വിഖ്യാതമായ ലൗറസ്‌ കായിക പുരസ്‌കാരത്തിലെ ബ്രേക്ക്‌ ത്രൂ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ്‌ ചോപ്രയും

0

സെവിയ/ ലണ്ടന്‍: വിഖ്യാതമായ ലൗറസ്‌ കായിക പുരസ്‌കാരത്തിലെ ബ്രേക്ക്‌ ത്രൂ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ്‌ ചോപ്രയും. ആറു താരങ്ങളാണു ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്‌. ലൗറസ്‌ പുരസ്‌കാര പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ്‌ നീരജ്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വനിതാ ഗുസ്‌തി താരം വിനേഷ്‌ ഫോഗത്‌ എന്നിവര്‍ ലൗറസ്‌ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
സച്ചിന്‍ 2020 ല്‍ 20 വര്‍ഷത്തിനിടയിലെ മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 2011 ലെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി നടന്നതാണു മികച്ച കായിക മുഹൂര്‍ത്തമായി വിലയിരുത്തിയത്‌്. വിനേഷ്‌ 2019 ല്‍ മികച്ച മടങ്ങിവരവിനുള്ള പുരസ്‌കാരവും നേടി. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം സൃഷ്‌ടിക്കാന്‍ നീരജിനായി. ഒളിമ്പിക്‌ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലും രണ്ടാമത്തെ വ്യക്‌തിഗത സ്വര്‍ണവുമാണ്‌ 23 വയസുകാരനായ നീരജ്‌ സ്വന്തമാക്കിയത്‌.
ടെന്നീസ്‌ താരങ്ങളായ റഷ്യയുടെ ഡാനില്‍ മെദവ്‌ദേവ്‌, ബ്രിട്ടന്റെ എമ്മ റാഡുകാനു, സ്‌പെയിന്റെയും ബാഴ്‌സലോണയുടെയും കളിക്കാരനായ ഫുട്‌ബോളര്‍ പെദ്രി, വെനസ്വേലയുടെ അത്‌ലറ്റ്‌ യൂലിമര്‍ റോയാസ്‌, ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം അരിയാനെ റ്റിറ്റ്‌മസ്‌ എന്നിവരാണു പട്ടികയിലുള്ള മറ്റുള്ളവര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1,300 കായിക മാധ്യമപ്രവര്‍ത്തകരും ബ്രോഡ്‌കാസ്‌റ്റര്‍മാരും ചേര്‍ന്നാണു വോട്ടെടുപ്പിലൂടെ ഏഴ്‌ വിഭാഗങ്ങളിലേക്കുള്ള ജേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. ലൗറസ്‌ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഏപ്രിലില്‍ നടക്കുന്ന വോട്ടെടുപ്പിനു പിന്നാലെ ജേതാക്കളെ പ്രഖ്യാപിക്കും. ടോക്കിയോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ എറിഞ്ഞാണു നീരജ്‌ സ്വര്‍ണം നേടിയത്‌. 2016 ലെ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലും നീരജ്‌ സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ തലത്തിലെ ലോക റെക്കോഡ്‌ ഇപ്പോഴും ഇന്ത്യന്‍ താരത്തിന്റെ പേരിലാണ്‌. ബാഴ്‌സയുടെ താരമായ 19 വയസുകാരന്‍ പെദ്രിയെ ഭാവി താരമായാണു വിലയിരുത്തുന്നത്‌്.
ബാലണ്‍ ഡി ഓറില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ട്രിപ്പിള്‍ ജമ്പിലെ 26 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡ്‌ തകര്‍ത്ത താരമാണു യൂലിമര്‍ റോയാസ്‌. ടോക്കിയോ ഒളിമ്പിക്‌സ് 200, 400 മീറ്റര്‍ നീന്തലുകളില്‍ ചാമ്പ്യനായിരുന്ന കാത്തി ലെഡകിയെ തോല്‍പ്പിക്കാകന്‍ അരിയാനെ റ്റിറ്റ്‌മസിനായി. സ്‌പോര്‍ട്‌സ് മാന്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരത്തിന്‌ എന്‍.എഫ്‌.എല്‍. താരം ടോം ബ്രാഡി, ബയേണ്‍ മ്യൂണിക്കിന്റെ സ്‌ട്രൈക്കര്‍ റോബര്‍ട്ട്‌ ലെവന്‍ഡോസ്‌കി, ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ മാക്‌സ് വെര്‍സ്‌റ്റാപന്‍, ലോക ഒന്നാം നമ്പര്‍ ടെന്നീസ്‌ താരം നോവാക്‌ ജോക്കോവിച്ച്‌, ടോക്കിയോ ഒളിമ്പിക്‌സില്‍ അഞ്ച്‌ സ്വര്‍ണം നേടിയ നീന്തല്‍ താരം കാലീബ്‌ ഡ്രസല്‍, മാരത്തണില്‍ സ്വര്‍ണം നിലനിര്‍ത്തിയ എലൂഡ്‌ കിപ്‌ചോഗെ എന്നിവരാണു മത്സരിക്കുന്നത്‌. വനിതകളുടെ പട്ടികയിലും ഒളിമ്പിക്‌ ചാമ്പ്യന്‍മാരാണ്‌ ഏറെയും.
ജമൈക്കയുടെ സ്‌പ്രിന്റര്‍ എലൈന്‍ തോംപ്‌സണ്‍ ഹെറാ, ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം എമ്മാ മക്‌കോണ്‍, കാതി ലെഡകി എന്നിവരാണു പട്ടികയിലെ പ്രമുഖര്‍. യൂറോ കപ്പ്‌ ജേതാക്കളായ ഇറ്റലിയുടെ ഫുട്‌ബോള്‍ ടീം വേള്‍ഡ്‌ ടീം ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്നാണു കരുതുന്നത്‌്. കോപാ അമേരിക്ക കിരീടം നേടിയ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ആദ്യമായി ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നേടിയ ബാഴ്‌സലോണയുടെ വനിതാ ടീമും ഏഴ്‌ സ്വര്‍ണം നേടിയ ചൈനയുടെ ഒളിമ്പിക്‌ ഡൈവിങ്‌ ടീമും മത്സരത്തിനുണ്ട്‌.

Leave a Reply