന്റെ ഐ.പി.എല്‍. അരങ്ങേറ്റം. രണ്ടാം മത്സരത്തില്‍ കടലാസില്‍ കരുത്തരായ ചെന്നൈയെ തകര്‍ത്ത്‌ ടീം ആദ്യ വിജയം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ്‌, പഞ്ചാബ്‌ കിങ്‌സ് ടീമുകളോടുള്ള തുടര്‍ത്തോല്‍വി ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കി. പിന്നീട്‌ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ വിജയം. 11-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റെങ്കിലും തുടര്‍ന്നുള്ള മൂന്നു കളികളികളില്‍ ജയവും പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനവും. പരുക്കിന്റെ പിടിയില്‍നിന്നു മുക്‌തനായി ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക സാന്നിധ്യമായതു മുംബൈ ഇന്ത്യന്‍സ്‌ കൂടാരത്തില്‍നിന്നു ടീം ഉടമകള്‍ റാഞ്ചിയ ഹാര്‍ദിക്‌ തന്നെ. 13 കളിയില്‍ നാലുവട്ടം അര്‍ധസെഞ്ചുറി കുറിച്ച ഹാര്‍ദിക്കിനൊപ്പം വെടിക്കെട്ട്‌ ബാറ്റര്‍മാരായ രാഹുല്‍ തേവാത്തിയയും ഡേവിഡ്‌ മില്ലറും ജയങ്ങളില്‍ നിര്‍ണായകമായി. പേസ്‌ ബൗളിങ്ങില്‍ ഇന്ത്യന്‍ വെറ്ററന്‍ മുഹമ്മദ്‌ ഷാമിക്കൊപ്പം ലോക്കി ഫെര്‍ഗൂസണും തിളങ്ങുന്നു. അഫ്‌ഗാന്‍ താരം റാഷിദ്‌ ഖാന്റെ ഓള്‍റൗണ്ട്‌ മികവും ടീമിനു തുണയായി.

ബട്‌ലറുടെ ചുമലിലേറി രാജസ്‌ഥാന്‍

ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ സീസണിലെ ഏറ്റവും ശക്‌തരായ ടീമെന്ന ചോദ്യത്തിന്‌ രാജസ്‌ഥാന്‍ റോയല്‍സ്‌ എന്ന്‌ ഉത്തരം നല്‍കുന്നവര്‍ ഏറെ. ഇംഗ്ലീഷ്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ജോസ്‌ ബട്‌ലറുടെ ചുമലേറിയായിരുന്നു ആദ്യ മത്സരങ്ങളില്‍ രാജസ്‌ഥാന്റെ കുതിപ്പ്‌. മുന്നുവീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമായി റണ്‍വേട്ടക്കാരില്‍ മുന്നിലാണ്‌ ബട്‌ലര്‍. മധ്യനിരയില്‍ വെസ്‌റ്റിന്ത്യന്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട്‌ ബാറ്റിങ്ങില്‍ ടീം വിജയക്കടമ്പ താണ്ടിയത്‌ ഒന്നിലധികം മത്സരങ്ങളില്‍. ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണിനൊപ്പം യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും ദേവ്‌ദത്ത്‌ പടിക്കലും അവരുടെ ചില ജയങ്ങളില്‍ നിര്‍ണായക പങ്കാളികളായി. വിശ്വസ്‌ത സ്‌പിന്നറെന്ന ലേബലില്‍നിന്ന്‌ പുറത്തുകടന്ന്‌ ബാറ്റ്‌ കൊണ്ടും മികവുകാട്ടി യഥാര്‍ഥ ഓള്‍റൗണ്ടറുടെ ഗണത്തിലേക്കുയര്‍ന്ന രവിചന്ദ്രന്‍ അശ്വിന്റെ സാന്നിധ്യം ടീമിനു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. യുസ്‌വേന്ദ്ര ചാഹലെന്ന റിസ്‌റ്റ് സ്‌പിന്നറുടെ പ്രകടനമികവിനൊപ്പം പേസര്‍മാരായ ട്രെന്റ്‌ ബോള്‍ട്ട്‌, ഒബേദ്‌ മക്കോയ്‌ എന്നിവരുടെ വരവും ടീമിനു മുതല്‍ക്കൂട്ടായി. ടീമിന്‌ ആദ്യ ഐ.പി.എല്‍. കിരീടം സമ്മാനിച്ച പരിശീലകനും ക്യാപ്‌റ്റനുമായിരുന്ന അടുത്തിടെ പൊലിഞ്ഞ ഷെയ്‌ന്‍ വോണിനായി ഇത്തവണ കലാശപ്പോരിനുണ്ടാകുമെന്ന ക്യാപ്‌റ്റന്‍ സഞ്‌ജുവിന്റെ വാക്ക്‌ സാക്ഷാത്‌കരിക്കുമോയെന്നറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ട.

