Thursday, July 29, 2021

ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസുകാർക്കുതന്നെ ഓടി രക്ഷപ്പെടേണ്ട സ്ഥിതിയാണ് തലസ്ഥാനജില്ലയിൽ

Must Read

തിരുവനന്തപുരം : അക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കെത്തുന്ന പോലീസിനു നേരെയുണ്ടാവുന്ന അതിക്രമങ്ങൾ അടുത്ത കാലത്ത് കൂടിവരികയാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസുകാർക്കുതന്നെ ഓടി രക്ഷപ്പെടേണ്ട സ്ഥിതിയാണ് തലസ്ഥാനജില്ലയിൽ പലയിടത്തും ഉണ്ടായത്.

കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകൾക്ക് അടിമകളായ സംഘങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്കു പിന്നിൽ. ലഹരിമൂത്ത് കഴിഞ്ഞാൽ എന്തുംചെയ്യുന്ന സ്ഥിതിയിലാണിവർ. പെട്രോൾ ബോംബുകളും നാടൻ ബോംബുകളുമെല്ലാം പോലീസിനു നേരേ വലിച്ചെറിയാൻ ഇവർക്കു മടിയില്ല. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പോലീസ് സംഘത്തിനു നേരേയാണ് കഴിഞ്ഞ ദിവസം കോട്ടൂരിൽ ആക്രമണമുണ്ടായത്. ലഹരി വിൽപ്പനയ്‌ക്കൊപ്പം മണ്ണുകടത്ത്, വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തൽ, ചാരായം വാറ്റ് തുടങ്ങിയവയ്ക്കെല്ലാം അക്രമിസംഘങ്ങൾ നേതൃത്വം നൽകുന്നു.

കഴിഞ്ഞ മാസമാണ് കഞ്ചാവ് വിൽപ്പനയിലെ തർക്കം കാരണം ചാക്കയിൽ ഒരാൾ കൊല്ലപ്പെട്ടത്. അതേദിവസംതന്നെ ലഹരിക്കടിമയായ ഒരു സംഘം ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ചു. സ്ത്രീകളെ ആക്രമിച്ചത് ചോദ്യംചെയ്തതിനാണ് ഉത്തരേന്ത്യക്കാരായ ജീവനക്കാരെ ഇവർ ആയുധങ്ങളുമായി നേരിട്ടത്.

കോട്ടൂർ വ്ളാവെട്ടിയിൽ ഒരു വർഷം മുമ്പും പോലീസിനു നേരേ ആക്രമണമുണ്ടായി. പുറത്തുനിന്നെത്തി ഒളിവിൽ താമസിക്കുന്ന അക്രമികളടക്കമുള്ള സംഘമായിരുന്നു ഇതിനുപിന്നിൽ. പോലീസ് എത്തിയാൽ കാട്ടിലേക്ക് രക്ഷപ്പെടാം എന്നുള്ളതാണ് ഇവിടെ അക്രമികൾ തമ്പടിക്കാൻ കാരണം. ഏതാനും ദിവസം മുമ്പാണ് നേമത്തുനിന്നും ലോറി തട്ടിയെടുത്ത് കാട്ടാക്കടയിൽ ഉപേക്ഷിച്ചത്. മണ്ണുകടത്ത് സംഘങ്ങൾ തമ്മിലുള്ള ശത്രുതയായിരുന്നു കാരണം.

തിരുവല്ലത്ത് ആറുമാസം മുമ്പ് പോലീസിനെ ആക്രമിച്ച സംഭവം പ്രതികൾതന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മോഷണക്കേസിലെ പ്രതിയുമായി മറ്റ് പ്രതികളെത്തേടിയെത്തിയ പോലീസ് സംഘത്തെ വണ്ടിത്തടം പാപ്പാൻചാണിക്കു സമീപം വച്ചാണ് ആക്രമിച്ചത്. വിലങ്ങിട്ട പ്രതിയെ മോചിപ്പിക്കുകയും പോലീസിന്റെ വയർലസ് സെറ്റ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 14 പേരെ പോലീസ് പിന്നീട് പിടികൂടി.

ഈ മാസം ആറിന് നെടുമങ്ങാട് കരകുളത്തും ഗുണ്ടാസംഘം പോലീസിനെ ആക്രമിച്ചിരുന്നു. നാടൻ ബോംബും വടിവാളുമായി കരകുളത്തെ വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പിടികൂടാനെത്തിയ എസ്.ഐ. ഉൾപ്പെടെയുള്ളവരെയാണ് ഗുണ്ടാസംഘം നേരിട്ടത്. എസ്.ഐ. സുനിൽ ഗോപിക്ക് പരിക്കേറ്റു. ഇവർ നാടൻ ബോംബുകളും പോലീസിനുനേരേ എറിഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ കാട്ടാക്കടയ്ക്കടുത്ത് പന്നിയോട് കഞ്ചാവും ചാരായവുമൊക്കെ വിറ്റിരുന്ന സമൂഹവിരുദ്ധരുടെ ശല്യത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ കൺട്രോൾ റൂം വാഹനത്തിൽപോയ കാട്ടാക്കട പോലീസിനു നേരേയും ആക്രമണമുണ്ടായി.

കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ. നവാസ്, സി.പി.ഒ.മാരായ ടി.ആർ.ബിജു, എം.ശ്രീനാഥ് എന്നിവരെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ജീപ്പും അടിച്ചുതകർത്തു. 15ലധികം പേരാണ് പോലീസിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത്.

നന്ദാവനം എ.ആർ. ക്യാമ്പിലെ പോലീസുകാരനെ കരകുളം ഹൈസ്‌കൂൾ ജങ്ഷനിലെ വീട്ടിൽ കയറി രാത്രി കാൽ അടിച്ചൊടിച്ചതും രണ്ടുമാസം മുമ്പാണ്. നെയ്യാറ്റിൻകര പെരുമ്പഴുതൂരിലും ഏതാനും ആഴ്ചകൾക്കു മുമ്പ് പ്രതികളെ പിടിക്കാനെത്തിയ പോലീസിനെ ആക്രമിച്ചു.

പാറശ്ശാലയ്ക്ക് സമീപം ചിറക്കുളത്തിന് കരയിൽ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സംഘവും പോലീസിനും നാട്ടുകാർക്കും നേരേ ആക്രമണം അഴിച്ചുവിട്ടിരുന്നു. സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം എക്‌സൈസിന് വിവരം കൈമാറിയതെന്ന ധാരണയിൽ അക്രമിസഘം വീട് ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനു നേരേ അസഭ്യവർഷവും കല്ലേറും ഉണ്ടായി.

അക്രമിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ രണ്ടു മാസം മുമ്പ് മുടപുരത്തും മണമ്പൂരിലും കൊലപാതകങ്ങളും നടന്നിരുന്നു. ചിറയിൻകീഴ് സ്വദേശി അജിത്ത്, പെരുംകുളം സ്വദേശി ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News