കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 223 റൺസിന് ഇന്ത്യ പുറത്ത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടേയും (79) ചേതേശ്വർ പുജാരയുടെയും (44) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്.
ഇവരെ കൂടാതെ ഋഷഭ് പന്ത് (27) മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗിനെ ചെറുത്തുനിന്നത്. ഓപ്പണർമാരായ കെ.എൽ രാഹുലും (12) മായങ്ക് അഗർവാളും (15) നിരാശപ്പെടുത്തിയപ്പോൾ പുജാരയും കോഹ്ലിയും തുടക്കത്തിലെ തകർച്ച ഒഴിവാക്കി.
ഇരുവരും ചേർന്ന് 62 റൺസ് ആണ് കൂട്ടിച്ചേർത്തത്. പിന്നീട് എത്തിയ രഹാനെ (9) പെട്ടെന്ന് മടങ്ങിയപ്പോൾ കോഹ്ലി പന്തിനെ കൂട്ടുപിടിച്ചു. ഇവരുടെ സഖ്യം 51 റൺസ് നേടി. പന്ത് മടങ്ങിയ ശേഷം കൂട്ടത്തകർച്ചയാണ് ഇന്ത്യ നേരിട്ടത്.
നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയും മൂന്ന് വിക്കറ്റ് നേടിയ മാർകോ ജാൻസനുമാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എടുത്തിട്ടുണ്ട്.
ക്യാപ്റ്റൻ ഡീൻ എൽഗാറിനെയാണ് (3) ആതിഥേയർക്ക് നഷ്ടമായത്. ബുംമ്രയ്ക്കാണ് വിക്കറ്റ്. ഒന്നാം ദിനം കളിനിർത്തുമ്പോൾ എയ്ഡൻ മാർക്രമും (8) കേശവ് മഹാരാജുമാണ് (6) ക്രീസിൽ.