ക്യാപ്‌റ്റന്റെ താങ്ങില്‍ ലഖ്‌നൗ

അപ്രതീക്ഷിത പ്രകടനം പുറത്തെടുത്താണു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്‌ഥാനക്കാരായി പ്ലേ ഓഫിലേക്കു കുതിച്ചെത്തിയത്‌.
ഓപ്പണര്‍മാരായ ക്യാപ്‌റ്റന്‍ കെ.എല്‍. രാഹുലും ക്വിന്റണ്‍ ഡിക്കോക്കുമാണു ടീമിന്റെ ബാറ്റിങ്‌ കരുത്ത്‌. രണ്ടുവട്ടം മൂന്നക്കം കടന്ന രാഹുല്‍ സീസണില്‍ മൂന്ന്‌ അര്‍ധസെഞ്ചുറികളും നേടി. ഒരു സെഞ്ചുറിയും മൂന്ന്‌ അര്‍ധസെഞ്ചുറിയുമായി ഡികോക്ക്‌ റണ്‍വേട്ടക്കാരില്‍ ബട്‌ലറിനും രാഹുലിനും പിന്നില്‍ മൂന്നാം സ്‌ഥാനത്താണ്‌.
ദീപക്‌ ഹൂഡയെന്ന വമ്പനടിക്കാരന്റെയും യുവതാരം ആയുഷ്‌ ബദൗനിയുമാണ്‌ മധ്യനിരയിലെ ലഖ്‌നൗവിന്റെ മറ്റൊരു കരുത്ത്‌.
ബൗളര്‍മാരില്‍ ആവേശ്‌ ഖാന്‍, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം വിദേശതാരങ്ങളായ മാര്‍ക്കസ്‌ സ്‌റ്റോയ്‌നസും ജാസണ്‍ ഹോള്‍ഡറും ടീമിനു വര്‍ധിതവീര്യവും ബാറ്റിങ്‌ ആഴവും നല്‍കുന്നു.

മുംബൈയുടെ കാരുണ്യത്തില്‍ ബാംഗ്ലൂര്‍

മുന്‍കാലങ്ങളില്‍ മികച്ച താരനിരയുണ്ടായിട്ടും കിരീടം ഉയര്‍ത്താന്‍ കഴിയാത്തതിന്റെ മാനക്കേട്‌ മായ്‌ക്കാനുറച്ചെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,
പക്ഷേ, മുംബൈയുടെ കാരുണ്യത്തിലാണു പ്ലേ ഓഫ്‌ റൗണ്ടിലെത്തിയത്‌. പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈക്കു മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്‌ അടിയറവു പറഞ്ഞതോടെയാണ്‌ ബംഗളുരുവിനു മുന്നില്‍ പ്ലേ ഓഫ്‌ വഴിതുറന്നത്‌.
ക്യാപ്‌റ്റന്‍ പദവിയൊഴിഞ്ഞിട്ടും ബാറ്റിങ്ങില്‍ മികവിലേക്കുയരാതെ പോയ വിരാട്‌ കോഹ്ലി അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്‌ ടീമിനു പ്രതീക്ഷ പകരുന്നു.
ഒപ്പം ക്യാപ്‌റ്റന്‍ ഫാഫ്‌ ഡ്യൂപ്ലെസിസ്‌, രജത്‌ പാട്ടീദാര്‍, ദിനേഷ്‌ കാര്‍ത്തിക്‌, ഗ്ലെന്‍ മാക്‌സ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ജോഷ്‌ ഹെയ്‌സല്‍ വുഡ്‌ എന്നിവരും ഏതുടീമിനും ഭീഷണി ഉയര്‍ത്താന്‍ പോന്നവര്‍തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here