തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത്, സംസ്ഥാനത്ത് കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ നിർദേശം. ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് കണക്കിലെടുത്ത്, ഇവയെ ഒഴിവാക്കിയാണ് നീക്കം. അതേസമയം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല.
ജനുവരിയിൽ കോളേജുകളും എസ് എസ് എൽ സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നൽകണം. ഇവിടെയുള്ളവരെ ഈ മാസം തന്നെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റും. ഈ മാസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും പൂർണമായും ഒഴിപ്പിച്ച് പഠന പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമം. ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകൾ ഈയാഴ്ചയോടെ ഉയരുമെന്ന ആശങ്ക. സാഹചര്യം ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കം.
ആശങ്ക വർധിപ്പിച്ച കഴിഞ്ഞ രണ്ട് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലേക്ക് ഉയർന്നു. 10.49ഉം 10.02ഉം ആണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. ഇത് കൂടുമെന്ന് തന്നെയാണ് സർക്കാർ മുന്നറിയിപ്പ്. ലക്ഷണങ്ങളില്ലാത്തവർക്ക് വീടുകളിൽ തന്നെ തുടരാമെന്നതിനാൽ കാര്യമായ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് സർക്കാർ അനുമാനം. രോഗികളുടെ എണ്ണം കുറയുമ്പോഴും ഐസിയു, വെന്റിലേറ്റർ എന്നിവയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. കഴിഞ്ഞ മാസം 864 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഇപ്പോഴത് 820 ആയി. എന്നാൽ വെന്റിലേറ്ററിൽ കഴിഞ്ഞ മാസം 220 രോഗികളായിരുന്നത് 233 ആയി കൂടി. നിലവിലുള്ള 54 ശതമാനം ഐസിയുവിലും, 14 ശതമാനം വെന്റിലേറ്ററിലുമാണ് രോഗികളുള്ളത്.
English summary
In view of the increase, in Kovid cases, after the local body elections, the government, has directed to find, more first line treatment centers, in the state