കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് 223, രണ്ടാം ഇന്നിങ്സ് രണ്ടിന് 57. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 210.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ചേതേശ്വര്‍ പൂജാര (ഒന്‍പത്) നായകന് വിരാട് കോഹ്ലി (14) എന്നിവരാണു ക്രീസില്‍. ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (ഏഴ്) എന്നിവര്‍ പുറത്തായി. രാഹുലിനെ മാര്‍കോ ജാന്സന് എയ്ദീന് മര്‍ക്രാമിന്റെ കൈയിലും മായങ്കിനെ കാഗിസോ റബാഡ ഡീന്‍ എല്‍ഗാറിന്റെ കൈയിലുമെത്തിച്ചു. 42 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണു ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യക്ക് 13 റണ്ണിന്റെ നേരിയ ലീഡ് നേടാന്‍ ബുംറയുടെ പ്രകടനം സഹായകമായി. മുഹമ്മദ് ഷമിയും ഉമേഷ് യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ശാര്‍ദൂല്‍ ഠാക്കൂര്‍ ഒരു വിക്കറ്റെടുത്തു.
നാലാമനായി ഇറങ്ങിയ കീഗന്‍ പീറ്റേഴ്സണിന്റെ (72) ഒറ്റയാന് പോരാട്ടമാണു ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. തുടക്കത്തില്‍ ഒന്നിലേറെ തവണ പുറത്താകലില്‍നിന്നു രക്ഷപ്പെട്ട പീറ്റേഴ്സണ് ഇതു മുതലാക്കിയാണ് മികച്ച ഇന്നിങ്സ് കളിച്ചത്. തെംബ ബാവുമ (28), കേശവ് മഹാരാജ് (25), റാസി വാന്‍ഡര്‍ ദുസാന്‍ (21) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഒരു വിക്കറ്റിന് 17 റണ്ണെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. എയ്ദീന് മര്ക്രാമിനോടൊപ്പം (എട്ട് ) കേശവ് മഹാരാജായിരുന്നു ക്രീസില്‍. ബൂംറയുടെ മിന്നല്‍ വേഗത്തിലുള്ള പന്ത് ഓഫ് സ്റ്റമ്പ് തെറുപ്പിച്ച ശേഷമാണു മര്‍ക്രാം വിവരമറിഞ്ഞത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ആദ്യദിനം തന്നെ അവസാനിച്ചിരുന്നു. നായകന് ഡീന്‍ എല്ാഗറിനെ ഒന്നാം ദിനം തന്നെ പുറത്താക്കാനായത് ഇന്ത്യക്കു മുന്‍തൂക്കം നല്കി.