തമിഴ്‍നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഒരു സ്ത്രീ ആണിന്റെ വേഷത്തിൽ ജീവിച്ചത് 30 വർഷക്കാലം

0

തമിഴ്‍നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഒരു സ്ത്രീ ആണിന്റെ വേഷത്തിൽ ജീവിച്ചത് 30 വർഷക്കാലം. സ്വന്തം മകളെ പോറ്റി വളർത്താനായിരുന്നു ഈ ജീവിതം അവർ നയിച്ചത്. ആൺതുണയില്ലാതെ ജീവിക്കേണ്ടി വരുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന അനുഭവങ്ങൾ ഒക്കെത്തന്നെയായിരുന്നു അവൾക്കും ഉണ്ടായത്. ഒടുവിൽ തന്റെ അനുഭവം തന്റെ മകൾക്ക് ഉണ്ടാകരുതെന്ന് അവൾ തീർച്ചപ്പെടുത്തി. അങ്ങനെ തൂത്തുക്കുടിയിലെ കടുനായ്ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ മുത്തുവായി മാറി.

ഇരുപതാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. എന്നാൽ, വിവാഹം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷം ഹൃദയാഘാതം മൂലം അവളുടെ ഭർത്താവ് മരണപ്പെട്ടു. അപ്പോൾ അവൾ ഗർഭിണിയായിരുന്നു. മാസങ്ങൾക്ക് ശേഷം അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്റെയും, അവളുടെയും ജീവിതം കണക്കിലെടുത്ത് വീട്ടുകാർ വീണ്ടും ഒരു വിവാഹം കഴിക്കാൻ അവളെ നിർബന്ധിച്ചു. എന്നാൽ, അവൾ അതിന് കൂട്ടാക്കിയില്ല. അവൾ കുഞ്ഞിനെ പോറ്റാനായി ജോലി അന്വേഷിച്ചിറങ്ങി. പലയിടത്തും ജോലി നോക്കിയ അവളെ പലരും ലൈംഗികമായി ദുരുപയോഗം ചെയ്യാനൊരുമ്പെട്ടു.

മകളെ ഒറ്റയ്‌ക്ക് വളർത്തുന്നതിനായി ആ സ്ത്രീ ഒരുപാട് കഷ്ടതകൾ സഹിച്ചു. ഒടുവിൽ മറ്റ് ഗതിയില്ലാതെ, 27 -ാമത്തെ വയസ്സിൽ അവൾ ഒരു ആണായി മാറാൻ തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പായിരുന്നു അത്. അവൾ തന്റെ നീളമുള്ള മുടി മുറിച്ചു, ആണിനെപ്പോലെ തോന്നിപ്പിക്കാൻ ലുങ്കിയും ഷർട്ടും ധരിച്ചു, മുത്തുവായി മാറി. പിന്നീട് ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും, ചായക്കടകളിലും ജോലി ചെയ്തു. ജോലി ചെയ്യുന്നിടത്തെല്ലാം അവളെ ‘അണ്ണാച്ചി’ എന്നാണ് വിളിച്ചിരുന്നത്. പൊറോട്ട അടിക്കാനും, ചായ ഉണ്ടാക്കാനും ഒക്കെ തുടങ്ങിയതോടെ മുത്തു പതുക്കെ മുത്തു മാസ്റ്ററായി.

പൊറോട്ട അടിച്ചും, പെയിന്റ് പണിയ്ക്ക് പോയും, ചായക്കടയിൽ ജോലി ചെയ്തും അവൾ തന്റെ മകളെ വളർത്തി. തന്റെ സമ്പാദ്യത്തിൽ നിന്ന് മിച്ചം പിടിച്ച് മകളുടെ വിവാഹവും നടത്തി. അമ്മ സഹിച്ച ത്യാഗങ്ങൾ എല്ലാം മകൾക്ക് അറിയാമായിരുന്നു. മകളെ വളർത്താൻ വേണ്ടി ഒരു പുരുഷന്റെ വേഷം കെട്ടേണ്ടിവന്നതിൽ തനിക്ക് ഖേദമില്ലെന്ന് അവൾ പറഞ്ഞു. താൻ ഇപ്പോൾ ജീവിക്കുന്ന രീതിയിൽ താൻ സംതൃപ്തയാണെന്നും തന്റെ മരണശേഷവും മുത്തുവായി ഓർമ്മിക്കപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നും അവൾ പറയുന്നു.

മകൾ ഒഴികെ ഗ്രാമത്തിൽ മറ്റാർക്കും മുത്തു യഥാർത്ഥത്തിൽ ഒരു സ്ത്രീയാണെന്ന് അറിയുമായിരുന്നില്ല. ഇത്രയും വർഷം അവൾക്ക് അത് ഒരു രഹസ്യമായി കൊണ്ടുനടക്കാൻ സാധിച്ചു. എന്നാൽ, ഇപ്പോൾ വയസ്സ് 57 ആയി. പഴയപോലെ പണിയ്‌ക്കൊന്നും പോകാൻ സാധിക്കുന്നില്ല.
തമിഴ്‌നാട്ടിലെ വിധവാ പെൻഷന് അപേക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയുന്നില്ല. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് അവളുടെ പക്കലില്ല. കൂടാതെ, മുത്തു എന്ന പേരിലാണ് അവളുടെ ആധാർ കാർഡും, മറ്റെല്ലാ രേഖകളും. ഈ സാഹചര്യത്തിലാണ് വീട്ടുകാർക്ക് മാത്രം അറിയാവുന്ന ഈ സത്യം അവൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ദുരവസ്ഥ മനസ്സിലാക്കി സർക്കാർ സഹായവുമായി മുന്നോട്ട് വരുമെന്ന വിശ്വാസത്തിലാണ് പേച്ചിയമ്മാൾ.

LEAVE A REPLY

Please enter your comment!
Please enter your name here