ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.
ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്്. ഇന്ത്യക്കും ഇംഗ്ലണ്ടിനും 269 റേറ്റിങ് പോയിന്റ് വീതമുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാകിസ്താന് 266 പോയിന്റാണ്. വെസ്റ്റിന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മൂന്ന് ട്വന്റി20 കളുടെ പരമ്പര ഇന്ത്യ ഏകപക്ഷീയമായി നേടിയിരുന്നു. ഈ മാസം അവസാനം തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം.
വിന്‍ഡീസിനെതിരേ പരമ്പര നേടിയതോടെ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയും ചില നേട്ടങ്ങള്‍ കുറിച്ചു. ട്വന്റി20 യില്‍ മൂന്നോ അതില്‍ കൂടുതലോ വൈറ്റ് വാഷ് പരമ്പരകള്‍ നേടിയ ഏക ഇന്ത്യന്‍ നായകനെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കി. 2017 ല്‍ ശ്രീലങ്ക, 2018 ല്‍ വെസ്റ്റിന്‍ഡീസ്, 2021 ല്‍ ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിന്റെ തലപ്പത്ത് പാകിസ്താന് മുന്‍ നായകന് സര്‍ഫറാസ് അഹമ്മദാണ്. അഫ്ഗാനിസ്ഥാന്റെ അസ്ഹര്‍ അഫ്ഗാനാനൊപ്പം രണ്ടാം സ്ഥാനത്താണ് രോഹിത്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം രോഹിത് തലപ്പത്തെത്താനുള്ള സാധ്യത കൂടുതലാണ്. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയെ ഒന്നാം നമ്പര്‍ ടീമാക്കാനും രോഹിത്തിന് സാധിച്ചു. 2016 ല്‍ എം.എസ്. ധോണിയാണ് ഇന്ത്യയെ അവസാനം ട്വന്റി20 യില്‍ ഒന്നാം നമ്പര്‍ ടീമാക്കിയത്. പിന്നാലെ നായകനായ വിരാട് കോഹ്ലിക്ക് ഈ നേട്ടത്തിലേക്ക് എത്താനായില്ല.
നാട്ടില്‍ ഏറ്റവും കൂടുതല്‍ ട്വന്റി20 ജയം നേടിയ നായകന്മാരില് മൂന്നാം സ്ഥാനത്തേക്കുയരാനും രോഹിത്തിനായി. 14 ജയമാണ് രോഹിത് നേടിയത്. 15 ജയം നേടിയ കെയ്ന്‍ വില്യംസണും ഒയിന്‍ മോര്‍ഗാനുമാണ് ഈ റെക്കോഡില്‍ തലപ്പത്ത്. എടുത്തു പറയേണ്ടത് രോഹിത് 15 മത്സരത്തില്‍ നിന്നാണ് 14 ജയം നേടിയത്. ഒരു മത്സരം മാത്രമാണ് രോഹിത്തിന് കീഴില്‍ ടീം തോറ്റത്. ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. 2021 ല്‍ നടന്ന ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ഇന്ത്യ മടങ്ങിയത്. സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ പ്രകടനം ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. പേസ് നിര തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. യുവ പേസര്‍മാരും രവി ബിഷ്ണോയിയെപ്പോലുള്ള സ്പിന്നര്‍മാരും ടീമിന്റെ പ്രതീക്ഷക്കൊത്തുയരുന്നു. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്പ്പുള്ളവരായി ഇന്ത്യ മാറി.